ഉയരത്തിൽ നിന്ന് നോക്കുമ്പോൾ നേർത്ത വളയത്തിന്റെ ആകൃതിയിൽ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട്, നീലയും പച്ചയും നിറത്തിലുള്ള കടലുകൾക്കു നടുവിൽ ഒരു കുഞ്ഞൻ രാജ്യം! 26 ചതുരശ്ര കി.മീറ്റർ വിസ്തൃതി മാത്രമുള്ള സൗത്ത് പസഫിക് രാജ്യമായ ടുവാലു. വർഷങ്ങൾക്കു ശേഷം, ഇവിടെയൊരു രാജ്യമുണ്ടായിരുന്നു എന്ന് പറയേണ്ടിവരും. ലോക ഭൂപടത്തിൽ നിന്ന് കടലിനടിയിലേക്കു മറയാൻ ദിവസങ്ങളെണ്ണിത്തുടങ്ങിയിരിക്കുന്നു, ടുവാലു. ജനിച്ചു വളർന്ന നാട്ടിൽ നിന്ന് തങ്ങളുടേതല്ലാത്ത കാരണത്താൽ പലായനം ചെയ്യുകയാണ് ടുവാലു ജനത.
ദക്ഷിണ പസഫിക്ക് മഹാസമുദ്രത്തിലെ ദ്വീപു രാജ്യമായ ഫിജിയിൽ നിന്ന് രണ്ടര മണിക്കൂർ വിമാനയാത്ര വേണം ടുവാലുവിന്റെ തലസ്ഥാനമായ ഫ്യുനഫുട്ടി ദ്വീപിലെത്താൻ. അവിടെ നിന്നാണ് മറ്റ് ദ്വീപുകളിലേക്കുള്ള യാത്ര. ഒൻപത് പവിഴ ദ്വീപുകൾ ചേർന്ന ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. ഫ്യുനഫുട്ടി (Funafuti), നനുമേയ (Nanumea), നനുമാഗ (Nanumaga), നിയുട്ടാവോ (Niutao), നൂയി (Nui), നിയുലാകിത (Niulakita), നുകുഫെട്ടോ (Nukufetau), നുകുലാഏലാഎ (Nukulalelae), വൈതുപു (Vaitupu) എന്നിവയാണ് ആ നവദ്വീപുകൾ. ഇവിടെയെല്ലാം ജനവാസവുമുണ്ട്.
സമുദ്രനിരപ്പിനു മീതെ വെറും 16 അടി മാത്രം ഉയരമുള്ള പ്രദേശം. സമുദ്രനിരപ്പിൽ വളയത്തിന്റെ ആകൃതിയുള്ള പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട ദ്വീപ്. ലോകത്ത് ഏറ്റവും കുറവ് സന്ദർശകരെത്തുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് ടുവാലു.
ഫിജി രാജ്യത്തിന്റെ എയർവെയ്സ് മാത്രമാണ് ഇവിടെ വിമാന സർവീസ് നടത്തുന്നത്. ആഗോളതാപനം മൂലം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ ഭീഷണിയിലാണ് ഈ ചെറുരാജ്യം. ആസ്ട്രേലിയൻ കറൻസിയാണ് ഇവർ വിനിമയത്തിനായി ഉപയോഗിക്കുന്നത്. സ്വന്തമായി ഭരണ സംവിധാനവും ടുവാലുവിനുണ്ട്.
അസ്തമയം അരികെ
അതിജീവിക്കാൻ ശ്രമിക്കുന്ന വലിയൊരു ജനതയും പലായനത്തിന് നിർബന്ധിതമാകുന്ന ജനതയുമാണ് ടുവാലുവിന്റെ പിന്തുടർച്ചക്കാർ. ജനിച്ച നാടും വീടും ഇനി തിരിച്ചുപിടിക്കാനാവാത്ത വിധം ശേഷിക്കില്ലെന്ന തിരിച്ചറിവ് ആ ജനതയെ ചെറുതായൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഇവർക്കായി ലോകത്ത് ആദ്യമായി കാലാവസ്ഥാ വിസ
അംഗീകരിച്ചിരിക്കുകയാണ് ആസ്ട്രേലിയ. 2023 നവംബറിൽ ഒപ്പുവച്ച ഉഭയകക്ഷി കരാറാണ് ആസ്‌ട്രേലിയ- ടുവാലു ഫലെപിലി യൂണിയൻ ഉടമ്പടി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആസ്‌ട്രേലിയയും ടുവാലുവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ ഉടമ്പടിക്ക് സാധിക്കുമെന്നാണ് ലോക രാഷ്ട്രങ്ങളുടെ അനുമാനം.
നല്ല അയൽപക്കം, കരുതൽ, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉടമ്പടിയാണ് ഫലെപിലി യൂണിയൻ. കൂടാതെ ചലനാത്മകമായ കാലാവസ്ഥ, സുരക്ഷാ സഹകരണം, സംയുക്ത വികസനം എന്നിവയ്ക്കുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു. ഈ ഉടമ്പടിപ്രകാരം ഒരു വർഷം 280 ടുവാലു പൗരൻമാർക്ക് ആസ്‌ട്രേലിയൻ സ്ഥിരവിസയ്ക്ക് അപേക്ഷിക്കാം. നിലവിൽ ആദ്യ ബാച്ച് അപേക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്.
'ഗിൽബെർട്ട് ആൻഡ് എല്ലിസ് ഐലൻഡ്‌സ്" എന്ന പേരിൽ ബ്രിട്ടീഷ് കോളനിയായിരുന്നു, ടുവാലു. 1978-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാവുകയും ഗിൽബെർട്ട് ആൻഡ് എല്ലിസ് ദ്വീപ് രണ്ടായിത്തീരുകയും ടുവാലു, കിരിബാട്ടി എന്നിങ്ങനെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി മാറുകയും ചെയ്തു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രാജ്യം കൂടിയാണ് ടുവാലു. 'ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചി"ന്റെ വിശകലനം അനുസരിച്ച് ഏറ്റവും മോശം സാഹചര്യത്തിലുള്ള സമുദ്രനിരപ്പ് ഉയരൽ ആണ് ടുവാലു നേരിടുന്നത്.
2050 - 2060 ആകുമ്പോഴേക്കും സാധാരണ ഉയർന്ന പ്രതിമാസ വേലിയേറ്റ സമയത്ത് ടുവാലുവിന്റെ തലസ്ഥാനം ഉൾപ്പെടുന്ന ഫ്യുനഫുട്ടി ദ്വീപിന്റെ ഭൂപ്രദേശത്തിന്റെ പകുതിയോളം കടലിനടിയിലാകും. 2100 ആകുമ്പോഴേക്കും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തുമ്പോൾ കരപ്രദേശത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമേ നിലനിൽക്കൂ എന്നാണ് പഠനങ്ങൾ പറയുന്നത്.
സമ്പത്തായി മത്സ്യം മാത്രം
ടുവാലുവിൽ കയറ്റുമതി കുറവാണ്. മത്സ്യബന്ധനമാണ് പ്രധാന വരുമാനമാർഗം. പവിഴപ്പുറ്റുകളെ ബാധിക്കുന്ന ക്ലോറൽ ബ്ലീച്ചിംഗ് പ്രക്രിയ മത്സ്യങ്ങളെ ബാധിക്കുന്നുണ്ട്. ഇത് മത്സ്യ സമ്പത്ത് കുറയാൻ കാരണമാകുന്നു. മത്സ്യബന്ധന ലൈസൻസ് ഫീസ്, വിദേശ പണമടയ്ക്കൽ, ടുവാലു ട്രസ്റ്റ് ഫണ്ടിൽ നിന്നുള്ള ലാഭവിഹിതം, ഡോട്ട് ടിവി ഇന്റർനെറ്റ് വിപുലീകരണത്തിന്റെ വാടകയിൽ നിന്നുള്ള വരുമാനം എന്നിവയാണ് ചെലവിനുള്ള ആശ്രയം. മഴവെള്ളം ശേഖരിച്ചാണ് കുടിവെള്ളത്തിന് ഉപയോഗിക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലൻഡ്, ഫിജി എന്നിവിടങ്ങളിൽ നിന്നാണ് ടുവാലുവിലെ ജനങ്ങൾ ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ടുവാലു നാഷണൽ ബാങ്ക് ഉണ്ടെങ്കിലും കഴിഞ്ഞ മേയ് മാസത്തിലാണ് ടുവാലുവിൽ ആദ്യ എ.ടി.എം സ്ഥാപിക്കുന്നത്. ലൈബ്രറിയും പ്രൈമറി, സെക്കൻഡറി സ്കൂളുകളുമുണ്ട്. തുടർപഠനത്തിന് മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ടി വരും.
ഇന്ത്യയും ടുവാലുവും
നിലവിൽ ടുവാലുവിലുള്ളത് ഒരേയൊരു ഇന്ത്യക്കാരൻ, മലയാളിയായ അശ്വിൻ രാജൻ വർഗീസ് ആണ്. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ ഗവേഷക വിദ്യാർത്ഥിയായിരിക്കെയാണ് ടുവാലു കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ക്ഷണം ലഭിക്കുന്നത്. പിന്നെയാകട്ടെ എന്നു കരുതിയാൽ ഒരുപക്ഷേ അവസരം കിട്ടിയെന്നു വരില്ലെന്ന ബോദ്ധ്യമുള്ളതുകൊണ്ട് യാത്ര തിരിക്കുകയായിരുന്നു.
ജൂൺ 12ന് അശ്വിൻ രാജൻ വർഗീസ് ഫിജി വഴി ഫ്യുനഫുട്ടിയിലെത്തുകയായിരുന്നു. കാഴ്ചകളുടെ വസന്തമായിരുന്നു അവിടെ. വിവിധ വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ കാഴ്ചയുടെ മായാലോകത്തെത്തിക്കും. ചെറുതും വലുതുമായ മത്സ്യങ്ങൾ ഇടയ്ക്കിടെ തീരം തൊടും. കുഞ്ഞുകുട്ടികൾ മുതൽ ഈ മത്സ്യത്തെ പിടിക്കാൻ കാത്തുനിൽക്കും. അവരുടെ വരുമാനമാണ് അത്. ഈ ജനത ഇന്ത്യയിലെത്തി മടങ്ങുന്നുണ്ടെന്നതാണ് മറ്റൊരു കൗതുകം. ചെറിയ ആശുപത്രി ക്ലിനിക്കുകൾ എല്ലാ ദ്വീപിലും ഉണ്ടെങ്കിലും ഫ്യുനഫുട്ടിയിലെ ആശുപത്രിയിലാണ് പ്രധാന കേസുകളൊക്കെ എത്തുന്നത്. അല്ലെങ്കിൽ ഫിജിയിൽ. മറ്റ് രാജ്യങ്ങളിൽ ചെലവ് കൂടുതലായതിനാൽ ടുവാലുവിൽ നിന്ന് ഇന്ത്യയിലെത്തി ചികിത്സ തേടുന്ന നിരവധി ആളുകളുണ്ട്!
ഡൽഹിയിലെ ആശുപത്രികളാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത്. ചെലവെല്ലാം വഹിക്കുന്നത് ടുവാലു സർക്കാരാണ്. ഇങ്ങനെ ഇന്ത്യയുമായി ചെറുതല്ലാത്ത ബന്ധവും ടുവാലുവിനുണ്ട്. എയർപോർട്ടാണ് രസകരമായ വേറൊരു കാഴ്ച. ഫ്യൂനഫുട്ടി എയർപോർട്ടിനടുത്താണ് ഫുട്ബാൾ കോർട്ട്. വിമാനങ്ങളുടെ ലാൻഡിംഗ് സമയമാകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കളിക്കളത്തിലും അതിനടുത്തുള്ള റോഡിലും നിയന്ത്രണം ഏർപ്പെടുത്തും. കളി തുടരണമെങ്കിൽ വിമാനം ഇറങ്ങിക്കഴിയണം! റോഡിൽ വാഹനങ്ങൾക്ക് യാത്ര തുടരണമെങ്കിലും കാത്തുനില്ക്കുക തന്നെ ശരണം!
മറ്റു ദ്വീപുകളിലേക്ക് യാത്ര ചെയ്യുന്നത് ചെറിയ ഫൈബർ ബോട്ടുകളിലാണ്. ഇതിന് യാത്രാ ചെലവ് കൂടുതലായതിനാലാകാം, ഇവിടെ സഞ്ചാരികൾ പൊതുവെ കുറവാണ്. കേരളത്തെ ഓർമ്മിപ്പിക്കുന്ന തെങ്ങും കപ്പയുമെല്ലാം ഇവിടെയുണ്ട്. പരമ്പരാഗത ആചാരങ്ങൾ നിലനിറുത്തിക്കൊണ്ടു തന്നെ ആധുനിക ലോകത്തെ പിന്തുടരുന്ന ജനതയാണ് ഇവിടെ. ക്രിസ്തുമത വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ടുവാലു ജനത. കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന സമൂഹം.
കേര മത്സ്യം പച്ചയ്ക്ക് മുറിച്ച് കഴിക്കുന്നതാണ് ഇഷ്ട വിഭവം. മത്സ്യങ്ങളെല്ലാം തന്നെ പച്ചയോടെ കഴിക്കുന്നവരാണ് ഈ ദ്വീപ സമൂഹത്തിലുള്ളവർ. അധികം സഞ്ചാരികളോ തിരക്കുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ, പവിഴപ്പുറ്റുകൾക്കിടയിൽ തിളങ്ങി നിൽക്കുന്ന ടുവാലു കാണാൻ ആഗ്രഹം തോന്നുന്നവർ എത്രയും വേഗം പോകണം. കാരണം, തിരകൾക്കു കീഴിലേക്ക് മറയാൻ വിധിക്കപ്പെട്ട ഭൂമിയാണ് ടുവാലുവിന്റേത്. ടുവാലുവിനു മീതെ ആകാശം ഇനി എത്രനാൾ കൂടിയുണ്ടാകും?
പാർലമെന്റുണ്ട്, പാർട്ടികളില്ല!
ഭരണഘടനാപരമായ രാജവാഴ്ചയും പാർലമെന്ററി ജനാധിപത്യവും പിന്തുടരുന്ന രാജ്യമാണ് ടുവാലു. സംഘടിത രാഷ്ട്രീയ പാർട്ടികളൊന്നും ഇല്ല. എട്ട് ദ്വീപുകളിൽ ഇരട്ട സീറ്റുള്ള നിയോജക മണ്ഡലങ്ങളിലായി പതിനാറ് അംഗങ്ങളെ തിരഞ്ഞെടുക്കും. നാല് വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന ഏകസഭാ പാർലമെന്റാണുള്ളത്. 2024-ൽ ആയിരുന്നു അവസാന തിരഞ്ഞെടുപ്പ്.
ഫ്യുനഫുട്ടി, നനുമേയ, നനുമാഗ, നിയുട്ടാവോ, നൂയി, നുകുഫെട്ടോ, നുകുലാഏലാഎ , വൈതുപു എന്നീ ദ്വീപുകളാണ് നിയോജക മണ്ഡലങ്ങൾ. ബ്രിട്ടീഷ് രാജാവാണ് രാഷ്ട്രത്തലവൻ. ഗവർണർ ജനറൽ ബ്രിട്ടീഷ് രാജാവിനെ പ്രതിനിധീകരിക്കുന്നു. ഫെലെറ്റി ടിയോ ഒ.ബി.ഇ ആണ് നിലവിൽ ടുവാലുവിന്റെ പ്രധാനമന്ത്രി. ചാൾസ് മൂന്നാമൻ രാജാവ് രാഷ്ട്രത്തലവൻ. ടുവാലുവിൽ അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നത് ഗവർണർ ജനറൽ റവ. ടോഫിഗ വേവാലു ഫലാനിയാണ്.
രാജവാഴ്ച തുടരട്ടെ!
രാജാവിന്റെ ഔദ്യോഗിക ജന്മദിനം ടുവാലുവിൽ പൊതു അവധിയാണ്. രാജവാഴ്ച അവസാനിപ്പിക്കുന്നതിനെ ചൊല്ലി നിരവധി തവണ അഭിപ്രായ വോട്ടെടുപ്പുകൾ നടന്നെങ്കിലും കൂടുതൽപേരും രാജവാഴ്ചയെ അംഗീകരിക്കുകയായിരുന്നു. അവസാനമായി 2023-ൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 71 ശതമാനം പേർ രാജവാഴ്ച നിലനിൽക്കണമെന്നും 26 ശതമാനം പേർ റിപ്പബ്ലിക്കാകണമെന്നും അഭിപ്രായം രേഖപ്പെടുത്തി. അതുകൊണ്ടു തന്നെ സ്വതന്ത്രമാണെന്ന് അവകാശപ്പെടുമ്പോഴും രാജവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് ടുവാലു. പതിനാറാം നൂറ്റാണ്ടിലാണ് ടുവാലു ദ്വീപ സമൂഹത്തെ കണ്ടെത്തുന്നത്. ആകെയുള്ള ജനതയിൽ 96 ശതമാനവും ക്രിസ്തു മത വിശ്വാസികളാണ്. അപ്പോസ്‌തലിക്, നിസീൻ വിശ്വാസപ്രമാണങ്ങളാണ് ഇവരുടെ അടിത്തറ. 1861-ൽ കോൺഗ്രിഗേഷൽ പള്ളിയിലെ ഡീക്കനായിരുന്ന എലേകാന കൊടുങ്കാറ്റിൽപ്പെട്ട് നുകുലാഏലാഎ ദ്വീപിലെത്തി. അവിടെ രണ്ടാഴ്ചയോളം ചെലവഴിച്ച എലേകാന ദ്വീപസമൂഹത്തിലെ ജനങ്ങളിൽ ക്രിസ്തുമതം പ്രചരിപ്പിച്ചു. ശേഷം ലണ്ടൻ മിഷനറി സൊസൈറ്റി 1864-ൽ ദ്വീപിൽ പ്രവർത്തനം ആരംഭിച്ചു. സമോവ കോൺഗ്രിഗേഷണൽ ക്രിസ്ത്യൻ ചർച്ചിന്റെ ഒരു മിഷൻ മേഖല കൂടിയായിരുന്നു അന്ന് ടുവാലു. അങ്ങനെ ടുവാലുവിലുള്ള ജനങ്ങൾ ക്രിസ്തുമതം പിന്തുടരുന്നവരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |