ജന്മംകൊണ്ട് അസുരനായിപ്പോയതിനാൽ അവമതിക്കപ്പെട്ട രാവണൻ ബ്രഹ്മാവിന്റെ പ്രപൗത്രനാണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഗരിമ നമ്മൾ തിരിച്ചറിയുന്നത്. ദശഗ്രീവൻ എന്ന വിശേഷണത്തിൽത്തന്നെ അനിതരസാധാരണമായ കരുത്തും ധിഷണയും പ്രകടമാണല്ലോ. പരമശിവനിൽ നിന്ന് ചന്ദ്രഹാസം ലഭിച്ചതോടെ അദ്ദേഹം കൂടുതൽ ബലവാനുമായി. ലങ്കാധിപനായിരുന്ന കുബേരനെ നിലംപരിശാക്കി അധികാരം പിടിച്ചതോടെ പുഷ്പകവിമാനവും രാവണനു കൈവന്നു.
അനിതര സാധാരണമായ ഭരണനൈപുണ്യം കൊണ്ട് കൈകസിയുടെ പുത്രൻ പ്രജകളുടെ പ്രിയങ്കരനായി. രാക്ഷസ വംശത്തിന്റെ അഭ്യുന്നതിക്കുള്ള കരുനീക്കങ്ങൾക്ക് നികുംഭില വേദിയായി. പ്രജാക്ഷേമതത്പരനായ നൃപന് സ്വാർത്ഥത ലവലേശം ഉണ്ടാവില്ല. ഏകോദര സഹോദരിയായ മണ്ഡോദരിയുടെ കുചകർണ്ണനാസികകൾ ലക്ഷ്മണനാൽ ഛേദിക്കപ്പെട്ടപ്പോഴാണ് അതിന്റെ പ്രതികാരാർത്ഥം രാവണൻ സീതാപഹരണം നടത്തിയത്. രാവണന്റെയും വേദവതിയുടെയും പുത്രിയാണ് സീത എന്ന കാവ്യാന്വേഷണവും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നുണ്ട്.
അപഹരിച്ചപ്പോഴോ തടവിലാക്കിയപ്പോഴോ സീതാദേവിയെ വിരൽകൊണ്ടു പോലും സ്പർശിക്കാതിരിക്കാൻ രാവണൻ നിഷ്കർഷ പുലർത്തി. സാംസ്കാരികമായ പ്രബുദ്ധതയുടെ ദൃഷ്ടാന്തമാണ് സംയമിയായ രാവണൻ എന്നതിന് ഇതിലേറെ തെളിവു വേണ്ട. സീതാക്ഷേമത്തിന് മുന്തിയ പരിഗണന നൽകിയപ്പോൾ യുദ്ധത്തടവുകാർക്കുപോലും നീതി ഉറപ്പാക്കുന്ന ന്യായാധിപനായും രാവണൻ മാറി. രാവണ നിഗ്രഹത്തിനു ശേഷം ഖിന്നനായിത്തീർന്ന ശ്രീരാമൻ ലങ്കയിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ ചെയ്യുന്നുണ്ട്. താൻ ചെയ്തത് ബ്രഹ്മഹത്യയാണെന്ന തിരിച്ചറിവാണ് അതിനു കാരണം.
ഈ ചടങ്ങുകൾ യഥാർത്ഥത്തിൽ രാവണനെ ഉദാത്തമായ ഒരു വിതാനത്തിലേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. തന്റെ കർമ്മം ഒരു അവതാര പുരുഷനു പോലും കുറ്റബോധമുണ്ടാക്കിയെങ്കിൽ അതിനു കാരണക്കാരൻ മഹാനാണെന്ന് നിസംശയം പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |