ആനയും പുലിയും പോത്തുമൊക്കെ കാടു വിട്ട് നാട്ടിലിറങ്ങുന്നത് ഭക്ഷണം തേടിയാണ്. വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ കൃഷിയും വളർത്തു മൃഗങ്ങളെയും സംരക്ഷിക്കാൻ പുതുപുത്തൻ മാർഗങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അതുകണ്ട് മൃഗങ്ങളും പുരോഗമിച്ചിരിക്കുന്നു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ ഇര തേടി വീട്ടിലും കയറിത്തുടങ്ങി. കലഞ്ഞൂരിനടുത്ത് പൂമരുതിക്കുഴി എന്ന കൊച്ചു ഗ്രാമത്തിലാണ് വീട്ടിനുള്ളിലേക്ക് പുലി ചാടിക്കയറിയത്. വീട്ടിലെ നായയെ പിടിക്കാനായി കുതിച്ചെത്തിയ പുലി അടുക്കള വാതിലിലൂടെ അകത്തു കയറി, പ്രധാന വാതിലിലൂടെ പുറത്തേക്കു പോയി.
പുലിയെ വീട്ടിനകത്ത് കണ്ടതിന്റെ ഭയപ്പാടിൽ നിന്ന് കലഞ്ഞൂർ പൂമരുതികുഴിയിൽ പൊന്മേലിൽ സതീഷിന്റെ ഭാര്യ രേഷ്മ ഇനിയും മോചിതയായിട്ടില്ല. ഒരു മിന്നായം പോലെയാണ് പുലിയെ കണ്ടത്. നായ കുരച്ചുകൊണ്ട് ഓടിവരുന്നത് കണ്ടപ്പോൾ തന്നെ പേടിച്ചുപോയെന്ന് രേഷ്മ പറഞ്ഞു. തൊട്ടുപിന്നാലെ പുലി പാഞ്ഞുവന്നതോടെ പെട്ടെന്ന് കുഞ്ഞിനെയും കൊണ്ട് ഓടി മുറിക്കകത്തേക്ക് കയറുകയായിരുന്നു. ഒപ്പം വളർത്തുനായും കയറി. കതക് അടയ്ക്കാൻ തോന്നിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. ഇത് പറയുമ്പോഴും രേഷ്മയുടെ മുഖത്ത് നിന്ന് ഭയം വിട്ടുമാറിയിട്ടില്ല.
രേഷ്മയും ഇളയമകൻ രണ്ടുവയസുള്ള സാരംഗും ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണ്. മൂത്തമകൻ ശ്രാവണിനെ അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഇവർ. അടുക്കള വാതിലിലൂടെ അകത്തുകയറിയ പുലി ഹാളിന്റെ കതകിൽ പലതവണ ഇടിച്ചതായി രേഷ്മ പറഞ്ഞു. കതകിൽ നഖമിട്ട് ഉരച്ച പാടുണ്ട്. രേഷ്മ കതകിൽ തട്ടി ബഹളംവച്ചു. പുലി വീടുവിട്ടുപോയെന്ന് ഉറപ്പാക്കിയശേഷം രേഷ്മ പുറത്തിറങ്ങി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവരം അറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. പൂമരുതിക്കുഴിയിൽ ഒരാഴ്ചമുൻപും പുലിയുടെ ആക്രമണമുണ്ടായി. പ്രകാശ് ഭവനിൽ ഗോപാലന്റെ വീട്ടിലെ ആട്ടിൻകുട്ടിയെ പുലി പിടിച്ചു. മുൻപും പലതവണ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുള്ള പ്രദേശമാണ് പൂമരുതികുഴി.
കോന്നി വനം ഡിവിഷനിലെ നടുവത്തുമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ വനമേഖലയോട് ചേർന്ന കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയാണ് പൂമരുതികുഴി. പുലിയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ മടിക്കുന്നവർ വീടിനകത്തും സുരക്ഷതിരല്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവം. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനെ പ്രതിരോധിക്കാൻ വനംവകുപ്പിന് പല പദ്ധതികളുണ്ട്. സോളാർ വേലികൾ, കിടങ്ങ് എന്നിവയാണ് അതിൽ പ്രധാനം. ഒരോ വർഷവും സോളാർ വേലി, കിടങ്ങ് നിർമ്മാണത്തിനും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി കോടികളാണ് ചെലവഴിക്കുന്നത്. ഇതൊന്നും മലയോര മേഖലയിലെ സാധാരണക്കാർക്കും കർഷകർക്കും പ്രയോജനമാകുന്നില്ല. അതുകൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും വീട്ടിൽ കയറുന്നതും.
പുലി വീട്ടിൽ കയറിയതും കോഴിക്കൂട്ടിൽ കയറി കോഴികളെ പിടിച്ചതും മലയോരത്ത് നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്. പ്രദേശത്ത് മുൻപ് മൂന്നുതവണ വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ പുലി വീണിരുന്നു. പുലികളുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെ മുൻപ് വനംവകുപ്പ് ഡ്രോൺ സഹായത്തോടെ തെരച്ചിലും നടത്തിയതാണ്. പൂമരുതികുഴിയിലും പാക്കണ്ടത്തും കണ്ട പുലി ഒന്നുതന്നെയാണോയെന്ന് സ്ഥിരീകരിക്കുവാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.
മലയോരത്തെ റബർ തോട്ടങ്ങളിലെയും പാറമടകളുടെയും സമീപത്തെ പൊന്തക്കാടുകൾ വന്യമൃഗങ്ങളുടെ താവളമാണ്. കാട്ടാനയുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടിയവരുടെ ഇടയിലേക്കാണ് പുലിയും ഇറങ്ങിയിരിക്കുന്നത്. വനമേഖലയോട് ചേർന്ന് താമസിക്കുന്ന മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും സംരക്ഷണത്തിന് സർക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭയമൊഴിയാതെ
മലയോരങ്ങളിൽ വന്യമൃഗ ഭീഷണി കാരണം പുലർച്ചെ റബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും പാൽ, പത്ര വിതരണം നടത്തുന്നവരും സ്കൂൾ കുട്ടികളും ഭയപ്പാടിലാണ്. വീട്ടിൽ നിന്ന് കുട്ടികളെ സ്കൂളുകളിൽ വിടാൻ രക്ഷിതാക്കൾ ഭയക്കുന്നു. പണ്ടൊക്കെ ആളനക്കമുള്ള പ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്താറില്ലായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ആനയും പുലിയും കടുവയും മനുഷ്യരെ ആക്രമിക്കാൻ തുടങ്ങി. മനുഷ്യരുടെ മണവും മാംസത്തിന്റെ രുചിയും മൃഗങ്ങൾക്ക് നന്നേ പിടിച്ച മട്ടാണ്. അതുകൊണ്ട് നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും പിടിച്ചുകൊണ്ടുപോകാമെന്ന സ്ഥിതിയിലേക്കുള്ള ജൈവികമായ പരിണാമ ഘട്ടത്തിലാണ് വന്യമൃഗങ്ങൾ. വന്യജീവികളെ തുരത്താൻ വനംവകുപ്പ് തയ്യാറാകാത്തതിൽ ജനം പ്രതിഷേധിച്ചു കൊണ്ടേയിരിക്കും. വനം വകുപ്പിന് അതൊന്നും ബാധകമല്ല. കേരളത്തിൽ ഒരു വനപാലകനെയും പുലി പിടിച്ചു കൊണ്ടുപോയിട്ടില്ല. ഒരു വനപാലകനെയും കാട്ടാന ചവിട്ടിക്കൊന്ന ചരിത്രം അടുത്ത കാലത്ത് കേട്ടിട്ടില്ല. ഒരു ഫോറസ്റ്റ് സ്റ്റേഷനും ആക്രമിച്ചിട്ടില്ല. നാട്ടുകാരെ വന്യമൃഗങ്ങൾ ആക്രമിച്ചാൽ വനംവകുപ്പ് എന്തിന് ഇടപെടണം. വന്യമൃഗങ്ങളുള്ള കാട്ടിൽ ജീവിച്ച് അവർ മനുഷ്യത്വമില്ലാത്തവരായി മാറിയതാണോ ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |