വിദ്യാർത്ഥികൾക്കു പ്രിയങ്കരനായ അദ്ധ്യാപകൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, അദ്ധ്യാപക സംഘടനാ നേതാവ്, രാഷ്ട്രീയ പ്രവർത്തകൻ, ന്യൂട്രിഷൻ കെമിസ്ട്രിയിൽ വിപ്ളവകരമായ കണ്ടെത്തലുകൾ നടത്തിയ ഗവേഷകൻ, പോഷകാഹാര വിദഗ്ദ്ധൻ, ന്യൂട്രിഷണൽ ഫുഡ് മേഖലയിലെ പ്രമുഖ വിദേശ വ്യവസായി, അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റ്... ഈയിടെ ചിക്കാഗോയിൽ അന്തരിച്ച ഡോ. എം. അനിരുദ്ധന് തിളക്കമുള്ള മേൽവിലാസങ്ങൾ നിരവധിയായിരുന്നു. എല്ലാ മേൽവിലാസത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭാശാലി! അതിസമ്പന്നതയുടെ കൊടുമുടി നെറുകയിലും ജീവിതലാളിത്യം കൈവിടാതെ ഒരു ശുഭ്രസ്മിതം സദാ മുഖത്ത് സൂക്ഷിച്ച ഡോ. അനിരുദ്ധന്റെ ജീവിതം ഏതു തലമുറയിലുള്ളവർക്കും എക്കാലവും പ്രചോദനമാണ്.
കൊല്ലം നീണ്ടകര നെടിയരികത്ത് വീട്ടിൽ മാധവന്റെയും (മാധവൻ മുതലാളി) കല്യാണിഅമ്മയുടെയും ആറാമത്തെ പുത്രനായായിരുന്നു ഡോ.എം. അനിരുദ്ധന്റെ ജനനം. കുട്ടിക്കാലവും യൗവനവും നീണ്ടകരയിൽത്തന്നെ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൊല്ലം എസ്.എൻ. കോളേജിൽ കെമിസ്ട്രി ഐച്ഛികവിഷയമായി പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കി. തുടർന്ന് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ അദ്ധ്യാപകനായി. വൈകാതെ വർക്കല എസ്.എൻ. കോളേജിലെത്തുകയും, എസ്.എൻ. ട്രസ്റ്റിനു കീഴിലുള്ള വിവിധ കോളേജുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അനിരുദ്ധന് അന്നു തുടങ്ങിയതാണ് രസതന്ത്രത്തോടുള്ള പ്രണയം!
ക്ളാസ്‌മുറിയിലെ തെളിനീരുറവ
അദ്ധ്യാപകൻ എന്ന നിലയിൽ വിദ്യാർത്ഥികളുമായി ഇടപഴകുമ്പോൾ ഒരു പ്രത്യേക മാസ്മരികത അദ്ദേഹത്തിൽ ദൃശ്യമായിരുന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏതു കാര്യത്തെക്കുറിച്ചും ലളിതമായി സംസാരിക്കുകയും, സങ്കീർണമായ പ്രശ്നങ്ങൾക്കു പോലും ലാഘവത്തോടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നു അനിരുദ്ധന്റെ രീതി. പരിചയപ്പെടുന്ന ആരിലും ആ വ്യക്തിത്വം തെളിമയോടെ പതിഞ്ഞു. രസകരവും വിജ്ഞാനപ്രദവുമായിരുന്ന അദ്ദേഹത്തിന്റെ ക്ലാസുകളെക്കുറിച്ച് പഴയ വിദ്യാർത്ഥികൾ ഇന്നും ഓർത്തിരിക്കുന്നു.
സർവകലാശാലാ ഭരണസമിതിയിലും വളരെ ചെറുപ്പത്തിൽത്തന്നെ അംഗമായി. വിദ്യാഭ്യാസ നിലവാരം പരിഷ്കരിക്കുന്നതിനും അദ്ധ്യാപനത്തിന് പുതിയ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുന്നതിനുമായി ഈ കാലഘട്ടം അദ്ദേഹം പ്രയോജനപ്പെടുത്തി. ആർ.എസ്.പിയുമായുള്ള കൂടിച്ചേരൽ ജീവിതത്തിൽ പുത്തൻ വാതായനങ്ങൾ തുറന്നു. ആർ.എസ്.പിയുടെ യുവജന വിഭാഗമായ ആർ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ആർ.എസ്.പിയിലെ ഉന്നത നേതാക്കന്മാരായ ശ്രീകണ്ഠൻ നായർ, ബേബി ജോൺ, ടി.കെ. ദിവാകരൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 1973-ൽ എ.കെ.പി.സി.ടി.എയുടെ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. സംഘടന നടത്തിയ സമരങ്ങളും ഉപവാസവും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചു.
വഴിത്തിരിവായ വിദേശയാത്ര
1973-ലാണ് ഉപരിപഠനത്തിനായി അനിരുദ്ധൻ അമേരിക്കയിലേക്കു പുറപ്പെട്ടത്. ടെക്സസ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തി പിഎച്ച്.ഡി നേടി. ഈ കാലഘട്ടത്തിൽ ന്യൂട്രീഷ്യൻ കെമിസ്ടിയിൽ ആകൃഷ്ടനാകുകയും ആ മേഖലയിലും പിഎച്ച്.ഡി കരസ്ഥമാക്കുയും ചെയ്തു. ഈ കാലയളവിൽ ലോകത്തെ പ്രമുഖ പോഷകാഹാര ഉത്പാദകരായ സാന്റോസിന്റെ ഗവേഷണ വിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. സാന്റോസിന്റെ തുടർച്ചയായുള്ള പരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ആദ്യത്തെ സ്പോർട്സ് ന്യൂട്രിഷ്യൻ ഉത്പന്നമായ 'ഐസോക്യുവർ" വികസിപ്പിച്ചു.
തുടർന്ന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ ഫുഡ് ലേബൽ റഗുലേറ്ററി കമ്മിറ്റിയിൽ അംഗമായി. സ്വന്തമായി ഒരു ന്യൂട്രീഷ്യൻ കമ്പനി ആരംഭിക്കുന്നതിനെപറ്റി ചിന്തിച്ചുതുടങ്ങിയത് അപ്പോഴാണ്. 1983-ൽ സാന്റോസിലെ ജോലി രാജിവച്ച് എസെൻ നൂട്രീഷ്യൻ കോർപ്പറേഷൻ എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചു. ഇതിനിടയിൽ ചിക്കാഗോയിൽ സ്ഥിരതാമസമാക്കി. ഡയറ്ററി മേഖലയിൽ വിപ്ളവകരമായ മുന്നേറ്റം നടത്തിയ എസെൻ ചിക്കാഗോയിലെ പ്രമുഖ സ്ഥാപനമായി അറിയപ്പെട്ടു. തുടർന്ന് ഡയബറ്റിക്സ്, സ്പോർട്സ് എന്നീ മേഖലകൾക്കും എസെൻ നൂട്രീഷ്യൻ എന്ന ലേബലിൽ ഉത്പന്നങ്ങൾ അമേരിക്കൻ മാർക്കറ്റുകളിൽ എത്തി. പൂർണ ആത്മവിശ്വാസത്തിൽ നൂട്രീഷ്യൻ ഉത്പന്നങ്ങൾ വികസിപ്പിച്ച് വിപണി കൈയടക്കി. കായിക ലോകത്തിന് മികച്ച ഉത്പന്നങ്ങൾ സംഭാവന ചെയ്തു. ചുരുങ്ങിയ കാലംകൊണ്ട് ഒരു വൻകിട വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയും അതിന്റെ അമരക്കാരനായി ചിക്കാഗോയിൽ തുടരുകയും ചെയ്തു.
അതിസമ്പന്നതയിലേക്കുള്ള ഉയർച്ചയിൽ തിരക്കുകൾക്കിടയിലെ യാത്രാസമയം കുറയ്ക്കുന്നതിനും അയൽ സംസ്ഥാനങ്ങളിൽ ബിസിനസ് ആവശ്യത്തിനായി പോയിവരാനും അനിരുദ്ധൻ ഒരു വിമാനം സ്വന്തമാക്കി. ചിക്കാഗോയിൽ സമ്പന്നർക്കുള്ള പ്രത്യേക കോളനിയിലായിരുന്നു താമസം. എയർക്രാഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. സമ്പന്നതയിലും ലാളിത്യവും എളിമയും കാത്തുസൂക്ഷിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിൽ വൻ സ്വീകാര്യത നേടി. നാട്ടിലെ പ്രമുഖരെ ചിക്കാഗോയിൽ അതിഥികളായി കൊണ്ടുവന്നു. ഇ.കെ. നായനാർ, കെ. കരുണാകരൻ, കെ.ആർ. ഗൗരിഅമ്മ, കെ.പി.പി. നമ്പ്യാർ, ഇ. അഹമ്മദ് എന്നിവർ ഇക്കൂട്ടത്തിൽ ചിലർ മാത്രം.
അമേരിക്കയിലെ മലയാളി സമൂഹത്തെ കോർത്തിണക്കി 'ഫൊക്കാന" എന്ന സംഘടനയ്ക്ക് അനിരുദ്ധൻ രൂപം നൽകി. 'ഫൊക്കാന"യുടെ സ്ഥാപക പ്രസിഡന്റായിരുന്നു. പ്രവാസികളുടെ ഏറ്റവും വലിയസംഘടനയായി 'ഫൊക്കാന"യെ മാറ്റിയെടുക്കാനായത് അദ്ദേഹത്തിന്റെ സംഘടനാ മികവ് കൊണ്ടുമാത്രമാണ്. 'ഫൊക്കാന" കേരള പ്രവേശം 2001ൽ ആദ്യമായി കേരള കൺവെൻഷനിൽ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ കഴിവും പരിശ്രമവും കൊണ്ടാണ്. എ.കെ. ആന്റണി, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവർ ഒരേ വേദി പങ്കിട്ടത് അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. . മൂന്നുതവണ അദ്ദേഹം 'ഫൊക്കാന"യുടെ പ്രസിഡന്റായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, നോർക്ക ബോർഡ് ഒഫ് ഡയറക്ടറേഴ്സ് അംഗവുമായിരുന്ന അദ്ദേഹം പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായി.
പ്രവാസികളുടെ അംബാസഡർ
മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ ഡോ. അനിരുദ്ധനെ വിശേഷിപ്പിച്ചത് അമേരിക്കൻ മലയാളികളുടെ അനൗദ്യോഗിക അംബാസഡറായിട്ടാണ്. 'ഫൊക്കാന"യെ ലോക പ്രശസ്തമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. നോർക്കയിൽ അദ്ദേഹം പൂർണമായും കർമ്മനിരതനായിരുന്നു. ലോക കേരള സഭയ്ക്ക് അദ്ദേഹം നൽകിയ പിന്തുണ നിസീമമാണ്. ആഗോള മലയാളികൾക്കുള്ള അത്താണിയായി എന്നും നിലകൊണ്ടു. പ്രളയകാലത്തും കൊവിഡ് മഹാമാരിയിലും കേരളീയരെ ചേർത്തുപിടിച്ചു. 2017-നു ശേഷം കോഴിക്കോട് കിൻഫ്ര പാർക്കിൽ 'എസെൻ ഫുഡീസ്" എന്ന പേരിൽ വ്യവസായ സംരംഭം തുടങ്ങി. ആദർശത്തിലൂന്നിയ അചഞ്ചലമായ പ്രകൃതം എപ്പോഴും അദ്ദേഹത്തിന്റെ കർമ്മരംഗത്ത് പ്രതിഫലിച്ചു.
ചിക്കാഗോയിൽ ഇക്കഴിഞ്ഞ ജൂലായ് 17-നായിരുന്നു ഡോ. അനിരുദ്ധന്റെ വിയോഗം. അമേരിക്കൻ മലയാളി സമൂഹത്തിൽ ഐക്യവും കൂട്ടായ്മയും വളർത്തി, സംഘടനാപരമായ ശക്തി ഉണ്ടാക്കിയെടുക്കുന്നതിൽ ഡോ. അനിരുദ്ധൻ മുഖ്യപങ്ക് വഹിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചന സന്ദേശത്തിൽ അറിയിച്ചിരുന്നു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക വികാസത്തിൽ മുഖ്യ പങ്കുവഹിച്ചു. അമേരിക്കയിൽ സാമ്പത്തിക വളർച്ച കൈവരിച്ചപ്പോഴും കേരളത്തെ ഡോ. അനിരുദ്ധൻ മറന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ ഫൊക്കാന കൂട്ടായ്മയും അനിരുദ്ധന്റെ വേർപാടിൽ അനുശോചിച്ചു.
ഭാര്യ നിഷയും, മക്കൾ ഡോ. അനൂപ്, അരുൺ എന്നിവരും അടങ്ങുന്നതായിരുന്നു അനിരുദ്ധന്റെ കുടുംബം. ഡോ. അനിരുദ്ധന്റെ ആഗ്രഹം പോലെ, നീണ്ടകരയിൽ അറബിക്കടലും അഷ്ടമുടിക്കായലും ഒത്തുചേരുന്നിടത്താണ് അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |