SignIn
Kerala Kaumudi Online
Thursday, 21 August 2025 8.35 AM IST

വിധിന്യായത്തിലെ കമ്മ്യൂണിസ്റ്റ് സ്റ്റഡി ക്ലാസ് 

Increase Font Size Decrease Font Size Print Page
ems

കേരള മുഖ്യമന്ത്രിയായിരിക്കെ 1967-ൽ ഇ.എം.എസ് ഒരു സമ്മേളനത്തിൽ പ്രസംഗിക്കവേ ആനുഷംഗികമായി നീതിന്യായ വ്യവസ്ഥയേയും ജഡ്ജിമാരുടെ (സുപ്രീംകോടതി, ഹൈക്കോടതി) മനോഭാവത്തേയും നിശിതമായി വിമർശിക്കുകയുണ്ടായി. പ്രസംഗത്തിന്റെ സാരം ഇതായിരുന്നു: 'ഇന്ത്യയിൽ വർഗ ബഹുജന വിഭാഗത്തിന്റെ പ്രശ്നങ്ങൾ യഥാർത്ഥ അർത്ഥതലത്തിൽ ജഡ്ജിമാർ മനസിലാക്കുന്നില്ല. തൊഴിലാളിയുടെയും കർഷകരുടെയും പാവപ്പെട്ട വിഭാഗത്തിന്റെയും പ്രതിനിധികളായല്ല ജഡ്ജിമാർ വിധിന്യായം പുറപ്പെടുവിക്കുന്നത്. അതിനാൽ ഒരു ബൂർഷ്വാ സംവിധാനമായി പലപ്പോഴും കോടതികൾ മാറുകയാണ്. ഭരണഘടനയുടെ ഒരു ഘടകമായ നീതിന്യായ കോടതികളിലെ- പ്രത്യേകിച്ച് ഉയർന്ന കോടതികളിലെ- ജഡ്ജിമാരെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് അഭികാമ്യം. അതായത്,​ജനപ്രതിനിധികളെയും മന്ത്രിമാരെയും തിരഞ്ഞെടുക്കുന്ന തരത്തിലുള്ള സമ്പ്രദായം."

നാരായണൻ നമ്പ്യാർ എന്നൊരു അഭിഭാഷകൻ ഇ.എം.എസിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ചീഫ് ജസ്റ്റിസ് പി.ടി. രാമൻ നായർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇ.എം.എസിനെതിരെ നടപടി ആരംഭിച്ചു. മറ്റു രണ്ട് ജഡ്ജിമാർ കെ.കെ. മാത്യുവും കൃഷ്ണമൂർത്തി അയ്യരുമായിരുന്നു. അതിൽ കെ.കെ. മാത്യു വിയോജിപ്പ് വിധിന്യായം എഴുതി ഇ.എം.എസ് കോടതിയലക്ഷ്യം നടത്തിയില്ല എന്ന് പ്രഖ്യാപിച്ചു. എന്നാൽ പി.ടി. രാമൻ നായരും അയ്യരും ഇ.എം.എസിനെ കുറ്റക്കാരനായി കണ്ട് 1000 രൂപ പിഴയും,​ പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം തടവും ശിക്ഷ വിധിച്ചു.

കെ.കെ. മാത്യുവിന്റെ വിധി ഉജ്ജ്വലവും ഉന്നതമൂലൃം പുലർത്തുന്നതുമാണെന്ന് പിന്നീട് ഉപേന്ദ്ര ബക്ഷി വിശേഷിപ്പിക്കുകയുണ്ടായി. ഇ.എം.എസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. വി.കെ. കൃഷ്ണമേനോനാണ് ഇ.എം.എസിനുവേണ്ടി ഹാജരായത്. സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് അപ്പീൽ കേട്ടത്. ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്. ജി.കെ. മിത്തർ, എ.എൻ. റേ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. മൂന്നുപേരും കമ്മ്യൂണിസ്റ്റ് ആശയത്തോട് വിരുദ്ധ നിലപാട് പുലർത്തിയവരും ഉയർന്ന സാമൂഹിക, സാമ്പത്തിക ചുറ്റുപാടിൽ നിന്ന് ജഡ്ജിമാരായവരും ആയിരുന്നു.

മൂന്നംഗ ബെഞ്ച് മുമ്പാകെ കൃഷ്ണ മേനോൻ ഉയർത്തിയ വാദം ഇവയായിരുന്നു: 1) കോടതി വിധിയെ ജനങ്ങൾ മാനിക്കണം എന്നാണ് ഇ.എം.എസ് ആഹ്വാനം ചെയ്തത്. 2) ജഡ്ജിമാരെ വൃക്തിപരമായി അവഹേളിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. 3) നീതിന്യായ വ്യവസ്ഥിതിയെയാണ് ഇ.എം.എസ് വിമർശിച്ചത്; അതും ഉയർന്ന ധൈഷണിക ചിന്താ പശ്ചാത്തലത്തിൽ. 4) സമൂഹത്തിലെ എല്ലാ വ്യവസ്ഥിതിയേയും വിമർശിക്കാൻ ഭരണഘടന ആശയ സ്വാതന്ത്ര്യം മൗലികാവകാശമായി നൽകുമ്പോൾ നീതിന്യായ വ്യവസ്ഥയ്ക്ക് എങ്ങനെ അതിൽനിന്ന് ഒഴിവാകാൻ പറ്റും?​ 5) വിമർശനത്തോട് നീതിന്യായ സംവിധാനം എന്തിനാണ് അസഹിഷ്ണുത പുലർത്തുന്നത്?​ വിമർശനം ജനാധിപത്യത്തിന്റെ ജീവവായുവല്ലേ?​ 6) കോടതിയലക്ഷ്യം വിമർശനത്തെ നിശ്ശബ്ദമാക്കുന്ന ചുറ്റിക പ്രഹരമായാൽ Article 19 (1) of the Constitution would become chilled.

1970 ജൂലായ് 31- ന് സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവച്ച്,​ ഇ.എം.എസിനെ 50 രൂപ പിഴ ചുമത്തി ശിക്ഷിക്കുന്നു. പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം തടവും! 50 രൂപ പിഴയല്ല,​ ഇ.എം.എസിനെ നിരാശപ്പെടുത്തിയത് ഏഴെട്ടു ഖണ്ഡികകളിൽ (ഏകദേശം 15 പേജ്) ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ഇ.എം.എസിന് നൽകുന്ന മാർക്സിസ്റ്റ് തത്വശാസ്ത്ര സ്റ്റഡി ക്ലാസ്സാണ്. അതിന്റെ അവസാന ഖണ്ഡികയിലായിരുന്നു ചുറ്റിക പ്രഹരം!- " I wanted to expose the ignorance of the Marxist leader on Marxism, which would be the true punishment for him and his ignorance!"

ജസ്റ്റിസ് ഹിദായത്തുള്ളയുടെ ഈ ഖണ്ഡികകളെ അതിനിശിതമായി ഡോക്ടർ. രാജീവ് ധവാനും ബൽബീർ സിംഗും ഉപേന്ദ്ര ബക്ഷിയും വി.ആർ. കൃഷ്ണയ്യരും ഇന്ദർ മൽഹോത്രയും മറ്റ് പല പ്രമുഖരും വിമർശിച്ചിരുന്നു. ഹിദായത്തുള്ള കോടതിയലക്ഷ്യം മാത്രം എഴുതിയാൽ മതിയായിരുന്നു; മാർക്സിസത്തെക്കുറിച്ച് എഴുതി,​ തന്റെ വിധിന്യായം കാടുകയറ്റേണ്ടതില്ലായിരുന്നു എന്നാണ് വി.ആർ.കൃഷ്ണ അയ്യർ എഴുതിയത്. ഇ.എം.എസ് പിന്നീട് പ്രതികരിച്ചത് വളരെ സാധാരണമായിട്ടായിരുന്നു.

'ഞാൻ മാർക്സിന്റെ മുഴുവൻ കൃതികളും വായിച്ചിട്ടില്ല. കാരണം മാർക്സിന്റെ 'മൂലധന"ത്തിന്റെ പോലും രണ്ടും മൂന്നും വാലൃങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ അക്കാലത്ത് വന്നിട്ടില്ല. മാർക്സിന്റെ മിക്ക രചനകളും ജർമ്മൻ ഭാഷയിലാണ്. അപ്പോൾപ്പിന്നെ,​ എന്നെ മാർക്സിസം പഠിപ്പിക്കാനായി ചീഫ് ജസ്റ്റിസ് ഏതൊക്കെ രചനകളാവും വായിച്ചതെന്ന് എനിക്കറിയില്ല. ഏംഗൽസ് പോലും മാർക്സിന്റെ മുഴുവൻ രചനകൾ വായിച്ചിട്ടില്ല."

സത്യത്തിൽ ഇ.എം.എസിനോടുള്ള വ്യക്തിപരമായ പുച്ഛവും പരിഹാസവുമാണ് ഹിദായത്തുള്ള ഇത്തരത്തിൽ ഒരു സ്റ്റഡി ക്ലാസ് നിറച്ച വിധി എഴുതാൻ കാരണം. കൃഷ്ണമേനോൻ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: 'The Marxist discourse of justice Hidayathulla was one of the degrading parts of his judgment without which the verdict would have been a perfect legal document. The Marxist discourse put out the light of the reasoning. His was a clouded Marxist polemic. A tall man with a dented ego!"

1939-ൽ പിണറായിയിലെ പാറപ്പുറം സമ്മേളനത്തിലാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. അതിൽ പങ്കെടുത്ത സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇ.എം.എസ്. അന്നു തുടങ്ങി ഇങ്ങോട്ട് വിവിധ ജനകീയ, വർഗ സമരങ്ങളിൽ പങ്കാളിയായി, ജയിൽവാസം അനുഭവിച്ച്, ആദ്യ ജനകീയ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിച്ച്, തന്റെ സ്വത്തും സമ്പത്തും പാർട്ടിക്കു നൽകി,​ പിന്നീട് എഴുത്തുകാരനും ചിന്തകനും വാഗ്മിയുമായി കേരള ചരിത്രത്തിൽ ഇടംപിടിച്ച് നിസ്വനായി, നിർമ്മമനായി, ലളിതജീവിതം നയിച്ച് വിടവാങ്ങിയ ജനകീയ നേതാവാണ് ഇ.എം.എസ്.

'ചരിത്രം എന്നത് ഭൂതകാല നിധിശേഖരത്തിന്റെ വിശകലനമോ, വസ്തുതാ വിവരണമോ അല്ല. അത് നിങ്ങൾകൂടി ഉൾപ്പെട്ട വർത്തമാന കാലത്തിന്റെ ഭൂതകാല അന്വേഷണത്തിന്റെ ജാഗ്രതയാണ്. ചരിത്രത്തിൽ നിങ്ങൾ ഇല്ലെങ്കിൽ അത് വെറും ഭൂതകാല വിവര ശേഖരണം മാത്രമാണ് " എന്ന വാൾട്ടർ ബെഞ്ചമിന്റെ അതിപ്രശസ്തമായ വിലയിരുത്തൽ വായിച്ചപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് ചരിത്രത്തിൽ ഇ.എം.എസ് ഉൾപ്പെടുന്നു. അതിനാൽ ഇ.എം.എസിന്റെ ജീവിതം മാർക്സിസ്റ്റ് ചരിത്രം തന്നെ. എന്നാൽ ചാരുകസേരയിലിരുന്ന് ഏതോ ചില മാർക്സിയൻ ഗ്രന്ഥങ്ങൾ വായിച്ച് മാർക്സിയൻ സ്റ്റഡി ക്ലാസ് ഇ.എം.എസിനു നൽകിയ ഹിദായത്തുള്ളയുടെ വിധിന്യായം മാർക്സിസ്റ്റ് ചരിത്രമല്ല, മറിച്ച് മാർക്സിസ്റ്റ് ചരിത്ര വിശകലനമാണ്. ഇ.എം.എസിന്റേത് ഉൾക്കരുത്തുള്ള ചരിത്രവും,​ ഹിദായത്തുള്ളയുടേത് ഉള്ളു പൊള്ളയായ ചരിത്ര വിശകലനവുമാണ്. ഇ.എം.എസ് മാർക്സിസ്റ്റ് ചരിത്രത്തിനുള്ളിലും ഹിദായത്തുള്ള ചരിത്രത്തിനു വെളിയിലുമാണ്. ഇ.എം.എസിനെ ശിക്ഷിച്ച വിധിന്യായം 55 വർഷത്തിലേക്കു കടക്കുമ്പോൾ വെറുതേ ഒന്ന് ഓർത്തുപോയി...

(കേരള നിയമസഭാ മുൻ സെക്രട്ടറിയും റിട്ട. ജില്ലാ ജഡ്ജിയുമാണ് ലേഖകൻ)

TAGS: EMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.