കേരളത്തിൽ ദേശീയപാത ചിലയിടങ്ങളിൽ നിർമ്മാണത്തിനിടെ തകർന്നതിനു പിന്നിൽ രൂപരേഖയുടെ ഘട്ടം മുതലുള്ള പിഴവുകളെന്ന് പബ്ളിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. രൂപരേഖ ഉണ്ടാക്കുന്നതിലും മണ്ണിന് അനുസൃതമായ നിർമ്മാണം പിന്തുടരുന്നതിലും ദേശീയപാതാ അതോറിട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നാണ് പി.എ.സി ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ ക്രമക്കേടുകൾ പരിശോധിക്കാൻ ഓഡിറ്റ് നടത്തുന്നതിന് സി.എ.ജിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. കരാറുകാരനും ഉപകരാറുകാരനും ചെലവ് കുറയ്ക്കാനുള്ള കുറുക്കുവഴിയുണ്ടാക്കാൻ അതോറിട്ടി അനുവദിക്കരുതെന്നും കെ.സി. വേണുഗോപാൽ ചെയർമാനായ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. മലപ്പുറം കൂരിയാട്ട് ദേശീയപാത തകർന്നത് കേരളത്തിൽ വലിയ പ്രതിഷേധത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. കൂരിയാട്ട് ദേശീയപാത ഇടിയാൻ ഇടയാക്കിയത് കരാറുകാരനും എൻജിനിയർക്കും സംഭവിച്ച വീഴ്ച മൂലമാണെന്ന് ദേശീയപാതാ അതോറിട്ടി പി.എ.സിയോട് സമ്മതിക്കുകയുണ്ടായി.
മണ്ണിന്റെ സ്വഭാവവും വെള്ളമൊഴുക്കും വിലയിരുത്തുന്നതിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത്. അപകടം സംഭവിച്ചതിനു പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌ഗരി പ്രശ്നത്തിൽ ഇടപെടുകയും വീഴ്ചവരുത്തിയ എൻജിനിയർ ഉൾപ്പെടെയുള്ളവരെ സസ്‌പെൻഡ് ചെയ്യുകയും കരാറുകാരന്റെ ചെലവിൽ പാത കുറ്റമറ്റ രീതിയിൽ പുനർനിർമ്മിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വീഴ്ച വ്യക്തമായതോടെ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്‌ഷൻസിനെയും, കൺസൾട്ടന്റ് കമ്പനിയായ ഹൈവേ എൻജിനിയറിംഗിനെയും സർക്കാർ വിലക്കി. തുടർ കരാറുകളിൽ ഇരു കമ്പനികൾക്കും പങ്കെടുക്കാനാവില്ലെന്നും വ്യവസ്ഥ ചെയ്തു. കൂരിയാട്ടെ സംഭവത്തിനു ശേഷം മറ്റ് പല സ്ഥലങ്ങളിലും ചെറുതും വലുതുമായ തോതിൽ അടിക്കടി തകർച്ചകൾ സംഭവിച്ചത് ദേശീയപാതാ നിർമ്മാണം മുഴുവൻ സംശയനിഴലിലാക്കാനും ഇടയാക്കിയിരുന്നു.
വയൽ കടന്നുപോകുന്ന ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മിക്കുമ്പോൾ അടിത്തറയ്ക്ക് ആവശ്യമായ വീതി ഇല്ലാതിരുന്നിടങ്ങളിലാണ് റോഡുകൾ തകർന്നത്. ഭൂമി ഏറ്റെടുത്തപ്പോൾത്തന്നെ ഇതിനാവശ്യമായ ഇടം കണക്കാക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതാണ് രൂപരേഖ തയ്യാറാക്കിയ ഘട്ടം മുതൽ പിഴവുണ്ടായെന്ന് പി.എ.സി ചൂണ്ടിക്കാട്ടാൻ ഇടയാക്കിയത്. അതുപോലെ തന്നെ, കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഇപ്പോഴും ദേശീയപാതാ നിർമ്മാണത്തിന് വേഗത കുറവാണ്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ അടുത്ത വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് കണക്കില്ല. കേരളത്തിലെ ദേശീയപാതാ നിർമ്മാണത്തിലെ അപാകതകൾ ഉൾപ്പെടെ ആറുമാസം സമിതി നടത്തിയ വിശദമായ പഠനത്തിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പി.എ.സി റിപ്പോർട്ട് തയ്യാറാക്കിയത്. വളരെ പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളും സമിതി സമർപ്പിച്ചു.
ഗതാഗതയോഗ്യമല്ലാത്തതും സർവീസ് റോഡുകൾ പൂർത്തിയാകാത്തതുമായ പാതകളിൽ ടോൾ പിരിവ് നിറുത്തിവയ്ക്കണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാന നിർദ്ദേശം. ഇതിനു വിരുദ്ധമായി കേരളത്തിൽത്തന്നെ പല സ്ഥലത്തും ഇപ്പോൾ ടോൾ പിരിവുകൾ നടന്നുവരുന്നുണ്ട്. അതിനാൽ കേന്ദ്രം ഇക്കാര്യത്തിൽ അടിയന്തരമായി ഒരു തീരുമാനം എടുക്കേണ്ടതാണ്. സബ് കോൺട്രാക്റ്റ് നൽകുന്നത് കർശനമായി നിയന്ത്രിക്കുകയും സബ് കോൺട്രാക്റ്റർമാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുകയും വേണമെന്നതാണ് മറ്റൊരു ശുപാർശ. 1800 കോടി രൂപയുടെ കരാറുകൾ 900 കോടിക്ക് സബ് കോൺട്രാക്റ്റ് ചെയ്യുകയും ബാക്കി തുക പ്രോജക്ടിൽ ചെലവഴിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും പി.എ.സി റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ നിജസ്ഥിതി കണ്ടെത്താൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഓഡിറ്റ് ആവശ്യമാണ്. ദേശീയപാതാ അതോറിട്ടിയുടെ പ്രവർത്തനങ്ങളിൽ മറ്റൊരു കക്ഷിയുടെ നിരീക്ഷണം ആവശ്യമാണെന്ന ശുപാർശയും പരിഗണിക്കപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |