തെരുവുനായ ശല്യം ഏറ്റവും അലട്ടുന്നത് ഇന്ത്യയിലെ നഗരപ്രദേശങ്ങളെയാണ്. ഗ്രാമങ്ങളിൽ വളർത്തുനായ്‌ക്കളാണ് കൂടുതലും. അതിനെ നോക്കാനും ഭക്ഷണം നൽകാനും ഉടമസ്ഥർ ഉള്ളതിനാൽ തെരുവുനായ്‌ക്കളോളം ശല്യക്കാരല്ല. പഴയ കാലത്ത് നായ്‌ക്കളുടെ എണ്ണം കൂടുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ നായപിടിത്തക്കാരെ വിട്ട് അവയെ പിടിച്ചുകൊണ്ടുപോയി മരുന്നു കുത്തിവച്ച് കൊല്ലുമായിരുന്നു. അതിനാൽ തെരുവുനായ്ക്കളുടെ എണ്ണം ഒരു പരിധിവിട്ട് ഉയർന്നിരുന്നില്ല. മൃഗസ്‌നേഹികളുടെ ഇടപെടലിനെത്തുടർന്ന് നായ്‌ക്കളെ കൊല്ലാൻ പാടില്ലെന്നും,കൊന്നാൽ കേസെടുത്ത് ശിക്ഷിക്കുമെന്നും സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിനു ശേഷമാണ് തെരുവുനായ്ക്കളുടെ എണ്ണം നഗരങ്ങളിൽ ക്രമാതീതമായി ഉയർന്നത്. തെരുവിൽ വളരുന്നതിനാൽ ഇവയ്ക്ക് പേയുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു നിശ്ചയവും ആർക്കും ഇല്ലാതാവുകയും ചെയ്തു!
രാത്രിയിൽ ഒറ്റയ്ക്ക് പോകുന്നവരെയും മറ്റും കൂട്ടംകൂടി തെരുവുനായ‌്‌ക്കൾ ആക്രമിക്കുന്നതും ഇരുചക്ര വാഹനങ്ങളുടെ മുന്നിൽ ചാടി റോഡപകടങ്ങൾക്ക് ഇടയാക്കുന്നതും ഇന്നിപ്പോൾ എവിടെയും ആവർത്തിക്കുന്ന സംഭവങ്ങളായി മാറിയിരിക്കുന്നു. നായ്ക്കളെയെല്ലാം പിടിച്ച് ഷെൽട്ടറുകളിലാക്കി താമസിപ്പിക്കണമെന്നത് ഇന്ത്യയുടെ സാഹചര്യത്തിൽ പ്രായോഗിക തലത്തിൽ പരാജയപ്പെടുന്ന ഒരു നിർദ്ദേശമാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മനസിലാക്കാവുന്നത്. ഷെൽട്ടറുകളുടെ സംരക്ഷണം മൃഗസ്‌നേഹി സംഘടനകളെ ഏല്പിക്കുകയും അവർക്ക് സർക്കാർ ഗ്രാന്റ് നൽകുകയും സ്‌പോൺസർഷിപ്പിലൂടെയും മറ്റും പണം കണ്ടെത്താൻ അനുവദിക്കുകയും ചെയ്യുക എന്നതു മാത്രമാണ് നിലവിൽ ഇതിനുള്ള പോംവഴി. എന്നാൽ ഒരു മൃഗസ്നേഹി സംഘടനയും ഷെൽട്ടറുകൾ നടത്താൻ തയ്യാറാണെന്ന് ഒരു ഹർജിയിലും ഒരു കോടതിയെയും അറിയിച്ചിട്ടില്ല.
പേവിഷബാധയുള്ള നായ്‌ക്കളുടെ കടിയേറ്റ് നിരവധി കുട്ടികൾ കേരളത്തിൽ മരിച്ചിട്ടുണ്ട്. റാബീസ് വാക്‌സിൻ എടുത്തവരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു എന്നത് അത്യധികം ആശങ്കയുണർത്തുന്നതാണ്. ഡൽഹിയിൽ ആറുവയസുകാരി പേവിഷബാധയേറ്റ് മരിച്ചതിനു പിന്നാലെ സ്വമേധയാ കേസെടുത്തുകൊണ്ട് ഡൽഹിയിലെ മുഴുവൻ തെരുവുനായ്ക്കളെയും എട്ടാഴ്ചയ്ക്കകം ഷെൽട്ടർ പണിത് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്‌നേഹി സംഘടനകളെ ഇടപെടാൻ കോടതി അനുവദിച്ചതുമില്ല. പേവിഷബാധയേറ്റു മരിച്ച കുട്ടികളെ മൃഗസ്നേഹികൾ വിചാരിച്ചാൽ തിരിച്ചുതരാനാകുമോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. നായ്‌ക്കളെ പിടികൂടുന്നതിനെ എതിർത്ത് സംഘടനകളോ വ്യക്തികളോ വന്നാൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ജെ.ബി. പർദ്ദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഡൽഹിയിൽ മാത്രമല്ല തെരുവുനായ ശല്യമുള്ളത്. ഈ നടപടി ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും നടത്തേണ്ടിവരും. പ്രായോഗിക തലത്തിൽ അത് പരാജയപ്പെടാനാണ് എല്ലാ സാദ്ധ്യതയുമുള്ളത്.
നായ്ക്കളെ കൊല്ലാൻ പാടില്ല എന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാരിന് പുതിയ നിയമം കൊണ്ടുവരാൻ അധികാരമുണ്ട്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടത്. സുപ്രീംകോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ അപ്രായോഗികമായ എ.ബി.സി ചട്ടങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവ് നായ്‌ക്കളെ വന്ധീകരിച്ച്, പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടണമെന്നത് ഈ പ്രശ്നത്തിന്റെ വരുംവരായ്‌കകളെക്കുറിച്ച് യാതൊരു നിശ്ചയവുമില്ലാത്ത ഏതോ ഉദ്യോഗസ്ഥൻ എഴുതിച്ചേർത്ത വ്യവസ്ഥയാണെന്നു വേണം കരുതാൻ. അങ്ങനെ ചെയ്യുന്നത് എന്തിനെന്ന് കോടതി തന്നെ ഇപ്പോൾ ചോദിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അതത് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ് വേണ്ടത്. ഏതുവിധേനയായാലും ഈ പ്രശ്നത്തിനൊരു പ്രായോഗിക പരിഹാരം ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |