കേരളത്തിന്റെ സ്വന്തം സാമ്പത്തിക സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ (കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്) ബിസിനസ് ഒരുലക്ഷം കോടി കടന്നിരിക്കുകയാണ്. ചിട്ടിക്കമ്പനി എന്ന നിലയിൽ നിന്ന് ഏറ്റവും വിശ്വസ്തവും സുരക്ഷിതവും സുതാര്യമായ പ്രവർത്തനവും കാഴ്ചവച്ച് ധനകാര്യ മേഖലയിൽ മാതൃകാ സ്ഥാപനമായി വളർന്നതിന് കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനം, ഇടപാടുകാരിൽ വിശ്വാസ്യതയും സുരക്ഷിത ബോധവും വളർത്താനായി എന്നതുതന്നെ. സ്വർണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളും നിർണയകമായി. ആ ചരിത്രനേട്ടത്തിന്റെ നാൾവഴികൾ പങ്കുവയ്ക്കുകയാണ് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ.
? ലക്ഷം കോടി ബിസിനസ് എന്ന നേട്ടത്തിലേക്കു വഴിതെളിച്ച പ്രവർത്തനങ്ങൾ.
സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇയുടെ പ്രവർത്തനരീതി സാധാരണക്കാരിലും ഇടത്തരക്കാരിലും സമ്പാദ്യശീലം ഒരുക്കുക എന്നതാണ്. ജനകീയ അടിത്തറ വിപുലമായിരിക്കും. കൂടുതൽ ഇടപാടുകാരെ ആകർഷിക്കും. അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങൾ ഇടപാടുകാർക്ക് അനുഭവപ്പെടില്ല. കേരളസമൂഹത്തെ സാമ്പത്തികചൂഷണത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് സ്ഥാപിത ലക്ഷ്യം. പ്രതികൂലമായ സാമ്പത്തിക കാലാവസ്ഥയിലും തുടർച്ചയായി മികച്ച പദ്ധതികൾ അവതരിപ്പിച്ചു. ചിട്ടി മേഖലയിൽ ഇത്തരം പദ്ധതികൾ രാജ്യത്ത് മറ്റൊരിടത്തും ലഭിക്കാൻ സാദ്ധ്യതയില്ല. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടം.
? ഏതു തരം ചിട്ടികളാണ് ഏറെ ഗുണം ചെയ്തത്.
ഇടപാടുകാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചിട്ടികൾ, ശാഖകൾ തിരഞ്ഞെടുത്ത് നൽകുന്നു എന്നതാണ് പ്രത്യേകത. ഇടപാടുകാരിൽ പ്രവാസികൾ പ്രധാന വിഭാഗമാണ്. 121 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ചിട്ടികളിൽ പങ്കാളികളായി. ഡിവിഷൻ ചിട്ടികളും വിജയകരമായി നടത്തി. നൂതനവും വ്യത്യസ്തവും മൂല്യവർദ്ധിതവുമാണ് ചിട്ടികളെല്ലാം. ഓരോ സാമ്പത്തിക വർഷത്തിനും അനുയോജ്യമായ ചിട്ടി പദ്ധതികളുണ്ടായി. ഒടുവിൽ 'ഹാർമണി ചിട്ടി" നൂതന വിപണനതന്ത്രത്തിലൂടെ ആകർഷിച്ചു.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ഉതകുന്ന വിധത്തിലായിരുന്നു 'ഹാർമണി ചിട്ടി." ഏതൊരു നിക്ഷേപകനും റിസ്‌ക് ഫ്രീ ആയി കെ.എസ്.എഫ്.ഇ ചിട്ടികൾ അനുഭവപ്പെടുന്നുവെന്നതാണ് സവിശേഷത. ചിട്ടിപ്പണത്തിന് ആദായനികുതി നല്കേണ്ടതില്ല എന്നതാണ് മറ്റൊരു സവിശേഷത. അഞ്ചര പതിറ്റാണ്ടായി കെ.എസ്.എഫ്.ഇക്ക് യാതൊരു പ്രതിസന്ധിയും ഉണ്ടായില്ലെന്നതും ഇടപാടുകാർ പരിഗണിക്കുന്നുണ്ട്.
? സ്വീകാര്യത കൂട്ടുന്ന ഘടകങ്ങൾ.
നിക്ഷേപങ്ങളും വായ്പകളുമെല്ലാം റീട്ടെയിൽ ബാങ്കിംഗിന് സമാനമാണ്. പലിശ നിരക്കിന്റെയോ ആദായ സാദ്ധ്യതകളുടെയോ പ്രയാസം വരുന്നില്ല. ദീർഘകാല, ഹ്രസ്വകാല ചിട്ടികളെല്ലാം കുറേക്കൂടി ഉപഭോക്തൃ സൗഹൃദമായി മാറിയതും സ്വീകാര്യത കൂട്ടി. ആധുനീകരണം, സോഫ്റ്റ് വെയർ പരിഷ്‌കരണം, പണം ശേഖരിക്കാൻ വീടുകളിലേക്കെത്തുന്നത്, ജീവനക്കാരിൽ നിന്ന് മികച്ച സേവനം... തുടങ്ങിയവയെല്ലാമാണ് നാലുവർഷം കൊണ്ട് ബിസിനസ് ഇരട്ടിയാകാൻ കാരണമായത്.
? പുതിയ പദ്ധതികൾ, ലക്ഷ്യങ്ങൾ.
മലയാളികൾക്ക് സുപരിചിതമായ പേരാണ് കെ.എസ്.എഫ്.ഇ എന്നത്. ഹ്രസ്വ - ദീർഘ കാലയളവിൽ പലതരം ചിട്ടി സ്‌കീമുകൾ കെ.എസ്.എഫ്.ഇ നടത്തുന്നുണ്ട്. അവ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ചെറുപ്പക്കാർക്കിടയിലും വയോജനങ്ങളിലുമെല്ലാം സ്വീകാര്യമാക്കുക, വിദ്യാഭ്യാസ വായ്പകൾ കൂടുതൽ ആകർഷകമാക്കുക തുടങ്ങിയ പദ്ധതികളെല്ലാം ആലോചനയിലുണ്ട്. ഹെൽത്ത് ഇൻഷ്വറൻസ് അടക്കമുള്ളവയും ഭാവി പദ്ധതികളിലുണ്ട്. പുതിയ ബ്രാഞ്ചുകൾ തുടങ്ങിയും ടെക്‌നോപാർക്ക് പോലുള്ള ചില മേഖലകളിൽ സാന്നിദ്ധ്യം ശക്തമാക്കിയും പ്രവർത്തനം വിപുലമാക്കും. ചിട്ടിക്കൊപ്പം വായ്പ പോലെയുള്ളവയിലും ശ്രദ്ധ കേന്ദ്രീകരിച്ചതും കെ.എസ്.എഫ്.ഇയുടെ ഉയർച്ചയ്ക്ക് അനുഗുണമായി. കൂടുതൽ ഇടപാടുകാരെ ആകർഷിച്ച് ഭാവി ലക്ഷ്യങ്ങൾ വർദ്ധിത വീര്യത്തോടെ നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |