കൊച്ചി: തൃശൂർ ജില്ലയിലെ എടക്കഴിയൂർ മുതൽ എറണാകുളം ജില്ലയിലെ പുതുവൈപ്പ് വരെ തീരത്തോട് ചേർന്ന് സമുദ്രത്തിലുണ്ടായ നിറവ്യത്യാസത്തിന് കാരണം കണ്ടെത്തി. 'നോക്ടിലുക്ക എന്ന സൂക്ഷ്മജീവയാണ് നിറവ്യത്യാസത്തിന് പിന്നിലെന്ന് കേരള മത്സ്യ,സമുദ്രപഠന സർവകലാശാല (കുഫോസ്) വ്യക്തമാക്കി. റെഡ് ടൈഡ് എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രതിഭാസമാണിതെന്ന് കുഫോസ് അറിയിച്ചു. പുതുവൈപ്പ് തീരത്ത് തിരമാലകൾ ചുവപ്പ് നിറത്തിൽ കാണപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയ സാഹചര്യത്തിലാണ് നിറവ്യത്യാസത്തെ പറ്റി കുഫോസ് വിശദീകരണം നൽകിയത്.
കുഫോസിന്റെ ശാസ്ത്രജ്ഞർ സമുദ്രജല സാമ്പിൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ദിനോഫ്ളാഗലേറ്റ് വിഭാഗത്തിൽപ്പെട്ട നോക്ടിലുക്ക സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നോക്ടിലുക്ക സാധാരണയായി സമുദ്ര ജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവിയാണെന്നും ചില സാഹചര്യങ്ങളിൽ അതിന്റെ എണ്ണം വർദ്ധിക്കുന്നത് കടൽ ചുവപ്പായി തോന്നാൻ കാരണമാകാറുണ്ടെന്നും കുഫോസ് വ്യക്തമാക്കി, കൂടുതൽ വിവരങ്ങൾക്കായി കേന്ദ്ര ഏജൻസിയായ ഇൻകോയിസുമായി ബന്ധപ്പെട്ടെങ്കിലും മേഘാവൃത കാലാവസ്ഥയായതിനാൽ ഉപഗ്രഹ സഹായത്തോടെ വിവരശേഖരണം സാദ്ധ്യമായില്ല. ഇത്തരം സൂക്ഷ്മജീവികൾ തീരത്തോട് ചേർന്ന് വർദ്ധിക്കാനിടയായ പരിസ്ഥിതി ഘടകങ്ങളെക്കുറിച്ച് പഠനം തുടരുമെന്ന് കുഫോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |