കൊച്ചി: ജയിൽപ്പുള്ളികൾക്കല്ല, കുട്ടികൾക്കാണ് മികച്ച ഭക്ഷണം നൽകേണ്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ 28 സ്‌കൂളുകളിലെ 7,081 കുട്ടികൾക്കായി ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിയായ 'സുഭിക്ഷം തൃക്കാക്കര" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളിൽ നൽകുന്നതിനേക്കാൾ മികച്ച ഭക്ഷണമാണ് തടവുകാർ കഴിക്കുന്നത്. കുറ്റം ചെയ്യാത്തവരെ സംരക്ഷിക്കാൻ സർക്കാർ മുൻഗണ നൽകണമെന്നും കുഞ്ചാക്കോ ബോബൻ ആവശ്യപ്പെട്ടു.
പി.ടി. തോമസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബി.പി.സി.എല്ലിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപ ചെലവിൽ 165 അദ്ധ്യയനദിവസമാണ് പദ്ധതി നടപ്പാക്കുന്നത്. കളക്ടർ എൻ.എസ്.കെ. ഉമേഷ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, ബി.പി.സി.എൽ എക്സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ, മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഡിവിഷൻ കൗൺസിലർ പയസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
• ചാക്കോച്ചനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് മന്ത്രി
സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്ത് തനിക്കൊപ്പവും സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവം ക്ഷണിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്കും സന്തോഷമാവും. കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |