പോരാ പോരാ.
നാളിൽ നാളിൽ
ദൂര ദൂരമുയരട്ടെ
ഭാരതാക്ഷ്മ ദേവി
തൻ തൃപ്പതാകകൾ...
മലയാളികൾക്ക് സുപരിചിതമാണ് മഹാകവി വള്ളത്തോളിന്റെ ഈ വരികൾ. കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്തെ ഒരു പ്രമുഖ സ്ഥാപനത്തിൽ, നൂറ് അടി പൊക്കമുള്ള സ്തംഭത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തുന്നതിന് ഒരു വമ്പിച്ച ജനാവലിക്കൊപ്പം ഈയുള്ളവനും സാക്ഷ്യം വഹിച്ചു. ത്രിവർണ പതാക അങ്ങനെ മന്ദം മന്ദം ആകാശത്തേക്കുയരുന്നത് കണ്ടുനിൽക്കവേയാണ് വള്ളത്തോളിന്റെ വരികൾ ഓർമയിലെത്തിയത്. വിവാദം ലാഭകരമായ വ്യവസായമായി തഴച്ചു വളരുന്ന കേരളത്തിൽ, അടുത്ത കാലത്തായി ഭാരതാംബയും തൃപ്പതാകയും പോലും വിവാദ വിഷയങ്ങളാണല്ലോ എന്ന് അപ്പോൾ ചിന്തിച്ചു പോയി. വിവാദങ്ങളല്ല ഇവിടെ വിഷയം.
നാളെ ആഗസ്റ്റ് പതിനഞ്ച്. സ്വാതന്ത്ര്യ ദിനം. നാടുനീളെ ഭാരതാക്ഷ്മ ദേവിയുടെ തൃപ്പതാകകൾ ഉയരും. ത്രിവർണ പതാക ഉയർത്തുന്നവരാരും സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലത്തും ആ പതാകയ്ക്കു പിന്നിലെ വ്യക്തിയെ ഓർക്കാറേയില്ല. അർഹമായ രീതിയിൽ വാഴ്ത്തപ്പെടാതെയും വിലപിക്കപ്പെടാതെയും വിടപറഞ്ഞു പോയ ആ ചെറിയ, വലിയ മനുഷ്യനെ സ്വതന്ത്ര ഭാരതത്തിൽ ഇന്ന് അധികമാർക്കും, പ്രത്യേകിച്ച് പുത്തൻ തലമുറയ്ക്ക് അറിയില്ലെന്നതാണ് ദു:ഖകരമായ സത്യം.
ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച്, ദാരിദ്ര്യത്തിൽ ജീവിച്ച്, ദരിദ്രനായി അന്തരിച്ച പിംഗളി വെങ്കയ്യയാണ് ദേശീയ പതാക രൂപകല്പന ചെയ്തതെന്ന സത്യം പോലും അംഗീകരിച്ചു കൊടുക്കാൻ കൂട്ടാക്കാത്തവരുണ്ട് എന്നതാണ് ഏറെ ദുഃഖകരം. അവകാശവാദങ്ങളൊന്നും അദ്ദേഹമോ അനന്തരാവകാശികളോ ഉന്നയിച്ചില്ല. അർഹമായ അംഗീകാരമോ ആദരവോ ആരും നൽകിയതുമില്ല. 'ആസാദി കാ അമൃത് മഹോത്സവം" അദ്ദേഹത്തിന്റെ നൂറ്റി നാല്പത്താറാം ജന്മവാർഷികത്തിൽ ആയിരുന്നതിനാൽ ആദരസൂചകമായി തപാൽ വകുപ്പ് ഒരു 'സ്റ്റാമ്പ്" ഇറക്കി. ആകാശവാണി, അതിന്റെ വിജയവാഡാ നിലയത്തിന് പിംഗളി വെങ്കയ്യയുടെ പേരും നൽകി- അത്ര മാത്രം. അതിനിടെ, 'പതാകാ ശില്പി പിംഗളി വെങ്കയ്യ" എന്ന ശീർഷകത്തിൽ അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം തെലുങ്കിൽ ഡോ. വെണ്ണ വല്ലഭ റാവു രചിച്ചിട്ടുണ്ട്.
പിംഗളി വെങ്കയ്യ ആന്ധ്രയിലെ മച്ഛലീപട്ടണത്തിൽ കുറേക്കാലം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. മറ്റു ചില പണികളും അദ്ദേഹത്തിന് ചെയ്യേണ്ടി വന്നു. അക്കാരണത്താൽ അനേകം വിളിപ്പേരുകളിൽ അദ്ദേഹം അറിയപ്പെട്ടു. പത്തി വെങ്കയ്യ, വജ്ര വെങ്കയ്യ, ജപ്പാൻ വെങ്കയ്യ എന്നിങ്ങനെ...! ഒരോ പേരിനും ഒരോ കാരണവുമുണ്ട്. കൂടാതെ ദേശീയ പതാക രൂപകല്പന ചെയ്തതു കൊണ്ട് 'ജണ്ട വെങ്കയ്യ" എന്നും അദ്ദേഹം അറിയപ്പെട്ടു. സ്വാതന്ത്ര്യത്തിനായുള്ള അതിയായ അഭിവാഞ്ഛയാണ് പിംഗളി വെങ്കയ്യയെ ദേശീയപതാക രൂപകല്പന ചെയ്യാൻ പ്രേരിപ്പിച്ചത്. പല തരത്തിലുള്ള പതാകകൾ അദ്ദേഹം ഭാരതത്തിനു വേണ്ടി പരീക്ഷണാർത്ഥം തയ്യാറാക്കികൊണ്ടിരുന്നു. കൂടാതെ, മുപ്പത്തോളം വ്യത്യസ്ത പതാകകൾ വരച്ചുചേർത്ത് 'ഇന്ത്യയ്ക്ക് ഒരു പതാക" എന്നൊരു പുസ്തകം തയ്യാറാക്കി മഹാത്മാ ഗാന്ധിക്ക് സമർപ്പിച്ചു.
ഒടുവിൽ മഹാത്മജിയുടെ നിർദേശപ്രകാരമാണ് ദേശീയ പതാകയ്ക്ക് അന്തിമ രൂപം നൽകിയത്. പാതി കുങ്കുമ വർണവും മറുപാതി ഹരിത നിറവുമായി, മദ്ധ്യത്തിൽ ചർക്ക ആലേഖനം ചെയ്ത് പിംഗളി തയ്യാറാക്കിയ പതാകയിൽ ചില മാറ്റങ്ങൾ ഗാന്ധിജി നിർദേശിച്ചു. മുകളിൽ കുങ്കുമനിറവും താഴെ ഹരിതവുമായുള്ള പതാകയുടെ നടുവിൽ വെള്ളനിറം കൂടി വേണമെന്ന് മഹാത്മജി അഭിപ്രായപ്പെട്ടു. അങ്ങനെ നിർദ്ദേശിക്കാൻ ഗാന്ധിജിക്ക് അദ്ദേഹത്തിന്റേതായ വിശദീകരണമുണ്ട്. പ്രതീകാത്മകമാണ് മൂന്ന് നിറങ്ങൾ. മൂന്ന് നിറങ്ങളുള്ള പുതിയ പതാക തയ്യാറായപ്പോൾ വീണ്ടും പ്രതീകാത്മകമായ മറ്റൊരു മാറ്റം കൂടി വരുത്തി. വെള്ളനിറത്തിന്റെ ഒത്ത നടുവിലായി ചർക്കയ്ക്ക് പകരം അശോക ചക്രം ആലേഖനം ചെയ്യാൻ ഭരണഘടനാ നിർമ്മാണ സഭയിൽ തീരുമാനമുണ്ടായി.
മഹാത്മജിക്ക് അത് അത്ര സ്വീകാര്യമായിരുന്നില്ല. ചർക്ക തന്നെ വേണമെന്നായിരുന്നത്രെ അദ്ദേഹത്തിന്റെ താത്പര്യം. അശോകചക്രം സമാധാനത്തിന്റെ പ്രതീകം എന്ന നിലയ്ക്കാണ് ഗാന്ധിജി ഒടുവിൽ സമ്മതം മൂളിയത്. കെ.എം. മുൻഷിയും മറ്റും ആ ചക്രത്തെ സുദർശന ചക്രമായാണ് കണ്ടത്. സുദർശന ചക്രം എന്ന വ്യാഖ്യാനത്തെയും ഗാന്ധിജി എതിർത്തിരുന്നു. അന്തിമരൂപം നൽകിയ ചക്രാങ്കിത ത്രിവർണ ദേശീയ പതാക 1947 ജൂലായ് 22-ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ചു.
പിംഗളി വെങ്കയ്യ ആദ്യം തയ്യാറാക്കിയ, മദ്ധ്യത്തിൽ ചർക്ക ചിഹ്നമുള്ള ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് 1923 ഏപ്രിലിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ നാഗ്പൂരിൽ സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിലാണ്. അന്നവിടെ ബ്രിട്ടീഷ് പോലീസിൽ നിന്ന് ക്രൂരമായ പ്രതികാര നടപടികൾ ഉണ്ടായി. തുടർന്ന് സ്വരാജ് പതാക എന്ന് സ്വാതന്ത്ര്യ സമര സേനാനികൾ അഭിമാനപുരസരം വിശേഷിപ്പിച്ച ആ പതാകയുമേന്തി പ്രകടനം നടത്തുന്നതും സംഘടിതമായി പതാക ഉയർത്തുന്നതും ഒരു വലിയ മുന്നേറ്റമായി, പ്രസ്ഥാനമായി മാറി. സ്വരാജ് പതാക ഉയർത്തുന്നതിനെതിരെ ബ്രിട്ടീഷ് ഭരണകൂടം പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു.
ദേശീയ പതാകയുടെ രൂപകല്പന പിംഗളി വെങ്കയ്യയുടേതല്ലെന്ന് സ്വതന്ത്ര ഭാരതത്തിൽ വാദമുയർന്നു. സുരയ്യ ത്യാബ്‌ജി എന്നൊരു വനിതയാണ് 'തിരങ്ക" എന്ന പേരിൽ രാജ്യത്തുടനീളം അറിയപ്പെടുന്ന പതാക സംവിധാനം ചെയ്തത് എന്നായി ചിലരുടെ വാദം. ഡൽഹി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റും ആയിരുന്ന ഷീലാ ദീക്ഷിതും ഈ വാദം ശരിവച്ചിട്ടുമുണ്ട്. പിംഗളി വെങ്കയ്യയുടെ അന്ത്യ നാളുകൾ, പക്ഷെ, പരിതാപകരമായിരുന്നു. ഭക്ഷണത്തിനു പോലും അദ്ദേഹം നന്നേ ബുദ്ധിമുട്ടി. പട്ടാളത്തിലിരിക്കെ ക്ഷയരോഗം ബാധിച്ചു മരിച്ച തന്റെ മകന് അനുവദിച്ചു കിട്ടിയ ഒരു തുണ്ട് ഭൂമിയിൽ, ഒരു ചെറ്റക്കുടിലിൽ കിടന്നാണ് പിംഗളി വെങ്കയ്യ അന്ത്യശ്വാസം വലിച്ചത്.
ആരോടും അദ്ദേഹം ഒന്നും ആവശ്യപ്പെട്ടില്ല. ആരും ഒന്നും അദ്ദേഹത്തിന് അറിഞ്ഞ് നൽകിയതുമില്ല. ഡൽഹിയിലെ ചെങ്കോട്ടയിൽ ത്രിവർണക്കൊടി ഉയർത്തുന്നത് ഒരിക്കലെങ്കിലും ഒന്ന് നേരിട്ടു കാണണം എന്നതു മാത്രമായിരുന്നു പിംഗളിയുടെ ആഗ്രഹം. അത് നടന്നില്ല. അദ്ദേഹം 1963, ജൂലായ് നാലിന് പിരിഞ്ഞു. അതിനു മുമ്പ്, 1947ൽ സ്വാതന്ത്ര്യം നേടിയ ശേഷം എത്രയെത്ര വർഷങ്ങളിൽ, എത്രയോ ഏറെ പ്രാവശ്യം ചുവപ്പുകോട്ടയിൽ ആർഭാടത്തോടെ ദേശീയ പതാക ഉയർത്തി. ആരും അദ്ദേഹത്തെ ക്ഷണിച്ചില്ല. ഒടുവിൽ, അന്ത്യയാത്രയിൽ അദ്ദേഹത്തെ അനുഗമിക്കാൻ വിരലിൽ എണ്ണാവുന്നവർ മാത്രം.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പിംഗളിയെ ഓർക്കുമ്പോൾ, അതിനൊപ്പം, ഇന്ന് ആഗസ്റ്റ് പതിനാല്, മറക്കാനോ മറച്ചു വയ്ക്കാനോ ആവാത്ത വിഭജനത്തിന്റെ ഭീതിജനകമായ ഓർമ്മയും മനസിൽ നിറയുന്നു. എഴുപത്തെട്ടാണ്ടു മുമ്പ് ഈ ദിവസമാണ് ഇന്ത്യ മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ടത്. എത്രയേറെ ചോരപ്പുഴകൾ ഒഴുകി, എത്രയെത്ര കൂട്ടക്കൊലകൾ നടന്നു! ആഗസ്റ്റ് പതിനഞ്ച് അഭിമാനവും ആഹ്ലാദവും ഉയർത്തുമ്പോൾ, ആഗസ്റ്റ് പതിനാല് ഭീതിയാണ് ഉണർത്തുന്നത്. ഇതു സംബന്ധിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആഹ്വാനം കൂടി ഇവിടെ കുറിക്കട്ടെ:
'പതിനായിരക്കണക്കിന് സഹോദരീ സഹോദരന്മാർ, മന:സാക്ഷിയില്ലാതെയുള്ള വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഫലമായി യാതന അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്തതിന്റെ നീറുന്ന സ്മരണയ്ക്കും, ഭിന്നിപ്പിക്കുകയെന്ന വിഷലിപ്ത പ്രവണത സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാനും, സാമൂഹ്യ ഐക്യവും സമരസതയും ശാക്തീകരണവും ശക്തിപ്പെടുത്താനും ആഗസ്റ്റ് പതിനാല് വിഭജനഭീതി സ്മൃതിദിനമായി ആചരിക്കപ്പെടണം." നിർഭാഗ്യമെന്നേ പറയേണ്ടൂ, കേരളത്തിൽ അതും ഇതിനകം വിവാദമായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |