തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത പൊതുസമൂഹത്തിൽ തുറന്നുകാട്ടിയ മെഡിക്കൽ കോളേജിലെ ഡോ. ഹാരിസിനെ കുടുക്കാൻ പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉയർത്തിക്കൊണ്ടുവന്ന ആരോപണം മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞു.
വാർത്താസമ്മേളനത്തിനിടെ അന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ വായിക്കാൻ സൂപ്രണ്ടിന്റെ ഫോണിൽ ഉന്നതന്റെ നിർദ്ദേശം വന്നു. കാണാതെപോയെന്ന് ആരോഗ്യമന്ത്രി ആരോപിച്ച ഉപകരണം ഡോ. ഹാരിസ് പിന്നീട് വാങ്ങി രഹസ്യമായി കൊണ്ടുവച്ചെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി.
ഇതുമായി ബന്ധമില്ലാത്ത മറ്റൊരു ഉപകരണം നന്നാക്കാൻ എറണാകുളത്തെ സ്ഥാപനത്തിലേക്ക് അയച്ചതാണെന്നും രണ്ടു ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടതിനാൽ തിരിച്ചുകൊണ്ടു വന്നതാണെന്നും ഡോ. ഹാരിസിന്റെ വിശദീകരണം പിന്നാലെ വന്നു. ഇതു ശരിവച്ചുകൊണ്ട് എറണാകുളത്തെ ക്യാപ്സൂൾ ഗ്ളോബൽ സൊല്യൂഷൻസ് പ്രതകരിക്കുകയും ചെയ്തതോടെ തിരക്കഥ അപ്പാടെ പൊളിഞ്ഞു.
ഡോ. ഹാരിസിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ പുതിയ മോസിലോസ്ക്കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തിയെന്നായിരുന്നു പ്രിൻസിപ്പൽ പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽ കുമാറും വാർത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തിയത്. അന്വേഷിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ഇരുവരും പ്രഖ്യാപിച്ചു.
അവധിയിൽ പോയ ഹാരിസിന്റെ മുറി തുറന്ന് മൂന്നുവട്ടം പരിശോധന നടത്തി. ആദ്യ രണ്ടുതവണയും കാണാതിരുന്ന ഉപകരണം കഴിഞ്ഞ ദിവസം പെട്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് കൊണ്ടുവയ്ക്കുന്നയാളുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ അവ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും വിശദീകരിച്ചു.
വ്യാഴാഴ്ചയാണ് പ്രിൻസിപ്പലും സംഘവും ഹാരിസിന്റെ മുറിയിൽ മൂന്നാമത്തെ പരിശോധന നടത്തിയത്. പിന്നാലെ പുതിയ പൂട്ടിട്ട് പൂട്ടുകയും ചെയ്തു.
പഴയ നെഫ്രോസ്കോപ്പിനെ
തിരിച്ചറിയാത്ത വിദഗ്ദ്ധർ
1. രാവിലെ പത്തിനാണ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാർത്താസമ്മേളനം തുടങ്ങിയത്. മൊസിലോസ്കോപ്പിന്റെ ഭാഗം കാണാതായെന്ന് സ്ഥാപിക്കാനായിരുന്നു വ്യഗ്രത. അജ്ഞാതൻ മുറിയിലേക്ക് കയറിപ്പോകുന്ന ദൃശ്യം ശേഖരിച്ചെന്ന് വെളിപ്പെടുത്തൽ
2. പന്ത്രണ്ടോടെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ. നന്നാക്കാൻ എറണാകുളത്തേക്ക് അയച്ച പഴയ മൂന്ന് നെഫ്രോസ്കോപ്പുകൾ തിരിച്ചു വന്നതാണ്. ഒരോന്നിനും രണ്ടുലക്ഷം രൂപ ബിൽ ആകുമെന്ന് കമ്പനി അറിയിച്ചപ്പോൾ പണമില്ലാത്തതിനാൽ തിരിച്ചുവാങ്ങിയതാണ്. നെഫ്രാേസ്കോപ്പും മൊസിലോസ്കോപ്പും വ്യത്യസ്തമായ ഉപകരണങ്ങളാണ്
3. രണ്ടോടെ, എറണാകുളത്തെ സ്ഥാപനത്തിന്റെ വിശദീകരണം. അത് ഉപകരണം വാങ്ങിയതിന്റെ ബില്ല് അല്ലെന്നും ഡെലിവറി ചെല്ലാൻ മാത്രമാണെന്നും വ്യക്തമാക്കി. ജീവനക്കാരൻ മൊസിലോസ്കോപ്പെന്ന് രേഖപ്പെടുത്തിയത് പിശകാണ്
ഉന്നതൻ കാണാമറയത്ത്
വാർത്താസമ്മേളനത്തിനിടെ ഫോണിൽ നിർദ്ദേശം നൽകിയ ഉന്നതൻ ആരെന്ന് വെളിപ്പെടുത്താനും തയ്യാറായില്ല. സൂപ്രണ്ട് ഫോൺ കട്ടാക്കാതെ തന്നെ 'സാറേ, ആ എൻക്വയറി റിപ്പോർട്ട് മുഴുവനും വായിക്ക്..." എന്ന് ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |