അതിഥികൾ തങ്ങാനെത്തുന്നത് രാജ്ഭവനുകളിൽ സർവസാധാരണം; കേരള രാജ്ഭവനിലും. എല്ലാ രാജ്ഭവനുകളിലും ചില മുറികൾ അതിഥികൾക്കായി ഒരുക്കി ഒഴിച്ചിട്ടിട്ടുണ്ട്. അതിഥികൾ ഭരണാധികാരികളോ സാംസ്‌കാരിക നായകന്മാരോ കലാപ്രതിഭകളോ ഒക്കെയാവാം. രാഷ്ട്രീയ നേതാക്കൾ, എത്ര ഉന്നതരായാലും രാജ്ഭവനിൽ വന്ന് താങ്ങാറില്ല. അല്ലെങ്കിൽ അവർ മന്ത്രിമാരായിരിക്കണം. എന്നാൽ സന്യാസിശ്രേഷ്ഠരും മതമേലദ്ധ്യക്ഷന്മാരും ആത്മീയാചാര്യന്മാരും വല്ലപ്പോഴും വരാറുണ്ട്. രാജ്ഭവനിൽ താമസ സൗകര്യം അനുവദിക്കുക എന്നത് ഗവർണറുടെ മാത്രം വിവേചനാധികാരമാണ്.
ഇതര രാജ്ഭവനുകളുമായി താരതമ്യം ചെയ്താൽ നമ്മുടെ രാജ്ഭവൻ അത്ര വലിപ്പമുള്ളതല്ല. അതിഥികൾക്കുള്ള സൗകര്യങ്ങളും കുറവാണ്. എന്നിരുന്നാലും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ അതിവിശിഷ്ടാതിഥികൾ കേരളസന്ദർശനത്തിന് എത്തുമ്പോൾ രാജ് ഭവനിലാവും തങ്ങുക. അന്യ സംസ്ഥാനങ്ങളിലെ ഗവർണർമാരും വന്ന് തങ്ങുന്നത് പതിവാണ്. കഴിഞ്ഞയാഴ്ച കേരള രാജ്ഭവനിൽ അതിഥിയായി എത്തിയ അന്യസംസ്ഥാന ഗവർണർക്ക് സവിശേഷതകൾ ഏറെയുണ്ട്. അദ്ദേഹം മുൻ കേരള ഗവർണർ ആണ്. മുൻ കേരള ഗവർണർമാർ വീണ്ടും പഴയ ആസ്ഥാനത്തെത്തുക അത്യപൂർവം. എട്ട് മാസം മുമ്പുവരെ കേരളത്തിൽ നിറഞ്ഞുനിന്നിരുന്ന സാക്ഷാൽ ആരിഫ് മുഹമ്മദ് ഖാൻ ആയിരുന്നു ആ വിശിഷ്ടാതിഥി!
അദ്ദേഹം ഇപ്പോൾ ബീഹാർ ഗവർണറാണ്. ആതിഥേയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ആവട്ടെ, മുൻ ബീഹാർ ഗവർണറും. ഇരുവർക്കും സമാനതകൾ പലതുണ്ട്. സർവകലാശാലകളുടെ രാഷ്ട്രീയവത്കരണത്തോട് ആരിഫ്ജിയെപ്പോലെ ആർലേക്കർജിയും വിട്ടുവീഴ്ചയ്ക്കില്ല. ദേശീയ താത്പര്യത്തിനാണ് രണ്ടുപേരും മുൻതൂക്കം നൽകുന്നത്. അടിയന്തരാവസ്ഥക്കാലത്ത് വിഭിന്ന സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളായിരുന്ന ആരിഫ്ജിയും ആർലേക്കർജിയും ജയിലിലടയ്ക്കപ്പെട്ടു. സാധാരണക്കാരുമായി, അവരിൽ ഒരാളെന്ന പോലെ അടുത്തിടപഴകുന്നതിൽ രണ്ടുപേരും അതീവ തത്പരർ. ഭാരതീയ വിജ്ഞാനത്തിലും ചിന്തയിലും താത്‌പര്യം. ആത്മീയാന്വേഷകരാണ് രണ്ടാളും. ചുരുക്കത്തിൽ ഇരുവരും ഒരേതൂവൽപ്പക്ഷികൾ!
കൗതുകകരമായിരുന്നു കേരള രാജ്ഭവനിലെ ആരിഫ്- ആർലേക്കർ കൂടിക്കാഴ്ച. രാജ്ഭവനിൽ എത്തിയ ആരിഫ്ജിയെ സ്വീകരിക്കാൻ ആർലേക്കർ കോണിയിറങ്ങി രാജ് ഭവന്റെ പൂമുഖത്തു വന്ന് കാത്തുനിന്നു. ഒപ്പം രാജ്ഭവനിലെ ഉദ്യോഗസ്ഥരും. രാഷ്ട്രപതിയേയോ ഉപരാഷ്ട്രപതിയേയോ പ്രധാനമന്ത്രിയേയോ അല്ലാതെ ആരെയും സ്വീകരിക്കാൻ ഗവർണർ ഇങ്ങനെ താഴെയിറങ്ങി വരാറില്ല. രണ്ടു രാത്രിയും ഒരു പകലും ആരിഫ്ജി രാജ്ഭവനിലെ 'അനന്തപുരി" എന്ന 'വി.ഐ.പി സ്വീറ്റി"ൽ ചെലവഴിച്ചു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ചില പരിപാടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാലാണ് കേരളം വിട്ട് എട്ടു മാസങ്ങൾക്കു ശേഷം അദ്ദേഹം ഇവിടെ മടങ്ങിയെത്തിയത്. തിരുവനന്തപുരത്തു മാത്രമല്ല, എറണാകുളത്തും തൃശൂരിലും ബീഹാർ ഗവർണർക്ക് പൊതു പരിപാടികൾ ഉണ്ടായിരുന്നു.
സംഭാഷണവേളയിൽ ബീഹാറിലെ കാര്യങ്ങൾ ആരിഫ്ജി അർലേക്കർജിയോട് വിശദീകരിച്ചു. കേരളത്തിലെ സംഭവ വികാസങ്ങൾ ആരിഫ്ജിയും അർലേക്കർജിയിൽ നിന്ന് ചോദിച്ചറിഞ്ഞു. അവർ ഒന്നിച്ചാണ് അടുത്ത ദിവസം പ്രാതൽ കഴിച്ചത്. രാജ്ഭവനിലെ കുശിനിക്കാർക്ക് ആരിഫ്ജിയുടെ ഇഷ്ടവിഭവങ്ങൾ പറഞ്ഞുകൊടുക്കേണ്ടതില്ല. അവ തയ്യാറാക്കി അവർ വിളമ്പിയത് രണ്ട് ഗവർണർമാർ ഒന്നിച്ചാസ്വദിച്ചു. അതിനിടയിൽ സ്വാഭാവികമായ ചൂടുള്ള ചർച്ചയും.
കേളത്തിലെത്തിയ ആരിഫ്ജിക്കെതിരെ പ്രതിഷേധ പ്രകടനമൊന്നും ഒരിടത്തും ഉണ്ടായില്ല. സംഘർഷഭരിതമായ പഴയ നാളുകൾ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയിട്ടുണ്ടാവും. എത്രയെത്ര പ്രതിഷേധ പ്രകടനങ്ങൾക്ക്, എത്രയേറെ പ്രകോപനങ്ങൾക്ക് കേരളം ആരിഫ് ഖാൻ യുഗത്തിൽ സാക്ഷ്യം വഹിച്ചു. സർവകലാശാലാ വേദിയിൽ കടന്നു കയറി, ചാൻസലർ കൂടിയായ ഗവർണറുടെ പ്രസംഗം തടസപ്പെടുത്തുക, ഗവർണർ എത്തുന്നിടത്തെല്ലാം അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുക, അദ്ദേഹത്തിന് മാർഗതടസം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങി അഭൂതപൂർവമായ സമര പരമ്പരയാണ് കേരളത്തിൽ അക്കാലത്ത് അരങ്ങേറിയത്.
അവയെയൊക്കെ അക്ഷരാർത്ഥത്തിൽ നേരിടുകയാണ് ആരിഫ്ജി ചെയ്തത്. അത്തരം പ്രതികരണം ഒരു ഭരണത്തലവനിൽ നിന്നുണ്ടാവുന്നതും ചരിത്രത്തിൽ ആദ്യം. അടുത്ത നിമിഷത്തിൽ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവാത്ത അത്തരം മുഹൂർത്തങ്ങളിലൊക്കെ ഈയുള്ളവൻ നിഴൽ പോലെ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അസുലഭമായ ആ അനുഭവം ഇനി ആർക്കും ഉണ്ടാവുമെന്നും തോന്നുന്നില്ല. വാർത്താ ചാനലുകൾ ആ മുഹൂർത്തങ്ങൾ ശരിക്കും മുതലാക്കി ആഘോഷിച്ചു. ചാനലുകളുടെ 'റേറ്റിംഗ്" ആ വേളകളിൽ സ്വാഭാവികമായും കുതിച്ചുയർന്നു. അങ്ങനെ ആരിഫ് മുഹമ്മദ് ഖാൻ 'മീഡിയ ഡാർലിംഗ്" ആയി മാറി, കേരളത്തിൽ.
രാജ്ഭവൻ ലോക് ഭവൻ ആയി മാറുകയാണ്, സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലത്ത്. കേരള രാജ്ഭവനിൽ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച ജനകീയ പ്രക്രിയ രാജേന്ദ്ര ആർലേക്കർ ആർജ്ജവത്തോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ വിമർശനത്തെ അവഗണിച്ചുകൊണ്ട് സാമാന്യ ജനങ്ങളും രാജ്ഭവനും തമ്മിലുള്ള അകലം കുറയ്ക്കാൻ വേണ്ടിക്കൂടിയാണ് രാജ്ഭവനുള്ളിൽ പ്രതിമാസ പൊതു പരിപാടികൾ പോലും ഗവർണർ മുൻകൈയെടുത്ത് ഇപ്പോൾ സംഘടിപ്പിക്കുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് രാജ്ഭവൻ അടുത്ത കാലം വരെ 'ബാലികേറാമല" ആയിരുന്നു. രാജ്ഭവനിൽ അവർക്ക് പ്രവേശനം അനുവദിച്ചിരുന്നത് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നടക്കുന്ന 'അറ്റ് ഹോം" എന്ന ചായസത്കാരത്തിലും മന്ത്രിമാരുടെ സത്യപ്രതിഞ്ജാവേളകളിലും മാത്രമായിരുന്ന കാലം കടന്നുപോയി.
ഇപ്പോൾ രാജ്ഭവനിൽ ഗവർണർ മാദ്ധ്യമങ്ങൾക്ക് അഭിമുഖം അനുവദിക്കുന്നു. നിലപാട് വിശദീകരിക്കാൻ വാർത്താസമ്മേളനം വിളിച്ചുകൂട്ടാൻ വരെ ഗവർണർമാർ നിർബന്ധിതരാവുന്നു. മാദ്ധ്യമങ്ങളും രാജ്ഭവനും തമ്മിൽ പാലിക്കപ്പെട്ടിരുന്ന അകലം ഇല്ലാതായി. രാജ്ഭവൻ ഇന്നൊരു 'ഹാപ്പനിംഗ് സെന്റർ" ആണ്. അതുകൊണ്ടുതന്നെ വാർത്തകളുടെ ഒരുറവയോ ഉത്ഭവകേന്ദ്രമോ ആയി രാജ്ഭവൻ മാറിയിട്ടുണ്ട്, മാദ്ധ്യമങ്ങൾക്ക്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഈ പ്രവണത ആരോഗ്യകരമോ അല്ലയോ എന്ന തർക്കത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ഇതര സ്ഥാപനങ്ങളെക്കുറിച്ച് എന്നതിലേറെ, ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ ചുറ്റിപ്പറ്റിയുള്ള വാർത്താ നിർമ്മിതി ഏതു സാഹചര്യത്തിലായാലും അനാരോഗ്യകരവും അതിലേറെ അപലപനീയവുമാണ്. 'വിമർശനം സ്വതന്ത്രം, വസ്തുതകൾ പവിത്രം" എന്ന, മാദ്ധ്യമ പ്രവർത്തകർക്ക് പ്രാതസ്മരണീയമായ, പണ്ടുകാലത്തെ 'ഗാർഡിയൻ" പത്രാധിപർ സി. പി. സ്‌ക്കോട്ടിന്റെ ആ ആപ്തവാക്യം ഇവിടെ ഓർമ്മിപ്പിച്ചുകൊള്ളട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |