ആനമുടിയുടെ മടിത്തട്ടിലെ മനോഹര താഴ്വാരമായിരുന്നു അഞ്ചുവർഷം മുമ്പുവരെ പെട്ടിമുടി. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം തകർന്നടിഞ്ഞത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് ഇടിത്തീ പോലെയാണ് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. കുത്തിയൊഴുകിയെത്തിയ മണ്ണിലും ചെളിയിലുംപെട്ട അവരുടെ വിലാപം ആരും കേട്ടില്ല. പിഞ്ചു കുട്ടികളും ഗർഭിണികളുമടക്കമുള്ള സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. കേരളത്തെ നടുക്കിയ ദുരന്തമുണ്ടായിട്ട് കഴിഞ്ഞ ആറിന് അഞ്ചുവർഷം തികഞ്ഞു.
പുറംലോകമറിയാൻ വൈകി
2020 ആഗസ്റ്റ് ആറിന് രാത്രിയിൽ നല്ല മഴയും തണുപ്പുമായതിനാൽ പെട്ടിമുടി ലയത്തിലുള്ളവർ രാത്രി ആഹാരം കഴിച്ചതിന് ശേഷം നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. രാത്രി വലിയൊരു മുഴക്കത്തോടെ ഉരുൾ അവരുടെ ജീവിതങ്ങൾക്ക് മുകളിലേക്ക് പാഞ്ഞെത്തി. പക്ഷേ, ഈ വിവരം പുറംലോകമറിയാൻ ഒമ്പത് മണിക്കൂർ വേണ്ടിവന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേയ്ക്കും പിന്നെയും രണ്ട് മണിക്കൂർ പിന്നിട്ടു. വ്യാഴാഴ്ച രാത്രി 10.45 ന് നടന്ന അപകടം അധികൃതർ അറിയുന്നത് പിറ്റേന്ന് രാവിലെ എട്ടു മണിക്കാണ്. രക്ഷാപ്രവർത്തനം വൈകാനും ഇത് കാരണമായി. പൊലീസ്, റവന്യൂ അധികൃതർ അവിടെ എത്തുമ്പോഴേക്കും സമയം പത്ത് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മഴ തുടരുന്നതിനാൽ പെട്ടിമുടി ഉൾപ്പെടുന്ന രാജമല മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഫോൺ അടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും അതിനാൽ തടസപ്പെട്ട നിലയിലായിരുന്നു. ടാറ്റായുടെ കീഴിലുള്ള കെ.ഡി.എച്ച്.പി കമ്പനിയുടെ ഫീൽഡ് ഓഫീസർ പതിവ് സന്ദർശനത്തിനിറങ്ങിയപ്പോഴാണ് പെട്ടിമല ദുരന്തഭൂമിയായി മാറിയത് കണ്ടത്. ഉടൻ തന്നെ മൂന്നാറിലെത്തി പൊലീസ് സ്റ്റേഷനിലും കമ്പനി അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് പൊലീസും വനംവകുപ്പ് ജീവനക്കാരും ദുർഘടമായ പാതയിലൂടെ അവിടെയെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു.
ആദ്യ കരങ്ങൾ തൊഴിലാളികളുടേത്
പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം സഹായത്തിന്റെ കരങ്ങളുമായി എത്തിയത് അര കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ തൊഴിലാളികളാണ്. വൻ ശബ്ദം കേട്ടാണ് ഇവർ ഓടിയെത്തുന്നത്. പുതഞ്ഞു പോകുന്ന മണ്ണിലേക്ക് ആദ്യമിറങ്ങാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. വെളിച്ചം വീണശേഷം രാവിലെ ആറ് മണിയോടെയാണ് ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞത്. പാതി ശരീരം മണ്ണിനടിയിലായിപ്പോയ രണ്ടുപേരെ രക്ഷിച്ചെടുത്തതും ഇവരായിരുന്നു. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. ആദ്യം ദുരന്തത്തിൽ അകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമായി. അവസാന ദിനങ്ങളിൽ ഏറ്റവും ദുർഘടമായ പെട്ടിമുടി പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. പുഴയിലൂടെ ഒഴുകി പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ നിന്ന് വരെ കണ്ടെത്തി. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്. കണ്ടെത്താനാകാത്ത നാലുപേരും മരിച്ചതായി സർക്കാർ ഉത്തരവിറക്കി. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറി. 85 കുടുംബങ്ങൾ താമസമുണ്ടായിരുന്ന ഡിവിഷനിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് അധിവസിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിൽ സർക്കാർ നൽകിയ ഭൂമിയിൽ ടാറ്റ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.
മറക്കാനാകില്ല ഈ മിണ്ടാപ്രാണികളെ
മനുഷ്യനും വളർത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും അവിസ്മരണീയമായ മുഹൂർത്തങ്ങൾക്കും പെട്ടിമുടി സാക്ഷിയായി. അതിൽ എടുത്ത് പറയേണ്ടത് കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയെക്കുറിച്ചാണ്. പിന്നീട് ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതോടെ കുവി താരമായി. കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുള്ള ലില്ലി മണ്ണിനടിയിൽ നിന്ന് 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയുടെ സേവനവും വലുതായിരുന്നു.
കേന്ദ്രത്തിന്റെ നീതി നിഷേധം
ദുരന്തമുണ്ടായി അഞ്ച് വർഷമായിട്ടും ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള കേന്ദ്ര സഹായമായ രണ്ടുലക്ഷം രൂപ ലഭിച്ചിട്ടില്ല. മരിച്ചവരുടെ ആധാർ നമ്പറും കുടുംബ വിവരങ്ങളും അധികൃതർ നൽകാത്തതാണ് തുക ലഭിക്കാത്തതിന് കാരണം.
ജില്ലാ ഭരണകൂടം പത്തിലധികം തവണ ദേവികുളം താലൂക്ക് ഓഫിസിലേക്ക് കത്തയച്ചിട്ടും വിവരങ്ങൾ ലഭ്യമാക്കിയില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം ലഭിക്കാൻ മരിച്ചവരുടെ ആധാർ നമ്പർ സഹിതം അപേക്ഷ നൽകണം. ഈ വിവരങ്ങൾ നൽകാൻ കഴിയുന്ന ബന്ധുക്കളെ കണ്ടെത്താത്തതാണു പ്രധാന പ്രശ്നമായി ദുരന്തനിവാരണ ഓഫിസ് പറയുന്നത്. മരിച്ചുപോയവരുടെ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ആധാർ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ എന്നും ഇക്കാരണത്താൽ ആധാർ വിവരങ്ങൾ ശേഖരിക്കാനുള്ള വഴി അടഞ്ഞെന്നുമാണ് അധികൃതർ പറയുന്നത്. ബന്ധുക്കൾ തമിഴ്നാട്ടിലും മറ്റുമായതിനാൽ രേഖകൾ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് വിശദീകരണം. നിലവിൽ ആശ്രിതർ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകൾ തെറ്റായതാണ് സഹായധനം വൈകാൻ കാരണമെന്നും ദേവികുളം താലൂക്ക് ഓഫീസ് പറയുന്നു. എന്നാൽ, നഷ്ടപരിഹാരത്തിനായി പലതവണ അപേക്ഷ നൽകിയിട്ടും ഇതുവരെയും ആരും അനുകൂലമായ തീരുമാനമെടുത്തില്ലെന്ന് ആശ്രിതർ പറയുന്നു. കഴിഞ്ഞ തവണയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |