തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ വിവിധ കക്ഷികളുടെയും മുന്നണികളുടെയും രാഷ്ട്രീയ അണിയറ നീക്കങ്ങൾ ശക്തമാണ്. കൂടുതൽ പേരെ വോട്ടർ പട്ടികയിൽ ചേർക്കാനും അവരെ തിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമാക്കി നിറുത്താനുമുള്ള ഓരോ രാഷ്ട്രീയ പാർട്ടിയുടെയും മത്സരങ്ങളും പുരോഗമിക്കുകയാണ്. 68 ഗ്രാമപഞ്ചായത്തുകളിലേക്കും 11 ബ്ളോക്ക് പഞ്ചായത്തുകളിലേക്കും 4 മുനിസിപ്പാലിറ്റികളിലേക്കും ഒരു കോർപ്പറേഷനിലേക്കുമാണ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുക. 2020 ഡിസംബറിലാണ് മുൻ തിരഞ്ഞെടുപ്പ് നടന്നതെന്നതിനാൽ ഇക്കുറിയും ഡിസംബറിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. അതിന് കഷ്ടിച്ച് 5 മാസം മാത്രമാണ് ഇനി ശേഷിക്കുന്നത്. തൊട്ടുപിന്നാലെ 2026 മേയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ അതിനു മുന്നോടിയായുള്ള തദ്ദേശ തിരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നിർണായകമാണ്. ജൂലായ് 23 ന് ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇതുവരെ 34,978 അപേക്ഷകളാണ്. ആഗസ്റ്റ് 30നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും പുതിയ വോട്ടർമാരെ ചേർക്കുന്ന തിരക്കിലാണിപ്പോൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ കാലങ്ങളായി ആധിപത്യം പുലർത്തുന്നത് ഇടതു മുന്നണിയാണ്. പിന്നിലായി യു.ഡി.എഫ് ഉണ്ടെങ്കിലും സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളും മുതലാക്കി കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താനുള്ള നീക്കം യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പി ഇക്കുറി കൂടുതൽ സജീവമായി രംഗത്തിറങ്ങിയിട്ടുള്ളത് ഇടത്, വലത് മുന്നണികളുടെ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി നിയമസഭയിലേക്ക് ജില്ലയിൽ നിന്ന് ഒരു സീറ്റെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള ബി.ജെ.പിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെയാണ്.
സംഘടനാ
ദൗർബല്യത്തിൽ കോൺഗ്രസ്
യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് നേരിടുന്നത് പതിവ് പോലെ സംഘടനാ ദൗർബല്യമാണ്. ഡി.സി.സി നേതൃത്വത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിന്റെ ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിലെ ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനെ മാറ്റി പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുകയെന്നതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. സി.പി.എമ്മോ ബി.ജെ.പിയോ അത്തരമൊരു വെല്ലുവിളി നേരിടുന്നില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ ഡി.സി.സി പ്രസിഡന്റായി പലപേരുകൾ ഉയരുന്നുണ്ടെങ്കിലും അവരിൽ ആരാകും പ്രസിഡന്റാകുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സൂരജ് രവി, എം.എം നസീർ, നെടുങ്ങോലം രഘു, ഏരൂർ സുഭാഷ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. സാമുദായിക പരിഗണന കൂടി പരിഗണിച്ചാൽ എം.എം നസീറിന് സാദ്ധ്യത കുറയും. കാരണം യൂത്ത് കോൺഗ്രസ്, കെ.എസ്.യു, ഐ.എൻ.ടി.യു.സി എന്നീ പോഷക സംഘടനകളുടെ ജില്ലാ അദ്ധ്യക്ഷന്മാർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണെന്നതിനാൽ ഡി.സി.സി. അദ്ധ്യക്ഷ പദവി കൂടി നൽകാനുള്ള സാദ്ധ്യതയും വിരളമാണ്.
കോർപ്പറേഷൻ ഭരണം
ഇന്നും കിട്ടാക്കനി
2000-ൽ രൂപീകൃതമായ ശേഷം കൊല്ലം കോർപ്പറേഷൻ ഭരണം യു.ഡി.എഫിന് ഇന്നും കിട്ടാക്കനിയാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അംഗസംഖ്യ താഴേയ്ക്ക് പോകുന്നതാണ് പതിവ്. നിലവിൽ 55 അംഗ കോർപ്പറേഷൻ കൗൺസിലിൽ യു.ഡി.എഫിന് 10 പേർ മാത്രമാണുള്ളത്. കോൺഗ്രസിന് 6 അംഗങ്ങളുള്ളപ്പോൾ അത്രയും എണ്ണം ബി.ജെ.പിക്കുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ ആറിൽ നിന്ന് പ്രധാന പ്രതിപക്ഷ സ്ഥാനത്തെങ്കിലും എത്താൻ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ പ്രവർത്തനം. കോർപ്പറേഷൻ ഭരണത്തിനെതിരായ നിരന്തര സമരങ്ങളിലൂടെ ബി.ജെ.പി മുന്നേറുമ്പോൾ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഭാഗത്തു നിന്ന് അത്തരം ചടുലമായ നീക്കങ്ങളൊന്നും ഇല്ലെന്നത് അണികളിൽ നിരാശ പടർത്തുന്നതാണ്. 25 വർഷമായി കോർപ്പറേഷൻ ഭരണം കൈയ്യാളുന്ന ഇടതു മുന്നണിക്കെതിരായി ശക്തമായൊരു സമരത്തിനു പോലും നേതൃത്വം കൊടുക്കാത്ത യു.ഡി.എഫിന് ഇക്കുറി ഉള്ള സീറ്റ് പോലും കിട്ടുമോ എന്ന ആശങ്ക കോൺഗ്രസുകാർ തന്നെ പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടിക്ക് താഴെത്തട്ട് വരെ ശക്തമായ അടിത്തറയും വിവിധ ജനവിഭാഗങ്ങളിലുള്ള സ്വാധീനവും മുതലാക്കി കോർപ്പറേഷനിൽ തുടർഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ സി.പി.എം നേതൃത്വവും ഇടതു മുന്നണിയും. കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ നിയന്ത്രിക്കാൻ ചുമതല ഏൽപ്പിച്ചവരെച്ചൊല്ലിയും കോൺഗ്രസിൽ അതൃപ്തി നിലനിൽക്കുകയാണ്. നേതാക്കളിൽ പലരും കൊല്ലം നഗരപരിധിക്ക് പുറത്തുള്ളവരും കാര്യമായ ജനസ്വാധീനമില്ലാത്തവരുമാണെന്ന പരാതിയാണ് കോൺഗ്രസിൽ നിന്നുയരുന്നത്.
ജില്ല, ബ്ളോക്ക് പഞ്ചായത്തും നഗരസഭകളും
നിലവിൽ കോർപ്പറേഷനിലെപ്പോലെ ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമാണ്. കൊല്ലം ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷനുകളിൽ 23 ലും എൽ.ഡി.എഫാണ്. മൂന്നിടത്ത് മാത്രമാണ് യു.ഡി.എഫ്. 11 ബ്ളോക്ക് പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. ഈ അവസ്ഥയിൽ നിന്ന് ഏറെ മുന്നോട്ട് പോയാൽ മാത്രമേ വരുന്ന തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ യു.ഡി.എഫിനാകുകയുള്ളു. 2026 ൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കോയ്മ നേടാൻ യു.ഡി.എഫിന് കഴിയാതെ വരും. 11 നിയമസഭാ സീറ്റുകളിൽ നിലവിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന്റെ എം.എൽ.എ മാരുള്ളത്. യു.ഡി.എഫ് ഘടകകക്ഷികൾക്ക് ജില്ലയിൽ കാര്യമായ സ്വാധീനമില്ലാത്തതും യു.ഡി.എഫിന് തിരിച്ചടിയാണ്. മുസ്ലിം ലീഗ്, ആർ.എസ്.പി എന്നിവയാണ് ജില്ലയിലെ ഘടകകക്ഷികൾ. ആർ.എസ്.പി ക്ക് കൊല്ലം കോർപ്പറേഷൻ മേഖലയിൽ മാത്രമാണ് അല്പമെങ്കിലും സ്വാധീനമുള്ളത്. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്കൊന്നും കാര്യമായ വേരോട്ടമില്ല. ബി.ജെ.പി യുടെ സ്വാധീനം എത്രയുണ്ടെന്നതിന് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തത കൈവരും.
ഐഷാപോറ്റി
യു.ഡി.എഫിലെത്തുമോ ?
ജില്ലാ കോൺഗ്രസും യു.ഡി.എഫും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് സി.പി.എം നേതാവും കൊട്ടാരക്കരയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ എം.എൽ.എയും ആയ പി.ഐഷാ പോറ്റിയെ ആണ്. സി.പി.എമ്മുമായി ഇപ്പോൾ അത്ര രമ്യതയിലല്ലാത്ത ഐഷാ പോറ്റിയെ യു.ഡി.എഫിലെത്തിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും അവർ മനസ്സ് തുറന്നിട്ടില്ല. അടുത്തിടെ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഐഷാപോറ്റി പങ്കെടുത്തതോടെയാണ് അവർ സി.പി.എം വിടുമെന്ന അഭ്യൂഹം ശക്തമായത്. സി.പി.എമ്മിൽ നിലവിൽ അവർ ഒരു ഘടകത്തിലും അംഗമല്ലെന്ന് മാത്രമല്ല, പാർട്ടി പ്രവർത്തനങ്ങളിൽ ഒട്ടും സജീവവുമല്ല. തന്നെ ഒരു പാർട്ടി പരിപാടികളിലും ക്ഷണിക്കാറില്ലെന്നും ക്ഷണിക്കാതെ പോകുന്നതെന്തിനെന്നും അവർ തന്റെ അതൃപ്തി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസ് സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്തതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടെങ്കിലും താൻ ഒരു പാർട്ടിയിലേക്കും പോകുന്നില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ സി.പി.എം പോലൊരു പാർട്ടിയുടെ എം.എൽ.എ ആയിരുന്നയാൾ കോൺഗ്രസിന്റെ പരിപാടിയിൽ പാർട്ടിയുടെ അനുവാദമില്ലാതെ പങ്കെടുത്താൽ എന്താണ് സംഭവിക്കുകയെന്ന് ഏവർക്കും ഊഹിക്കാവുന്നതേയുള്ളു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ അവരെ യു.ഡി.എഫിലെത്തിച്ച് കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ മത്സരിപ്പിക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. കോൺഗ്രസ് നീക്കം വിജയിച്ചാൽ അത് മുതൽക്കൂട്ടാകുമെന്നും സി.പി.എമ്മിന് ആഘാതമാകുമെന്നും കണക്ക് കൂട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |