പെട്രോൾ പമ്പുകളിലേത് പൊതുടോയ്‌ലറ്റുകൾ തന്നെയെന്ന് കേന്ദ്രസർക്കാരും കോടതിയും വ്യക്തമാക്കിയതോടെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമായി. എന്നാൽ, അപേക്ഷകളും പരാതികളുമായി വിവിധ സർക്കാർ ഓഫീസുകളെയും കോടതികളേയും സമീപിക്കുന്ന നൂറുകണക്കിനാളുകളുടെ കാര്യമോ? ശങ്ക കടിച്ചമർത്തുകയല്ലാതെ രക്ഷയില്ല
ശങ്ക തീർക്കാൻ കേരളത്തിൽ മതിയായ സൗകര്യങ്ങളില്ലാത്തത് കാലാകാലങ്ങളായുള്ള പ്രശ്നമാണ്. യാത്രക്കാർ പ്രത്യേകിച്ച് സ്ത്രീകൾ നിരന്തരം പരാതിപ്പെടുന്ന വിഷയവും. പ്രധാന കേന്ദ്രങ്ങളിൽ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ സജ്ജമാക്കുമെന്ന പ്രഖ്യാപനങ്ങളും നിരന്തരമുണ്ടാകും. മുമ്പത്തെ അപേക്ഷിച്ച് കുറെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം പേ ആൻഡ് യൂസ് ടോയ്‌ലറ്റുകൾ അത്യാവശ്യത്തിനുണ്ട്. എന്നാലും ദൂരയാത്ര പോകുന്നവർക്ക് മൂത്രമൊഴിക്കാനും മറ്റും പെട്രോൾ പമ്പുകളോ ടോയ്‌ലറ്റുള്ള ഹോട്ടലുകളോ ആശ്രയിക്കേണ്ട സ്ഥിതിതന്നെയാണ്. അതിനിടെയാണ് പല പമ്പുടമകളും ടോയ്‌ലറ്റുകൾക്ക് പൂട്ടും താക്കോലുമിട്ടത്. പമ്പുകളിലെ ടോയ്‌ലറ്റുകൾ സ്വകാര്യ ഉപയോഗത്തിനുള്ളതാണെന്നായിരുന്നു ഇവരുടെ വാദം. വാഹന യാത്രക്കാരുമായി ഇതുസംബന്ധിച്ചുള്ള തർക്കങ്ങളും പതിവായതോടെയാണ് വിഷയം ഹൈക്കോടതിയിൽ എത്തിയത്. പമ്പുകളിലേത് പൊതുടോയ്‌ലറ്റുകൾ തന്നെയെന്ന് കേന്ദ്രസർക്കാരും കോടതിയും വ്യക്തമാക്കിയതോടെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരമായി. എന്നാൽ, അപേക്ഷകളും പരാതികളുമായി വിവിധ സർക്കാർ ഓഫീസുകളെയും കോടതികളേയും സമീപിക്കുന്നവരുടെ കാര്യമോ? ശങ്ക കടിച്ചമർത്തുകയല്ലാതെ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഇത്തരം പൊതുസ്ഥാപനങ്ങളിലും ജനങ്ങൾക്കായി ടോയ്‌ലറ്റ് സംവിധാനം ആവശ്യമല്ലേ എന്ന ചർച്ച പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്.
പമ്പുകളിൽ നയം വ്യക്തം
ഇന്ധന പമ്പുകൾ ആധുനിക ശൈലിയിൽ രൂപകൽപന ചെയ്ത് ഗുണനിലവാര മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിട്ട് രണ്ടുപതിറ്റാണ്ടോളമായിട്ടുണ്ട്. അതിന് മുമ്പ് പരിതാപകരമായ സാഹചര്യത്തിലായിരുന്നു പമ്പുകളുടെ പ്രവർത്തനം. പുതിയ രൂപകൽപനയിൽ ഉപഭോക്തൃ സൗഹൃദമായി മുന്നോട്ടു പോവുകയായിരുന്നു. ടോയ്‌ലറ്റുകൾ ഉപഭോക്താക്കൾക്ക് മാത്രമല്ല, വാഹനയാത്രികർക്കും തുറന്നുനൽകിയിരുന്നു. എന്നാൽ അടുത്തകാലത്താണ് പല പമ്പുകളിലേയും ടോയ്‌ലറ്റുകൾക്ക് ലോക്ക് വീണത്. ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് പലയിടത്തും തർക്കങ്ങൾക്ക് വഴിവച്ചു. വിവാദമായതോടെ പൊലീസെത്തി തുറപ്പിക്കുന്ന സ്ഥിതിയുണ്ടായി. ചിലയിടത്ത് തദ്ദേശസ്ഥാപനങ്ങൾ ഇടപെട്ട് പൊതു ടോയ്‌ലറ്റുകൾ എന്ന് ബോർഡ് വയ്ക്കുകയുണ്ടായി. ഇതിനെതിരേയാണ് പമ്പുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ടോയ്‌ലറ്റുകൾ സ്വകാര്യ ആവശ്യത്തിനുള്ളതെന്നായിരുന്നു വാദം. ഇത് പിടിച്ചെടുക്കുന്നത്, ഭരണഘടന അനുശാസിക്കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. പലരും കയറിയിറങ്ങുന്നത് സുരക്ഷയെ ബാധിക്കുമെന്നായിരുന്നു മറ്റൊരു പരാതി. പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതു ഉപയോഗത്തിന് നൽകണമെന്ന് ഇനിയൊരു ഉത്തരവുണ്ടാകും വരെ നിർബന്ധിക്കരുതെന്നാണ് പ്രാഥമിക വാദത്തിന് ശേഷം കോടതി ഇടക്കാല ഉത്തരവിട്ടത്. കേന്ദ്രസർക്കാരിൽ നിന്നടക്കം വിശദീകരണം തേടുകയും ചെയ്തു. പൊതു ഉപയോഗത്തിനുള്ള ടോയ്‌ലറ്റുകൾ, ടെലിഫോൺ സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഇന്ധന ഏജൻസികൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടതാണെന്ന് കേന്ദ്രം വിശദീകരിച്ചു.
റീട്ടെയിൽ ഔട്ട്‌ലെറ്റിനുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾത്തന്നെ പൊതു സൗകര്യങ്ങളുണ്ടെന്ന് പെട്രോളിയം കമ്പനികൾ ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിനായി ഡീലർ സെലക്ഷൻ മാനദണ്ഡങ്ങൾക്കു പുറമേ മാർക്കറ്റിംഗ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസും യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻസ് വ്യവസ്ഥകളും കേന്ദ്രസർക്കാരിന്റേതായുണ്ട്. പെട്രോളിയം കമ്പനികൾ നിശ്ചിത ഇടവേളകളിൽ പമ്പുകളിൽ പരിശോധന നടത്തി അപര്യാപ്തയുണ്ടെങ്കിൽ സർക്കാരിന് റിപ്പോർട്ട് ചെയ്യണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പരാതി നൽകാനുള്ള ഓൺലൈൻ സംവിധാനവും കമ്പനികളും സർക്കാരും സജ്ജമാക്കിയിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. തുടർന്നാണ് പമ്പുകളിലെ ടോയ്‌ലറ്റുകൾ എല്ലാവർക്കും ഉപയോഗിക്കാമെന്ന വിധത്തിൽ ഹൈക്കോടതി കഴിഞ്ഞദിവസം മുൻ ഉത്തരവ് ഭേഗഗതി ചെയ്തത്.
സർക്കാർ ഓഫീസുകളിൽ ദുരിതം
പമ്പുകളിൽ, ബസ്- റെയിൽവേ സ്റ്റേഷനുകളിൽ ടോയ്‌ലറ്റ് സൗകര്യമുള്ളത് വാഹനയാത്രികർക്ക് ആശ്വാസമാണ്. എന്നാൽ ജനങ്ങൾ കൂട്ടമായെത്തുന്ന സർക്കാർ ഓഫീസുകളിൽ സ്ഥിതി പരിതാപകരമാണ്. സേവനം തേടിയെത്തുന്നവർക്ക് ശങ്ക തീർക്കാൻ സൗകര്യമുള്ളത് ചുരുക്കം ഓഫീസുകളിൽ മാത്രമാണ്. അതിനും പലരുടേയും അനുമതി ആവശ്യമായി വന്നേക്കും. ചിലപ്പോൾ ഓഫീസുകളുടെ അകത്തളങ്ങളിലാകും ശുചിമുറിയുണ്ടാവുക. അവിടേയ്ക്ക് പ്രവേശനവും അനുവദിക്കില്ല. ജില്ലാ കളക്ട്രേറ്റുകൾ, റവന്യൂ ടവറുകൾ, ഹൈക്കോടതി തുടങ്ങിയ വലിയ സമുച്ചയങ്ങളിൽ പൊതു ടോയ്‌ലറ്റ് സൗകര്യമുണ്ട്. അതേസമയം
താലൂക്ക്, വില്ലേജ് ഓഫീസുകൾ, പൊലീസ് സ്റ്റേഷനുകൾ, വിചാരണക്കോടതികൾ, റേഷൻ ഓഫീസുകൾ, മോട്ടോർ വാഹന ഓഫീസുകൾ, എംപ്ലോയ്മെന്റ് എക്സചേഞ്ചുകൾ തുടങ്ങി ദിനംപ്രതി നൂറുകണക്കിന് അപേക്ഷകരും ആവലാതിക്കാരും എത്തുന്ന ഇടങ്ങളിൽ പൊതു ടോയ്‌ലറ്റുകളുടെ അഭാവം പ്രകടമാണ്. ആവർത്തിച്ച് ഹാജരാകേണ്ടതും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടതുമായ പൊതു സ്ഥാപനങ്ങളാണ് ഇവയിൽ പലതും. എന്നാൽ പ്രഥമിക കൃത്യങ്ങൾ അനിവാര്യമായി വന്നാൽ നിവൃത്തിയുണ്ടാകില്ല. സർക്കാർ ഓഫീസുകളിൽ ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറി ചോദിച്ചാൽ മുഖം കറുപ്പിക്കലാകും ഫലം. അപേക്ഷയെ ബാധിക്കുമെന്ന് ഭയന്ന് ആരും ചോദിക്കാറുമില്ല. ശങ്കകൾ കടിച്ചമർത്താതെ രക്ഷയില്ല.
സേവനങ്ങൾക്ക് പണം ഈടാക്കിയാണ് ബസ് ഡിപ്പോകളിലും റെയിൽവേ സ്റ്റേഷനുകളിലും ശുചിമുറികൾ പ്രവർത്തിക്കുന്നത്. ന്യായമായ തുക നൽകുന്നതിന് ഉപയോക്താക്കൾ യാതൊരു ബുദ്ധിമുട്ടും പറയാറുമില്ല. ഇത്തരത്തിൽ പണം ഈടാക്കിയാണെങ്കിലും സർക്കാർ ഓഫീസുകളിൽ മിനിമം സംവിധാനം ഒരുക്കേണ്ടത് മനുഷ്യാവകാശത്തിന്റെ വിഷയം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |