തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന പല പ്രവണതകളും മാരക രോഗങ്ങള്‍ക്ക് പോലും സാദ്ധ്യതയുള്ളതാണ്. അടുത്തിടെ പുറത്ത് വന്ന ചില കണക്കുകള്‍ വ്യക്തമാക്കുന്നത് കേരളത്തിലെ എച്ച്‌ഐവി ബാധിതരില്‍ നല്ലൊരു പങ്കും യുവാക്കളാണെന്നാണ്. 2024-25ലെ കണക്ക് അനുസരിച്ച് 14 ശതമാനം രോഗികളും 19നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. 1213 പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 197പേര്‍ ഈ പ്രായപരിധിയില്‍പ്പെട്ടവരായിരുന്നു.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് യുവാക്കളില്‍ രോഗവ്യാപനമുണ്ടാകാന്‍ കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി മരുന്ന് കുത്തിവയ്ക്കല്‍, അണുബാധയുള്ള ടാറ്റൂ സൂചി ഉപയോഗിക്കല്‍ എന്നിവയാണ് രോഗവ്യാപനം യുവാക്കളില്‍ കൂടിവരുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങള്‍. എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നിഗമനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്നിലൂടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊര്‍ജിതമാക്കാനാണ് തീരുമാനം. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
2020 മുതല്‍ 2025 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 19-25 പ്രായപരിധിയിലുള്ള 585 പേരിലാണ് രോഗബാധ കണ്ടെത്തിയത്. വര്‍ഷം തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ 2024-25ല്‍ ആണ് കൂടുതല്‍ രോഗികള്‍. 197 പേര്‍ക്കാണ് അസുഖം ബാധിച്ചത്. 2023-24ല്‍ 181, 2022-23ല്‍ 131, 2021-22ല്‍ 76 എന്നിങ്ങനെയാണ് രോഗം ബാധിച്ച യുവാക്കളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |