രാജ്യത്ത് പ്രമുഖ ക്യാൻസർ ഗവേഷണ, ചികിത്സാ കേന്ദ്രങ്ങളുടെ മുൻനിരയിലുള്ള തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന്റെ (ആർ.സി.സി) തലപ്പത്തെത്തിയ ആദ്യ വനിത. ഇന്ത്യയിൽത്തന്നെ ഒരു ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആകുന്ന രണ്ടാമത്തെ വനിത. ഈ പദവിയിലെത്തുന്ന, ഇന്ത്യയിലെ ആദ്യ പതോളജിസ്റ്റ് കൂടിയാണ് ഡോ. രേഖ എ. നായർ. ആർ.സി.സി ഡയറക്ടർ സ്ഥാനത്ത് ഏഴുവർഷത്തെ സേവനത്തിനു ശേഷം ഇന്നലെ ആ പദവി ഒഴിയുന്നതിനു മുമ്പ് ഡോ. രേഖ എ. നായർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ഏഴു വർഷത്തിനിടെ ആർ.സി.സിക്ക് ഉണ്ടായ മാറ്റം.
രോഗീപരിചരണം മുതൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാരുടെ ക്ഷേമം, ഭാവിയെ മുന്നിൽക്കണ്ടുള്ള പ്രവർത്തനം എന്നിങ്ങനെ എല്ലാ മേഖലകളിലുമുണ്ട് മാറ്റങ്ങൾ. പൊതുസമൂഹം നോക്കിക്കാണുന്നതിന് അപ്പുറമുള്ള ഭരണപരമായ കെട്ടുറപ്പിലൂടെ ആർ.സി.സിയെ കൂടുതൽ കരുത്തുറ്റതാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളായ പി.എം.ജെ.എ.വൈ, കാസ്പ് എന്നിവ നടപ്പാക്കിയത് പാവപ്പെട്ടവർക്ക് ആശ്വാസമായി. ആർ.സി.സിയിൽ എത്തുന്ന എഴുപത് ശതമാനം പേരും ഇത്തരം ആനുകൂല്യങ്ങളെ ആശ്രയിക്കുന്നവരാണ്.
2019 മുതൽ ഇതുവരെ ആകെ 404 കോടി രൂപ ഇതിനായി ചെലവഴിച്ചു. നോൺ- അക്കാഡമിക് കേഡർ ജീവനക്കാർക്കായുള്ള പ്രത്യേക ചട്ടങ്ങളുടെ കരട് രൂപീകരിച്ചു. മെഡിക്കൽ ഡോക്ടർമാരുടെ അക്കാഡമിക് കേഡർ സേവനത്തിനും ആർ.സി.സിയുടെ കരട് സ്‌പെഷ്യൽ റൂൾസും, കരട് സേവന ചട്ടങ്ങളും രൂപീകരിച്ചു. ഇതുപ്രകാരം ജീവനക്കാരുടെ സേവനം, അവധി, ശമ്പളം, അലവൻസുകൾ, യാത്രാബത്ത, പെൻഷൻ നിയമങ്ങൾ, പെരുമാറ്റച്ചട്ട നിയന്ത്രണം, നോൺ- അക്കാഡിക് സ്റ്റാഫ് സേവനത്തിനുള്ള പ്രത്യേക നിയമങ്ങൾ എന്നിവ തയ്യാറാക്കി ആർ.സി.സിയുടെ ഭാവി പ്രവർത്തനം സുഗമമാക്കി.
? കാലത്തിനനുസരിച്ച് ചികിത്സാ സൗകര്യങ്ങൾ മാറിയോ.
ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റാണ് അതിന് ഉദാഹരണം. ശസ്ത്രക്രിയാ വേളയിൽത്തന്നെ ക്യാൻസർ ബാധിത ഭാഗത്ത് കീമോതെറാപ്പി നൽകാൻ കഴിയുന്ന, 1.32 കോടി രൂപ മുതൽമുടക്കുള്ള ഹൈപെക് അഥവാ 'ഹൈപ്പർ തെർമിക് ഇൻട്രാ പെരിറ്റോണിയൽ കീമോതെറാപ്പി" ചികിത്സാ സംവിധാനം സജ്ജമാക്കി. വികേന്ദ്രീകൃത ക്യാൻസർ ചികിത്സ നടപ്പാക്കി. പാലക്കാട്, എറണാകുളം, നീണ്ടകര എന്നിവിടങ്ങളിലെ പെരിഫറൽ ഏർലി ക്യാൻസർ ഡിറ്റക്ഷൻ സെന്ററുകൾ ശക്തിപ്പെടുത്തി.
ഡി.എച്ച്.എസുമായി സഹകരിച്ച് കൊവിഡ് സമയത്ത് ആരംഭിച്ച വികേന്ദ്രീകൃത ക്യാൻസർ ചികിത്സ എല്ലാ ജില്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. 2020 ഏപ്രിൽ മുതൽ ടെലി മെഡിസിൻ സേവനങ്ങൾ പുനരാരംഭിച്ചു, കീമോതെറാപ്പി സേവനങ്ങൾ ശക്തിപ്പെടുത്തി, ആർ.സി.സി രോഗികളെ പരിചരിക്കുന്നതിനായി വെർച്വൽ ഒ.പി സൗകര്യം കൊണ്ടുവന്നു. 1.65 കോടി രൂപ ചെലവിൽ ഇൻപേഷ്യന്റ് വെൽഫെയർ ബ്ലോക്ക് പ്രവർത്തനസജ്ജമാക്കി. ഇപ്പോൾ പുലയനാർകോട്ടയിൽ പുതിയ ക്യാമ്പസിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഈ കാലയളവിൽ 60 കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് ആർ.സി.സിക്ക് ലഭിച്ചു.
? ആർ.സി.സിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടോ.
നിലവിൽ പ്രതിസന്ധിയില്ല. ആറുവർഷത്തിനിടെ ചെയ്ത പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇത് ഉറപ്പിച്ചു പറയുന്നത്. ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഡിവിഷൻ ഇക്കാലയളവിൽ കാര്യക്ഷമമാക്കി. ക്രെഡിറ്റ് മാനേജ്‌മെന്റ് സിസ്റ്റം ശക്തമാക്കി. ആർ.സി.സി.യുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. ഞാൻ ചാർജെടുക്കുമ്പോൾ ശമ്പളം കൊടുക്കാൻ സർക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയായിരുന്നു. അതു മാറി. ഇപ്പോൾ ആർ.സി.സി 400 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. അഴിമതിരഹിത ഭരണത്തിന് ഉദാഹരണമാണിത്.
? രോഗീപരിചരണത്തിനും ആധുനിക ചികിത്സയ്ക്കും നൽകിയ പ്രധാന്യം.
റേഡിയേഷൻ ചികിത്സയ്ക്ക് 56.86 കോടി രൂപ ചെലവഴിച്ച് മൂന്ന് പുതിയ ലീനിയർ ആക്‌സിലറേറ്ററുകൾ സജ്ജമാക്കി. ഒരു കോടി രൂപ ചെലവിൽ അത്യാധുനിക കാഷ്വാലിറ്റി നിർമ്മിച്ചു. 12 കോടിയുടെ ഡ്യുവൽ എനർജി ഡ്യുവൽ സോഴ്സ് സിടി സ്‌കാൻ മെഷീൻ പ്രവർത്തനം തുടങ്ങി. ഡയഗ്‌നോസ്റ്റിക് സേവനത്തിനായി രണ്ട് പുതിയ തത്സമയ പി.സി.ആർ മെഷീനുകൾ ഗവേഷണ വിഭാഗത്തിൽ ക്രമീകരിച്ചു. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 45 ലക്ഷം ചെലവിൽ ക്ലിനിക്കൽ ലാബ് നവീകരിച്ചു. ഹൈ എൻഡ് ഇമ്മ്യൂണോ അസ്സെ മെഷീൻ, ഹെമറ്റോളജി അനലൈസർ, ഡ്രൈ കെമിസ്ട്രി അനലൈസർ എന്നിവ ക്ലിനിക്കൽ ലാബിലും ന്യൂക്ലിയർ മെഡിസിൻ ഡിവിഷനിലും അവതരിപ്പിച്ചു.
പതോളജി വിഭാഗത്തിൽ രണ്ട് പുതിയ ഫ്‌ലോ സൈറ്റോമീറ്റർ മെഷീനുകളും, ലുക്കീമിയയിൽ എം.ആർ.ഡി ടെസ്റ്റിംഗും അവതരിപ്പിച്ചു. അഞ്ച് പുതിയ ഫാർമസി കൗണ്ടറുകളും പ്രത്യേക ഓപ്പറേഷൻ തിയേറ്റർ ഫാർമസിയും തുറന്നു. രോഗീപരിചരണത്തിനായി ഇ.എസ്.ഐ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. മെഡിസെപിൽ സേവനം നൽകുന്നതിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി. മാലിദ്വീപിൽ ക്യാൻസർ കെയർ സേവനങ്ങൾ ആരംഭിക്കുന്നതിനും അവിടെ നിന്ന് ആർ.സി.സിയിലെത്തുന്ന രോഗികൾക്ക് ചികിത്സാ സേവനങ്ങൾ തുടരുന്നതിനുമായി 2019-ൽ മാലിദ്വീപ് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. സെർവിക്കൽ ക്യാൻസർ പരിശോധിക്കുന്നതിനായി സി-ഡാക്കുമായി ചേർന്ന് കംപ്യൂട്ടറൈസ്ഡ് എ.ഐ അടിസ്ഥാനമാക്കിയുള്ള പാപ് സ്മിയർ ടെസ്റ്റ് ടൂൾ വികസിപ്പിച്ചെടുത്തു. ആശുപത്രിയെ സോളാർ കുടക്കീഴിലാക്കി. 12 കോടി രൂപ ചെലവിൽ പ്രവർത്തന സജ്ജമാക്കിയ കാത്ത്‌ലാബാണ് അതിന് ഏറ്റവും ഒടുവിലത്തെ വികസന പദ്ധതി.
? പുതിയ കെട്ടിടം ഉടൻ തുറക്കുമോ.
14 നിലകളുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2019 ജനുവരിയിലാണ് തുടങ്ങിയത്. കൊവിഡ് കാരണം ചെറിയ കാലതാമസുണ്ടായെങ്കിലും, അതെല്ലാം പരിഹരിച്ച് വേഗത കൂട്ടി. ഈ വർഷം അവസാനം ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിലാണ്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് 179 കോടി ചെലവഴിച്ചുള്ള കെട്ടിടം ആർ.സി.സിയുടെ വികസന ചരിത്രത്തിലെ സുപ്രധാന ഏടാകും. ആകെ 196 കിടക്കകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനമുള്ള രണ്ട് ബേസ്‌മെന്റ് നിലകൾ ഉൾപ്പെടെ അത്യാധുനിക പരിശോധനാ സൗകര്യങ്ങളും, ചികിത്സാ- താമസ സൗകര്യങ്ങളും, സ്യൂട്ട് റൂമുകൾ, ഡാറ്റാ കമ്മ്യൂണിക്കേഷൻ, ലൈബ്രറി എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാവും ഈ കെട്ടിടം.
? വെല്ലുവിളികളും അതിജീവനവും.
സ്വാഭാവികമായും ഇത്തരമൊരു സ്ഥാനത്ത് ഇരിക്കുന്നവർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഉണ്ടായി. പക്ഷേ അതെല്ലാം അതിജീവിക്കാൻ സംസ്ഥാന സർക്കാർ മികച്ച പിന്തുണയാണ് നൽകിയത്. പിന്നെ, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും അമിത ജോലിഭാരം അവഗണിച്ച് നിസ്വാർത്ഥ സേവനവുമായി ഒപ്പമുണ്ടായിരുന്നു. അതാണ് അതിജീവനത്തിന്റെ രഹസ്യം. വെല്ലുവിളികളിൽ പ്രധാനം കൊവിഡായിരുന്നു. കൊവിഡ് മരണങ്ങളോ ആശുപത്രി അടച്ചുപൂട്ടലോ ഇല്ലാതെ മഹാമാരിയുടെ വെല്ലുവിളികൾ വിജയകരമായി അതിജീവിക്കാനായി.
കൊവിഡ് സമയത്ത് ഫയർ ഫോഴ്സുമായി സഹകരിച്ച് ആർ.സി.സിയിലെ എല്ലാ രോഗികളുടെ വീട്ടിലും മരുന്നുകൾ എത്തിച്ചു. ഈ സമയത്ത് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ക്യാൻസർ ചികിത്സ വികേന്ദ്രീകരിക്കുകയും വിജയകരമായി അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. കീമോതെറാപ്പിക്ക് പൂർണമായും അതത് ജില്ലകളിൽ സൗകര്യമൊരുക്കി. തുടർചികിത്സയ്ക്കായി അവരവരുടെ ജില്ലകളിൽത്തന്നെ ഒ.പി സൗകര്യമൊരുക്കി. പുതിയ കെട്ടിട നിർമ്മാണ വെല്ലുവിളികൾ ഐതിഹാസികമായിരുന്നു. കെട്ടിടം ഉദ്ഘാടനത്തിലേക്ക് എത്തുമ്പോൾ അഭിമാനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |