പഴങ്ങൾക്ക് പലതിനും വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. വലിപ്പത്തിൽ തീരെ കുഞ്ഞനെങ്കിലും ആരോഗ്യരക്ഷയുടെ കാര്യത്തിൽ മനുഷ്യന് ഏറെ ഉപകാരിയാണ് മൾബറി പഴങ്ങൾ. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത് കൃഷിചെയ്യുന്നുണ്ട്. എല്ലാത്തരം മണ്ണിലും വളരാൻ കഴിയുന്നവയാണ് മൾബറി ചെടികൾ. എന്നാൽ ഈർപ്പം നിലനിൽക്കുന്ന മണ്ണിലാണ് ഇവ നന്നായി വളരുക. മൾബറി ഇലകളും പഴങ്ങളും ഒരുപോലെ ഗുണപ്രദമാണ്.
നന്നായി നീർവാർചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ മണ്ണാണ് മൾബറി കൃഷിയ്‌ക്ക് നല്ലത്. അസിഡിക് അംശം കുറഞ്ഞ കളിമണ്ണ് കലർന്ന മണ്ണിൽ തൈകൾ നടാം. 37 ഡിഗ്രി വരെ ചൂട് ലഭിക്കുന്നയിടമാണ് കൃഷിക്ക് ഉചിതം. മൾബറിയുടെ കമ്പ് മുറിച്ചെടുത്ത് മണൽ,മേൽമണ്ണ്, ചകിരിച്ചോർ എന്നിവചേർത്തുള്ള മിശ്രിതം കൂടയിലാക്കി വച്ചതിലേക്ക് കമ്പ് നട്ട് കുഴിച്ചുവയ്‌ക്കുക. രണ്ടാഴ്‌ചകൊണ്ട് കമ്പിൽ തളിരിലയും വേരോട്ടവും വരുമ്പോൾ പറമ്പിലേക്ക് മാറ്റി നടാം. ചട്ടികളിൽ നടേണ്ടതില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.
കേരളത്തിന് പുറത്ത് മൾബറി പഴങ്ങൾക്ക് പകരം പട്ടുനൂൽപുഴുക്കളെ വളർത്താനാണ് ഉപയോഗിക്കുന്നത്. മൾബറിയിലയാണ് പട്ടുനൂൽ പുഴുക്കളുടെ ആഹാരം. മൂന്ന് തരം മൾബറികളാണ് പ്രധാനമായും നമ്മുടെ നാട്ടിലുള്ളത് വെള്ള മൾബറി, ചുവപ്പ് മൾബറി, കറുപ്പ് മൾബറി. മോറസ് ആൽബ എന്ന വെള്ള മൾബറി നല്ല വലിപ്പമുള്ള ഇലകളുള്ള മൾബറി പഴമാണ്. ഇവ അതിനാൽ പട്ടുനൂൽ പുഴുക്കളെ വളർത്താനുപയോഗിക്കുന്നു. പഴങ്ങൾക്ക് നല്ല മധുരവുമുണ്ട്.
അതേസമയം ജാം, ജ്യൂസ് ഇവയുണ്ടാക്കാനും കേക്കുകളിലും മറ്റും ഉപയോഗിക്കുന്ന ഇനം മൾബറിയാണ് ചുവന്നത്. മോറസ് റൂബ്ര എന്ന് ഇവ അറിയപ്പെടുന്നു. മൾബറി ഇനങ്ങളിൽ ഔഷധഗുണമുള്ളവ ഇവയാണ്. നിഗ്ര മൾബറി എന്ന കറുത്ത മൾബറിയിലാകട്ടെ ആന്റി ഓക്‌സിഡന്റുകളുടെ അളവ് വളരെ കൂടുതലാണ്.
കലോറി കുറവുള്ള മൾബറി പഴങ്ങൾ ജലാംശം നല്ലതുപോലെ അടങ്ങിയവയാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളകറ്റാനും ക്യാൻസർ വരാതിരിക്കാനും ഇവയുടെ അംശം ശരീരത്തിലെത്തുന്നത് ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്‌ക്കാൻ മൾബറി നല്ലതാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ബ്ളഡ് ഷുഗർ വർദ്ധന ഒരു ഭീഷണിയാണ്. മൾബറിയിലെ 1-ഡിഓക്‌സിനോജിറിമൈസിനിലടങ്ങിയ ഒരു എൻസൈം കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്നു. ഇതിലൂടെ ഷുഗർ അളവ് കുറയാനും മൾബറി സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |