പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കൂടുതലും കേൾക്കുന്നത് പരാധീനതകളുടെയും നഷ്ടക്കണക്കുകളുടെയും കഥകളാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വലിയൊരു നേട്ടത്തിന്റെ കണക്കാണ് കേരളത്തിലെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ മുന്നോട്ടു വച്ചിരിക്കുന്നത്. വർഷം ഒരു ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ച് ഇന്ത്യയിലെ ബാങ്കിതര സ്ഥാപനങ്ങളിൽ കെ.എസ്.എഫ്.ഇ മുൻനിരയിലെത്തിയത് വലിയ നേട്ടം തന്നെയായി പ്രകീർത്തിക്കപ്പെടേണ്ടതാണ്. ചിട്ടിയും, റീട്ടെയിൽ ബാങ്കിംഗിനു സമാനമായ നിക്ഷേപങ്ങളുമാണ് ഈ വിജയത്തിനു കാരണം. നാട്ടിൽ ചിട്ടി നടത്തി പൊട്ടി ജനങ്ങളുടെ കോടികൾ വരുന്ന നിക്ഷേപങ്ങളുമായി മുങ്ങുന്ന സ്വകാര്യ ചിട്ടി നടത്തിപ്പ് സ്ഥാപനങ്ങളുടെ ചതികൾ ആവർത്തിച്ച് വാർത്തയാകുന്നതിനിടയിലാണ് കെ.എസ്.എഫ്.ഇ ഈ അസാമാന്യ നേട്ടം കൈവരിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിലും ഈ സ്ഥാപനം വൻകിട ബാങ്കുകൾക്കൊപ്പം എത്തിയിരിക്കുകയാണ്. മൊബൈൽ ആപ്പിലൂടെയും സ്വന്തം ഐ.എഫ്.എസ് (ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം) കോഡിലൂടെയുമുള്ള ഇലക്ട്രോണിക് പണമിടപാടുകളും ബിസിനസ് കുതിപ്പിന് സഹായകമായി. പ്രവാസി ചിട്ടികളും ഡിവിഷൻ ചിട്ടികളും സർക്കാർ ഗ്യാരന്റിയോടെയുള്ള നിക്ഷേപങ്ങളും മിതമായ പലിശ നിരക്കിലുള്ള വായ്‌പകളും കെ.എസ്.എഫ്.ഇയുടെ മാത്രം സവിശേഷതകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 1000 കോടിയുടെ പുതിയ ചിട്ടികൾ തുടങ്ങിയതും നടപ്പു സാമ്പത്തിക വർഷം വായ്‌പകൾ തുടക്കത്തിൽത്തന്നെ 10,000 കോടി കവിഞ്ഞതുമാണ് ആകെ ബിസിനസ് ഒരു ലക്ഷം കോടിയിലെത്തിച്ചത്. കഴിഞ്ഞ നാലര വർഷം കൊണ്ട് ബിസിനസ് ഇരട്ടിയിലെത്തിക്കാൻ കഴിഞ്ഞതിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും കെ.എസ്.എഫ്.ഇയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ചെയർമാൻ
കെ. വരദരാജൻ , മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ തുടങ്ങി മുഴുവൻ ജീവനക്കാരും അഭിനന്ദനം അർഹിക്കുന്നു.
ജീവനക്കാരും ഏജന്റുമാരും ബിസിനസ് പ്രൊമോട്ടർമാരും അപ്രൈസർമാരുമെല്ലാം ചേർന്നുള്ള കൂട്ടായ യത്നത്തിന്റെ ഭാഗമായതാണ് സ്ഥാപനത്തിന് ഈ ഉജ്ജ്വല നേട്ടം കൈവരിക്കാനായത്. മൂവായിരത്തോളം പേർക്ക് കഴിഞ്ഞ വർഷങ്ങളിൽ നിയമനം നൽകാനും ഈ പൊതുമേഖലാ സ്ഥാപനത്തിന് കഴിഞ്ഞതും എടുത്തുപറയേണ്ട നേട്ടമാണ്.
കൂണുകൾ പോലെ മുളച്ചുപൊങ്ങി ക്ഷണമാത്രയിൽ പൊട്ടിപ്പോകുന്ന നിരവധി പുതിയ ചിട്ടിക്കമ്പനികൾ ഉള്ള ഈ നാട്ടിൽ കെ.എസ്.എഫ്.ഇയെ വേറിട്ടു നിറുത്തുന്നത് അതിന്റെ വിശ്വാസ്യതയാണ്. സർക്കാർ ഗ്യാരന്റിയുള്ള ചിട്ടിയും നിക്ഷേപവുമായതിനാൽ ആർക്കും പണം നഷ്ടപ്പെടുന്ന പ്രശ്നം ഉദിക്കുന്നില്ല.
കെ.എസ്.എഫ്.ഇ പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമ്പോൾ ചെറുകിട വ്യവസായങ്ങൾക്ക് ഏറെ സഹായം കെ.എഫ്.സി നൽകുന്നു. രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംസ്ഥാന ബഡ്‌ജറ്റിനു തുല്യമായ തുകയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഇതെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാക്കുകൾ പൂർണമായും ശരിയാണ്. ഈ സന്ദർഭത്തിൽ കെ.എസ്.എഫ്.ഇയ്ക്ക് തുടക്കം കുറിച്ച ഇ.എം.എസിന്റെ സപ്തകക്ഷി സർക്കാരിലെ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ ദീർഘവീക്ഷണത്തെ സ്‌മരിക്കാതിരിക്കുന്നതും ശരിയല്ല. അഞ്ച് ദശാബ്ദത്തിനപ്പുറം രാജ്യത്തെ ഏറ്റവും മുൻനിര ചിട്ടിക്കമ്പനിയായി കെ.എസ്.എഫ്.ഇ മാറുമെന്ന് അന്ന് പി.കെ. കുഞ്ഞ് പോലും കരുതിക്കാണില്ല. പത്തു ശാഖകളും 45 ജീവനക്കാരുമായി ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് 683 ശാഖകളും ഒൻപതിനായിരത്തോളം ജീവനക്കാരും ഉണ്ടെന്നത് ചെറിയ കാര്യമല്ല. വരും വർഷങ്ങളിൽ കെ.എസ്.എഫ്.ഇ കൂടുതൽ വിജയഗാഥകൾ രചിക്കട്ടെ എന്ന് ആശംസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |