SignIn
Kerala Kaumudi Online
Friday, 15 August 2025 1.15 AM IST

അതുല്യ, വിപഞ്ചിക... സ്ത്രീധന പീഡനത്തിന്റെ ഇരകൾ

Increase Font Size Decrease Font Size Print Page
as

കേരളത്തിലെക്കാൾ നിയമങ്ങൾ ശക്തവും കർക്കശവുമാണ് ഗൾഫ് നാടുകളിലെന്നാണ് പൊതുവായ ധാരണ. ഏറെക്കുറെ അത് ശരിയായ വസ്തുതയുമാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃപീഡനവും ഭർതൃ ബന്ധുക്കളുടെ പീഡനവും താങ്ങാനാകാതെ ജീവനൊടുക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ ആശങ്കയുണർത്തുന്ന വിധം ഉയരത്തിലാണ്. എന്നാൽ ഗൾഫ് നാടുകളിൽ പോലും മലയാളി യുവതികൾ ഭർതൃപീഡനത്തിന് ഇരയായി ജീവനൊടുക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് യുവതികൾ അടുത്തടുത്ത ദിവസങ്ങളിൽ ഷാർജയിൽ ജീവനൊടുക്കിയ സംഭവം അത്യന്തം ഹൃദയ ഭേദകമായിരുന്നു. ഇതിൽ ഒരു യുവതി തന്റെ ഒന്നേകാൽ വയസ് മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുമായാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ജൂലായ് 19 നാണ് കൊല്ലം കോയിവിള തേവലക്കര സ്വദേശി ടി. അതുല്യ (30)യെ ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ (40) ക്രൂരപീഡനത്തെ തുടർന്നാണ് താൻ ജീവനൊടുക്കിയതെന്ന് കുറിപ്പെഴുതിയും ഡിജിറ്റൽ തെളിവുകൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്ത ശേഷം അതുല്യ ജീവനൊടുക്കിയത്. എന്നാൽ വിദേശത്തിരുന്ന് മുൻകൂർ ജാമ്യം നേടിയ സതീഷ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അതുല്യയുടെ കുടുംബത്തെ മാത്രമല്ല, നിയമവ്യവസ്ഥയെ മാനിക്കുന്നവരെപ്പോലും ഞെട്ടിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ആഗസ്റ്റ് 10ന് പുലർച്ചെ അതീവ രഹസ്യമായി വന്നിറങ്ങിയ സതീഷിനെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത പൊലീസ് ജാമ്യത്തിൽ വിട്ടശേഷം മാത്രമാണ് വിവരം അതുല്യയുടെ ബന്ധുക്കൾ അറിയുന്നത്. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത സതീഷിനെ വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. കൊല്ലം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്താണ് സതീഷ് ഗൾഫിൽ നിന്നെത്തിയത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത കൊല്ലം ക്രൈംബ്രാഞ്ച് സംഘം വലിയതുറ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ അറസ്റ്റുചെയ്ത ശേഷം കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് നടപടികൾ പൂർത്തിയാക്കി വിട്ടയക്കുകയായിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി. രാജു മുൻകൂർ ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് സതീഷിനെ വിട്ടയച്ചത്. 10 ദിവസത്തിനകം അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണവുമായി സതീഷ് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അറിഞ്ഞില്ലെന്ന്

അതുല്യയുടെ കുടുംബം

സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചതും നാട്ടിലെത്തി ജാമ്യത്തിലിറങ്ങിയതും അതുല്യയുടെ കുടുംബം അറിഞ്ഞതേയില്ല. മകളുടെ ദുരൂഹ മരണം സംബന്ധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നൽകിയ റിപ്പോർട്ടിൽ 'തൂങ്ങിമരണം' എന്ന് രേഖപ്പെടുത്തിയതാണ് മുൻകൂർ ജാമ്യം ലഭിക്കാൻ സതീഷിന് പിടിവള്ളിയായത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിർദ്ദേശത്തെ തുടർന്ന് അതുല്യയുടെ മാതാവ് തുളസീഭായി ചൊവ്വാഴ്ച കൊല്ലത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ സംഘത്തിന് മൊഴി നൽകി. തുളസീഭായി പരാതിക്കൊപ്പം തെളിവായി നൽകിയ വീഡിയോ ദൃശ്യങ്ങളും മറ്റു രേഖകളും അന്വേഷണ സംഘത്തിന് കൈമാറി. ഇവയുടെ നിജസ്ഥിതി പരിശോധിക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാകും സതീഷിനെ അന്വേഷണസംഘം ചോദ്യം ചെയ്യുക. സ്ത്രീധനത്തിന്റെ പേരിൽ സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.

അതുല്യക്ക് ക്രൂര പീഡനം

ഷാർജയിലെ ഫ്ളാറ്റിൽ ജൂലായ് 19നാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് സതീഷ് അതുല്യയെ കസേരകൊണ്ട് അടിക്കാൻ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു. സതീഷിന്റെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ ചിത്രങ്ങളും അതുല്യ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തിരുന്നു. സതീഷ് ബഹളം വയ്ക്കുന്നതും അതുല്യ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ ബന്ധുക്കൾ ഷാർജ പൊലീസിലും പരാതി നൽകിയിരുന്നു. സതീഷ് -അതുല്യ ദമ്പതികളുടെ 10 വയസുകാരിയായ മകൾ ആരാധിക നാട്ടിൽ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ദുബായിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ എൻജിനിയറായ സതീഷും അതുല്യയും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. അതുല്യ മരിക്കുന്നതിന്റെ തലേ ദിവസവും വഴക്കുണ്ടായി. പിന്നാലെ സതീഷ് അജ്മാനിലേക്ക് പോയി. അടുത്ത ദിവസം മടങ്ങി എത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത്. ഫ്ളാറ്റിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയാണ് സതീഷ് ജോലിക്ക് പോയിരുന്നതെന്ന് അതുല്യയുടെ ഷാർജയിലുള്ള സുഹൃത്തുക്കളും ആരോപിച്ചിരുന്നു. മൂന്നുമാസം മുമ്പാണ് അതുല്യ നാട്ടിലെത്തി മടങ്ങിയത്. സതീഷിന്റെ നിരന്തര പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു. സതീഷുമായുള്ള ബന്ധം വേർപെടുത്താൻ പലതവണ തങ്ങൾ പറഞ്ഞിട്ടും കുഞ്ഞിനെയോർത്ത് മകൾ എല്ലാം സഹിക്കുകയായിരുന്നുവെന്നാണ് അമ്മ തുളസീഭായി വിതുമ്പലോടെ പറഞ്ഞത്. 2014 ൽ 19-ാംവയസിലായിരുന്നു സതീഷും അതുല്യയുമായുള്ള വിവാഹം. സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞു പോയെന്ന് പറഞ്ഞ് തുടക്കം മുതലേ മകൾക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുപോയെങ്കിലും സംശയ രോഗിയായ സതീഷിന്റെ നിരന്തര പീഡനം തുടർന്നു. മദ്യലഹരിയിലും ഉപദ്രവിക്കുമായിരുന്നു. ഇതിന്റെയൊക്കെ വീഡിയോ വീട്ടുകാർക്ക് അയക്കുമായിരുന്നു. അതുല്യ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പും നാട്ടിലുള്ള മകളുടെ ഫോണിലേക്ക് വീഡിയോ അയച്ചിരുന്നു. ഇത് ഷാർജയിലുള്ള സഹോദരി അഖിലക്ക് അയക്കണമെന്നും മകൾക്ക് അതുല്യ വാട്സാപ്പ് സന്ദേശം അയച്ചു. ഈ സന്ദേശം കണ്ട അതുല്യയുടെ മാതാപിതാക്കൾ സതീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ കട്ടാക്കി. പിന്നീട് അഖിലയെ ബന്ധപ്പെട്ടപ്പോഴാണ് മരണവിവരം അറിഞ്ഞത്. ക്രൈംബ്രാഞ്ച് കേസന്വേഷണത്തിലാണ് ഇനി അതുല്യയുടെ ബന്ധുക്കളുടെ പ്രതീക്ഷ. തങ്ങളുടെ മകളുടെ അകാല മരണത്തിന് ഉത്തരവാദിയായ സതീഷിന് അർഹമായ ശിക്ഷ നിയമത്തിലൂടെ ഉറപ്പാക്കാമോ എന്നതിൽ മാത്രമാണ് അവരുടെ പ്രതീക്ഷ.

വിപഞ്ചികയും

നേരിട്ടത് സമാന പീഡനം

അതുല്യ ജീവനൊടുക്കിയതിന് ഒരാഴ്ച മുമ്പാണ് കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും ഏകമകൾ വിപഞ്ചികയും(32) ഒന്നേകാൽ വയസ് മാത്രം പ്രായമുള്ള മകൾ വൈഭവിയും ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടതെന്നതിനാൽ കൊലപാതകമാണെന്ന സംശയമാണ് വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും മറ്റൊരു കമ്പനിയിൽ എൻജിനിയറായ ഭർത്താവ് നിതീഷും കുറച്ചു കാലമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. 2020 ൽ വിവാഹിതരായ ഇരുവരും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കവും പരാതിയുമാണ് വേർപിരിഞ്ഞു താമസിക്കുന്നതിലെത്തിയത്. സ്ത്രീധന പീഡനം സംബന്ധിച്ച് വിപഞ്ചിക ബന്ധുവിനയച്ച ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇഷ്ടം പോലെ പണമുണ്ടായിട്ടും വീണ്ടും വീണ്ടും ഭർതൃവീട്ടുകാർ പണം ചോദിക്കുന്നുവെന്നും താൻ ചെന്നു പെട്ടത് ദുരിതത്തിലാണെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കും എതിരായ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. കൊലയാളികളെ ഒരിയ്ക്കലും വെറുതെ വിടരുതെന്നും മരിക്കാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ലെന്നും കുറിപ്പിലുണ്ട്. അതുല്യയുടെയും വിപഞ്ചികയുടെയും അകാല മരണങ്ങൾക്ക് സമാനതകൾ ഏറെയാണ്. സ്ത്രീധനവും അത്യാർത്തിയും സൃഷ്ടിക്കുന്ന കുരുക്കിൽ നിന്ന് ഇനിയെന്നാണ് സ്ത്രീകൾക്ക് മോചനം ലഭിക്കുകയെന്ന ചോദ്യമാണ് സമൂഹത്തിന് നേരെ ഉയരുന്നത്.

TAGS: DOWRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.