രാമായണത്തിൽ ആഞ്ജനേയൻ, ശബരി, ഗുഹൻ എന്നിവരെല്ലാം ഭക്തിയിലൂടെ ജീവിതസിദ്ധി കൈവരിച്ചവരാണ്. മറ്റു കഥാപാത്രങ്ങളുടെ ജീവിതവിജയത്തിലും നിസ്തുലമായ ഭക്തിയും നിർമ്മലമായ ഹൃദയവും കർമ്മനിരതയും പരസ്പര പൂരകങ്ങളാണെന്ന് നമ്മെ ഓർമ്മിപ്പിയ്ക്കുന്നു. നിർമ്മലമായ മനസാണ് അനഘമായ ഭക്തിയുടെ ഇരിപ്പിടം. അനഘമായ ഭക്തി ആചരിക്കുന്നയാൾ അത് തടസങ്ങളില്ലാതെ സൂക്ഷിക്കാൻ സദാ ശ്രദ്ധാലുവായിരിക്കും. രാമായണത്തിൽ പല കഥാസന്ദർഭങ്ങളിലും കഥാപാത്രങ്ങളിലും ഇത് വ്യക്തമാണ്. ഭക്തിയെന്നത് പ്രകടനപരതയല്ല; ആത്മസാക്ഷാത്കാരത്തിന്റെ സൗമ്യമായ സമർപ്പണനിരതയാണ്.
വനവാസവേളയിൽ വനത്തിലൂടെ നടക്കവേ രാമലക്ഷ്മണന്മാർ ഒരു തടാക തീരത്തെത്തി. സ്നാനാദികർമ്മങ്ങൾക്കുള്ള ഒരുക്കത്തിനിടെ വസ്ത്രങ്ങൾ തൂക്കിയിടുന്നതിനായി ശ്രീരാമൻ ഒരു അമ്പെയ്തു. നിർഭാഗ്യമെന്നു പറയട്ടെ, അതുചെന്നു തറച്ചത് എല്ലാ ചിന്തകളും ഉപേക്ഷിച്ച് രാമനാമം ജപിച്ചുകൊണ്ടിരുന്ന ഒരു തവളയുടെ പുറത്താണ്! സ്നാനമെല്ലാം കഴിഞ്ഞ് കരയിൽ മടങ്ങിയെത്തിയപ്പോഴാണ് രാമൻ ഇതറിയുന്നത്. തവളയ്ക്ക് മുറിവേറ്റതിൽ ദേവന് വല്ലാത്ത ഹൃദയവ്യഥയുണ്ടായി. അദ്ദേഹം വിനയത്തോടെ തവളയോട് മാപ്പപേക്ഷിച്ചു. തുടർന്ന് ചോദിച്ചു: 'ഒന്ന് കരഞ്ഞിട്ടെങ്കിലും ഈ സങ്കടകരമായ അവസ്ഥ എന്നെ ധരിപ്പിക്കാതിരുന്നതെന്ത്? അതുചെയ്തിരുന്നെങ്കിൽ അപ്പോൾത്തന്നെ അമ്പ് വലിച്ചൂരി ഞാൻ രക്ഷപ്പെടുത്തുമായിരുന്നില്ലേ?"
ഇതുകേട്ട തവള ഭക്തിയോടെ പറഞ്ഞു: 'പ്രഭോ,രാമനാമ ജപത്തിൽ മുഴുകിയിരുന്ന എനിക്ക് അതിന് അല്പനേരം പോലും മുടക്കം വരരുത് എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കരയാതെ ഞാൻ നിശബ്ദമായിരുന്നത്!" തവളയുടെ നിസ്തുലമായ ഭക്തിയും ആ മറുപടിയും അദ്ദേഹത്തെ വിസ്മയിപ്പിച്ചു. അപ്പോഴും തവള ശ്രീരാമ മന്ത്രോച്ചാരണത്തിൽ മുഴുകിക്കൊണ്ടേയിരുന്നു. ശ്രീരാമചന്ദ്രനാകട്ടെ, സ്‌നേഹാതിരേകത്താൽ അപ്പോൾത്തന്നെ തവളയ്ക്ക് മോക്ഷംനല്കി അനുഗ്രഹിച്ചു!
രാവിനെ മായ്ക്കുന്ന രാമായണം ഏതർത്ഥത്തിലും ആത്മപരിശോധനാപരമാണ്. സ്വയംകൃതമായ നന്മതിന്മകളുടെ, ഗുണാഗുണ വിശേഷങ്ങളുടെ, വൈകാരിക വിവേചന സംഘർഷങ്ങളുടെ, സമരസപ്പെടലുകളുടെ ചോദനയാണ് അത് സംഭാവന ചെയ്യുന്നത്. എഴുത്തച്ഛനിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടിട്ടുള്ള അദ്ധ്യാത്മരാമായണം അതിമോഹനവും മനുഷ്യകഥാനുഗായിയുമാണ്. ഈ രാമകഥ ലോകത്തിന്റെ തന്നെ തനതായ ചിത്രമാണ് അനാവരണം ചെയ്യുന്നത്. അദ്ധ്യാത്മ പ്രദീപകമായ അദ്ധ്യാത്മരാമായണം അദ്ധ്യയനം ചെയ്യുന്തോറും മനുഷ്യർക്ക് ഇപ്പോഴുള്ള ജന്മം കൊണ്ടുതന്നെ മുക്തി നേടാമെന്നത് രാമായണ കർത്താവുതന്നെ ഉദ്‌ബോധിപ്പിക്കുന്നു.
ആത്മീയതയെ ശ്രദ്ധായുക്തരായും ഭൗതികമുക്തരായും ഭക്തിനിലീനരായും പുൽകുക എന്നത് സുകൃതികൾക്കേ കഴിയൂ. ഭ്രാന്തമായ ഭൗതികതയുടെ വിലക്ഷണതയിൽ മുങ്ങിത്താഴുന്ന മനുഷ്യന് ജീവിതത്തിന്റെ സുകൃതമറിയുവാനും യുക്തിഭദ്രമായ സത്യാന്വേഷണം നടത്തുവാനും രാമായണം നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. രാമായണത്തിലുള്ള ആത്മ നവീകരണപരമായ ആദർശപരത നമ്മെ പാപമേശാത്ത യാഥാർത്ഥ ജീവിതത്തിലേക്കും അനഘ ചൈതന്യത്തിലേക്കും ആനയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |