തിരുവനന്തപുരം:സർക്കാർ ഉത്തരവിറങ്ങി ഏഴ് വർഷം പിന്നിട്ടിട്ടും, സംസ്ഥാന ജീവനക്കാരുടെ
പൊതു സ്ഥലംമാറ്റം പൂർണ്ണമായും ഓൺലൈനാക്കാനുള്ള നടപടി പാതി വഴിയിൽ. .
ശമ്പള സോഫ്റ്റ് വെയറായ സ്പാർക്ക് വഴി പൊതു സ്ഥലംമാറ്റം നടത്താനായിരുന്നു ലക്ഷ്യം.മൃഗസംരക്ഷണം, ഫിഷറീസ്, സിവിൽ സപ്ലൈസ്, ട്രഷറി, വിജിലൻസ് തുടങ്ങിയ വകുപ്പുകൾ പോലും ഓൺലൈൻ സ്ഥലംമാറ്റ സംവിധാനത്തിലേക്ക് പൂർണ്ണമായി മാറിയിട്ടില്ല.
സർക്കാർ സർവ്വീസിൽ അമിതമായ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാനും നിഷ്പക്ഷമായ ഭരണ നിർവ്വഹണം നടപ്പാക്കാനുമാണ് പൊതുസ്ഥലംമാറ്റം ഓൺലൈനാക്കാൻ തീരുമാനിച്ചത്. അതും അട്ടിമറിക്കപ്പെടുന്നുവെന്നാണ് ആക്ഷേപം.59 സർക്കാർ വകുപ്പുകളിൽ 30ൽ താഴെ വകുപ്പുകളിൽ മാത്രമാണ് പേരിനെങ്കിലും ഓൺലൈൻ ട്രാൻസ്ഫറുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത് പൂർണ്ണമായും നടപ്പാക്കാനായില്ല.
ഇനിയും നടപ്പാക്കാത്ത
പ്രധാന വകുപ്പുകൾ:
മൃഗ സംരക്ഷണം,പുരാവസ്തു,കോളേജ് വിദ്യാഭ്യാസം,സിവിൽ സപ്ലൈസ്,സഹകരണ ഓഡിറ്റ്,ഫിഷറീസ്,ഹാർബർ എഞ്ചിനീയറിംഗ്,ജലസേചനം (ഇറിഗേഷൻ),ലോട്ടറീസ്,മൈനിംഗ് ആൻഡ് ജിയോളജി,മ്യൂസിയം ,മൃഗശാല,തുറമുഖം,ജയിൽ,പട്ടികജാതി വികസനം, സർവ്വെ,ലാന്റ് റിക്കോർഡ്സ്,വിനോദ സഞ്ചാരം,ട്രഷറി,വിജിലൻസ് ,ക്ഷീര വികസനം,എക്‌സൈസ്,
ഓൺലൈൻ സ്ഥലം
മാറ്റം സുതാര്യം
സ്ഥലംമാറ്റവും നിയമനവും ഓൺലൈനിൽ നടത്തുന്നതിന് വകുപ്പു മേധാവികൾ ജീവനക്കാരുടെ ഇലക്ട്രോണിക് ഡേറ്റ ബേസ് സൂക്ഷിക്കണം. പൊതു സ്ഥലംമാറ്റത്തിനായി എല്ലാ വർഷവും മുൻഗണനാ പട്ടിക തയാറാക്കും. അടുത്ത പൊതു സ്ഥലംമാറ്റത്തിനുള്ള പട്ടിക വരുന്നതു വരെ സ്ഥലംമാറ്റം ക്യൂ സമ്പ്രദായം പാലിച്ച് ഈ പട്ടികയിൽ നിന്ന് നടത്തും.ഓപ്ഷൻ അടിസ്ഥാനമാക്കിയാവും സ്ഥലംമാറ്റം. ഓരോ വ്യക്തിക്കും മൂന്ന് ഓപ്ഷൻ സമർപ്പിക്കാം. ഒരു ജില്ലയിലെ 15 കിലോമീറ്റർ ചുറ്റളവിനുള്ളിലെ സർവീസ് ഒരു സ്റ്റേഷനിലെ സർവീസായി കണക്കാക്കും.ലാസ്റ്റ് ഗ്രേഡിൽ പൊതുമാറ്റമില്ല.ജീവനക്കാരുടെ നിയമനവും പൊതു സ്ഥലംമാറ്റവും ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണമെന്ന് വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |