കേരളത്തിൽ കുട്ടികൾക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും വൻതോതിൽ കൂടുകയാണ്. പത്തുവർഷത്തിനിടെ 43,474 കുട്ടികൾക്കെതിരെയാണ് ആക്രമണമുണ്ടായത്. 282 കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടു. 1871 പേരെ തട്ടിക്കൊണ്ടുപോയി. ലൈംഗികാതിക്രമം പിടിവിട്ട് കുതിക്കുകയാണ്- 13,825 കേസുകളാണ് ഇക്കാലയളവിലുണ്ടായത്. ശൈശവ വിവാഹത്തിനിരയായത് 92കുട്ടികളാണ്. ശാരീരികമായി ഉപദ്രവിക്കപ്പെട്ടത് 27,199 കുഞ്ഞുങ്ങളാണ്. പൊലീസ് കേസുകളുടെ കണക്കാണിത്. കേസാവാതെ ഒതുക്കപ്പെടുന്ന സംഭവങ്ങളും പലമടങ്ങുണ്ടാവും. നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും മക്കൾക്കെതിരായ അതിക്രമത്തിന് കൃത്യമായ കണക്കില്ല.
കുട്ടികൾ സുരക്ഷിതമെന്ന് കരുതുന്ന വീടുനകത്തു പോലും കുട്ടികൾ സുരക്ഷിതരല്ല. രണ്ടാനമ്മ, പിതാവ് എന്നിവരിൽ നിന്നാണ് അതിക്രമങ്ങളേറെയും. കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് ലഹരിയുപയോഗം, കുടുംബപ്രശ്നങ്ങൾ, ക്വട്ടേഷൻ എന്നിങ്ങനെ പല കാരണങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമ സമിതിക്കുമൊന്നും അതിക്രമങ്ങൾ തടയാനാവുന്നില്ല. മിക്കതും രഹസ്യമായി ഒതുക്കപ്പെടുന്നു. ആലപ്പുഴ ചാരുംമൂട്ടിൽ പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും നേരിട്ട ദുരനുഭവം നാലാംക്ലാസുകാരി തുറന്നെഴുതിയിരുന്നു. ഇന്നലെ കൊല്ലത്തും കുഞ്ഞിന്റെ കാലിൽ അയൺ ബോക്സിന് പൊള്ളിച്ചു. ഇത്തരം സംഭവങ്ങളും ആവർത്തിക്കപ്പെടുകയാണ്.
വീടുകളിൽ കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ പൊലീസിന് ജുവനൈൽ ജസ്റ്റിസ് ആക്ടും മോഡൽ റൂളും പോക്സോ നിയമവും ചുമത്തി ഉടനടി കേസെടുക്കാനാവും. അലഞ്ഞുതിരിയുന്നതും ജോലിയെടുക്കുന്നതുമായ കുട്ടികളെ കണ്ടെത്തി ശിശുക്ഷേമസമിതിയിലാക്കാം. കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെന്ന് രക്ഷിതാക്കളെ ബോധവത്കരിക്കാൻ 'റെസ്പോൺസിബിൾ പേരന്റിംഗ്' പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുട്ടികളെ ദ്രോഹിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് രക്ഷിതാക്കൾക്ക് അറിയാത്ത സാഹചര്യത്തിലായിരുന്നു ഇത്. കുടുംബത്തിനുള്ളിലാണ് കുട്ടികൾ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്.
കുഞ്ഞുങ്ങളെ രക്ഷിക്കാനും സംരക്ഷണമുറപ്പാക്കാനും കർമ്മപദ്ധതിയൊരുക്കുകയാണ് സർക്കാർ. കുട്ടികൾക്ക് രഹസ്യമായി പരാതിയറിയിക്കാൻ സ്കൂളുകളിൽ 'ഹെൽപ്പ്ബോക്സ്' സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. പരാതിയിൽ കുട്ടികളുടെ പേരെഴുതേണ്ടതില്ല. പ്രധാനാദ്ധ്യാപകൻ ആഴ്ചതോറും പരാതികൾ പരിശോധിച്ച് നടപടിയെടുക്കണം. ഗുരുതര പരാതികൾ സർക്കാരിനെ അറിയിക്കണം. വീട്ടിൽ ബന്ധുക്കളിൽ നിന്ന് ദുരനുഭവങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് കർമ്മപദ്ധതിയൊരുക്കുന്നുണ്ട്. രണ്ടാനമ്മയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലുള്ള കുട്ടികളുടെ കണക്കെടുപ്പ് സ്കൂളുകളുടെയും വിദ്യാർത്ഥി, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നടത്തും. കുട്ടികൾക്ക് ആവശ്യമായ സഹായം ഉടനടി നൽകുന്ന തരത്തിലാവും പദ്ധതി. സർക്കാർ അതീവശ്രദ്ധയോടെ ഇക്കാര്യം ചർച്ചചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
വധശിക്ഷ വരെ കിട്ടാവുന്ന അതിശക്തമായ പോക്സോ നിയമമുണ്ടെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ല. ലഹരിയുപയോഗം, കുടുംബപ്രശ്നങ്ങൾ തുടങ്ങി ക്വട്ടേഷൻ വരെ അതിക്രമങ്ങൾക്ക് കാരണമാവുന്നുണ്ട്. 2022ൽ 568 പോക്സോ കേസിലെ ഇരകൾക്ക് 12.99കോടി നഷ്ടപരിഹാരം അനുവദിച്ചിരുന്നു. 620ഇരകൾക്കായി 14.39കോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. അതിക്രമത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്കും പ്രതിയെ കണ്ടെത്താനാവാത്ത കേസിലെ ഇരകൾക്കും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവർക്കും സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ട്.
വീടുകൾ, സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, സുഹൃത്തുക്കളുടെ വീടുകൾ എന്നിവിടങ്ങളിലെല്ലാം കുട്ടികൾ ലൈംഗികാതിക്രമത്തിനിരയാവുന്നു. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518 പോക്സോ കേസുകളിൽ 5002 പ്രതികളുണ്ട്. ഇതിൽ 115 സ്ത്രീകളുമുണ്ട്.
തട്ടിയെടുക്കൽ
മാഫിയയും സജീവം
ചാക്കിലിട്ടും മിഠായി നൽകിയും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘങ്ങൾ കേരളത്തിലും സജീവമാണ്. കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും കടത്തുന്നതും കൂടുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ, 1853 കുട്ടികളെ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണക്ക്. അന്യസംസ്ഥാനക്കാരുടെയടക്കം കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് കേസില്ലാത്ത സംഭവങ്ങൾ അനവധിയാണ്. ഭൂരിഭാഗം കുട്ടികളെയും തിരിച്ചുകിട്ടിയെങ്കിലും തുമ്പില്ലാത്ത കേസുകളുമേറെ. 2018 മുതൽ 2023 മാർച്ച് വരെയുള്ള കണക്കുപ്രകാരം കാണാതായതിൽ 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ 42ആൺകുട്ടികളും 18 പെൺകുട്ടികളുമാണ്. 103 കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് അനൗദ്യോഗിക കണക്ക്. 2019-21 കാലത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 580 കുട്ടികളെ കേരളത്തിൽ നിന്ന് കടത്തിയെന്നാണ് കേന്ദ്രം പാർലമെന്റിൽ വച്ച രേഖയിലുള്ളത്.
ഒമ്പതിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ളവരാണ് കാണാതാവുന്നതിൽ അധികവും. പ്രണയിച്ച് ഒളിച്ചോടുന്നവരെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കും. എന്നാൽ അവയവ വ്യാപാരം, തീവ്രവാദം, പെൺവാണിഭം എന്നിവയ്ക്കായി വിദേശത്തേക്കും ബാലവേല, ലൈംഗികചൂഷണം, വ്യാജദത്ത് എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്കും കടത്തുന്ന കുട്ടികളെ കണ്ടെത്താനാവില്ല. ഏറ്റവുമധികം കുട്ടികളെ കാണാതായത് തിരുവനന്തപുരം റൂറലിലാണ്. ആൺകുട്ടികളെറെയും കാണാതാവുന്നത് മലപ്പുറത്തും. കുട്ടികളെ കണ്ടെത്താൻ എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സെല്ലുകളുണ്ട്.
കുട്ടികൾക്കെതിരായ അതിക്രമക്കേസുകൾ
2016--------------2879
2017--------------3562
2018--------------4253
2019--------------4754
2020--------------3941
2021--------------4536
2022--------------5640
2023--------------5903
2024--------------5140
2025--------------2872 (ജൂൺവരെ)
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസുകൾ
2016--------------33
2017--------------28
2018--------------28
2019--------------25
2020--------------29
2021--------------41
2022--------------29
2023--------------33
2024--------------23
2025--------------13 (ജൂൺവരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |