കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണിത്. കുറ്റപത്രത്തിലെ പ്രധാന പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
നവീൻ ബാബുവിനെതിരെ പ്രതിഭാഗം ഉയർത്തിയ വ്യാജ കൈക്കൂലി കേസിൽ അന്വേഷണം നടന്നില്ല എന്നത് പ്രധാന പിഴവായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യപ്രേരണാ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പരിഗണിച്ചപ്പോഴാണ് ഹർജി സമർപ്പിച്ചത്.
പ്രശാന്തനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിൽ വ്യാജകേസ് നിർമ്മിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന്
ഹർജിയിൽ ആരോപിക്കുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. പെട്രോൾ പമ്പിനുള്ള എൻ.ഒ.സി. വച്ചുതാമസിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. എന്നാൽ, ഇത് പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.
വീഡിയോ എഡിറ്റ് ചെയ്തത്
പ്രശാന്തൻ നവീൻ ബാബുവിന്റെ വീടിനടുത്ത് ഉണ്ടായിരുന്നതായി കാണിക്കുന്ന വീഡിയോകൾ എഡിറ്റ് ചെയ്തതാണെന്നും ഹർജിയിൽ
പ്രശാന്തൻ 2024 ഒക്ടോബർ 12ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയെന്ന് പറയുന്ന പരാതി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല
2024 ഒക്ടോബർ 14ന് പ്രശാന്തൻ വിജിലൻസ് ഓഫീസിൽ 8 മിനിറ്റ് 33 സെക്കൻഡ് ചെലവഴിച്ചെങ്കിലും പരാതി നൽകിയതായി തെളിവില്ല. ഇതുസംബന്ധിച്ച് മൊഴി എടുത്തില്ല
പ്രതി പി.പി.ദിവ്യയും ജില്ലാകളക്ടർ അരുൺ കെ.വിജയനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഒക്ടോബർ 14, 15 തീയതികളിലേത് മാത്രം ഉൾപ്പെടുത്തിയത് പ്രതിയെ സഹായിക്കാനാണെന്ന് സംശയം
ബിനാമി ഇടപാട്
അന്വേഷിച്ചില്ല
ഹോസ്പിറ്റൽ ജീവനക്കാരനായ പ്രശാന്തന് പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ല. പ്രതി ദിവ്യയുടെ ബിനാമിയാകാം എന്ന സംശയം അന്വേഷിച്ചില്ലെന്നും ഹർജിയിലുണ്ട്. പ്രധാന സാക്ഷികളുടെയും പ്രതിയുടെയും സി.ഡി.ആർ അന്വേഷണ സംഘം ശേഖരിച്ചില്ല. ജില്ലാ കളക്ടറുടെ പ്രസ്താവനയിൽ മന്ത്രി കെ. രാജനോട് കുറ്റസമ്മതത്തെക്കുറിച്ച് സംസാരിച്ചതായി പറയുന്നുണ്ടെങ്കിലും മന്ത്രി ഇത് മാദ്ധ്യമങ്ങളിൽ നിഷേധിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല.
'ആരോപണങ്ങൾ അന്വേഷിച്ചില്ല'
എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ തുടക്കംമുതൽ കുടുംബത്തിന്റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെയാണ് അന്വേഷണം മുന്നോട്ടു പോയതെന്ന് സഹോദരൻ പ്രവീൺ ബാബു ആരോപിച്ചു. പെട്രോൾപമ്പ് അനുവദിക്കുന്നതിന് കോഴ നൽകിയെന്ന് പരാതിപ്പെട്ട പ്രശാന്തനെതിരെയുള്ള ആരോപണങ്ങളും അന്വേഷിച്ചിട്ടില്ല. കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. കളക്ടറുടെയും പ്രശാന്തന്റെയും ഫോണുകൾ പരിശോധിച്ചിട്ടില്ല. നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ താൻ കൈക്കൂലി നൽകിയെന്നാണ് പ്രശാന്തൻ പറയുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |