സഹായം ഒരുവനെ അലസനും ദുർബലനുമാക്കുമെന്ന് സായിപ്പിന്റെ ഒരു സത്യവചനമുണ്ട്. സ്വന്തമായി പ്രയത്നിക്കാനും പ്രതിസന്ധികളെ സ്വയം അതിജീവിക്കാനുമുള്ള ഒരുവന്റെ ശേഷിയും ആത്മവിശ്വാസവും ഇത്തരം പരസഹായങ്ങൾ ഇല്ലാതാക്കിക്കളയും എന്നതാണ് ഈ പറച്ചിലിന്റെ അടിസ്ഥാനം. കേരളത്തിലെ ആദിവാസികളുടെ കാര്യത്തിൽ ഇത്രനാളും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരുന്നത്! ആദിവാസി ക്ഷേമ പദ്ധതികൾക്ക് ചെലവഴിച്ചിട്ടുള്ളത്ര ശതകോടികൾ സംസ്ഥാനത്ത് മറ്റൊരു പദ്ധതിക്കായും ഒഴുക്കിയിട്ടുണ്ടാവില്ല. അങ്ങനെ ചെലവിട്ട പണം ഓരോ ആദിവാസിക്കായും വീതംവച്ച് ബാങ്ക് അക്കൗണ്ടിൽ നല്കിയിരുന്നെങ്കിൽ അവർ ലക്ഷാധിപതികളായേനെ!
അതായത്, ആദിവാസികളെ അവരുടെ സ്വാഭാവിക ആവാസമേഖലയിൽ പരമ്പരാഗത തൊഴിലുകൾ തുടരാൻ അനുവദിച്ച്, അവരുടെ ഉത്പന്നങ്ങൾക്ക് വിപണന സൗകര്യവും നിക്ഷേപ നിർദ്ദേശങ്ങളും നല്കി ശാക്തീകരിക്കുക എന്ന ശാസ്ത്രീയ ക്ഷേമ പരിപാടിയല്ല നമ്മൾ അനുവർത്തിച്ചിരുന്നത്. അതിനിടയിലാണ്, വനം വകുപ്പിന്റെ വനശ്രീ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇക്കോ ഷോപ്പുകൾ വഴി അഞ്ചുവർഷംകൊണ്ട് ആദിവാസി വിഭാഗക്കാർക്ക് 33 കോടി രൂപയുടെ വരുമാനം ലഭ്യമാക്കാനായി എന്ന ശുഭവാർത്ത കഴിഞ്ഞ ദിവസം തൊടുപുഴയിൽ നിന്ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തത്. ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വിപണന സൗകര്യമൊരുക്കുന്നതാണ് ഈ ഇക്കോഷോപ്പുകൾ. രണ്ട് മൊബൈൽ ഷോപ്പുകൾ ഉൾപ്പെടെ നിലവിൽ ഇത്തരം 74 വില്പനശാലകൾ വിവിധ ജില്ലകളിലായുണ്ട്.
ഇവിടങ്ങളിൽ വനവിഭവങ്ങൾ ഏല്പിക്കുമ്പോൾത്തന്നെ ആദിവാസികൾക്ക് അതിന്റെ പണം നല്കും. ഓണം ഉൾപ്പെടെ ഉത്സവാവസരങ്ങളിൽ ലാഭവിഹിതം ബോണസ് ആയും ലഭിക്കും. വനത്തിൽ നിന്ന് ശേഖരിക്കുന്ന കലർപ്പില്ലാത്ത തേൻ മുതൽ കുന്തിരിക്കം വരെയും, വേദനസംഹാരികളും രക്തചന്ദന സോപ്പും ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും വനശ്രീ ഇക്കോ ഷോപ്പുകളിലൂടെ വിപണനം ചെയ്യുന്നുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് ഒരുലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം, ആദിവാസികൾക്ക് ഉത്പന്ന വിപണനത്തിന് സൗകര്യം നല്കുക മാത്രമല്ല, അതിലൂടെ കൈവരുന്ന പണം പ്രതികൂലാവസരങ്ങളിൽ വിനിയോഗിക്കുന്നതിനായി എങ്ങനെ കരുതിവയ്ക്കണമെന്നതിലും, സമ്പാദ്യശീലം വളർത്തേണ്ടത് എങ്ങനെയെന്നതിലും വനംവകുപ്പിന്റെ തന്നെ നേതൃത്വത്തിൽ അവർക്ക് പ്രായോഗിക മാർഗനിർദ്ദേശങ്ങൾ നല്കേണ്ടതുണ്ട്.
ഇതിന് ബാങ്കുകൾ പോലുള്ള വ്യവസ്ഥാപിത മാർഗങ്ങളിലൂടെയല്ലാതെ, ഗോത്രമേഖലയിൽത്തന്നെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിലോ മറ്റോ നടത്തുന്ന സമ്പാദ്യ പദ്ധതികളോ ചിട്ടികളോ ഒക്കെ പരീക്ഷിക്കാവുന്നതാണ്. ആദിവാസികൾക്കായുള്ള ഇക്കോ ഷോപ്പുകൾ വഴി പുറത്തുള്ളവർ വനവിഭവ ശേഖരണവും വിപണനവും നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല കൂടി വനംവകുപ്പിനുണ്ട്. മാത്രമല്ല, നിലവിൽ വനവിഭവ ശേഖരണത്തിനും മറ്റും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുന:പരിശോധിച്ച്, വനപ്രകൃതിക്ക് ദോഷം വരാത്ത വിധത്തിലുള്ള ഇളവുകൾ നല്കുകയും ചെയ്യണം. എക്കാലവും ചൂഷണങ്ങളുടെ ഇരകൾ മാത്രമായിരുന്ന ആദിവാസി വിഭാഗങ്ങൾക്ക് അന്തസും ആത്മാഭിമാനവും ആത്മവിശ്വാസവും പകരുന്ന വനംവകുപ്പിന്റെ പദ്ധതി അഭിനന്ദിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തന്നെയാണ്. സഹായത്തിനൊപ്പം പരിഗണനയും പിന്തുണയുമാണ് അവർക്കു വേണ്ടത്. അതിലൂടെ അവർ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും കരുത്തു നേടട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |