കൽപ്പറ്റ: കേരള ഭാഗ്യക്കുറിയുടെ ധനലക്ഷ്മി ലോട്ടറിയിൽ ഒന്നാം സമ്മാനം ലഭിച്ചത് സ്വകാര്യ ബസ് കണ്ടക്ടർക്ക്. കരണി സ്വദേശി ജയേഷ് വാങ്ങിയ ഡി.എ 807900 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചത്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റ് ആണിത്.
കൽപ്പറ്റ സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ജയേഷ്. രാവിലെ കടമായി എടുത്ത അഞ്ചു ടിക്കറ്റുകളിൽ ഒന്നിനാണ് ഒരു കോടിയുടെ ഭാഗ്യം തേടിയെത്തിയത്. വിവരമറിഞ്ഞ് ജയേഷിന് ആദ്യം വിശ്വസിക്കാനായില്ല. വൈകിട്ട് നേരിട്ട് എത്തി ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വിശ്വാസമായത്. അപ്പോഴേക്കും ബാങ്ക് ഉദ്യോഗസ്ഥർ ടിക്കറ്റ് കൈപ്പറ്റാനായി എത്തിയിരുന്നു.
നേരത്തെ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക ആദ്യമായാണ്
ലഭിക്കുന്നുതെന്ന് ജയേഷ് പറഞ്ഞു. വളരെ സന്തോഷമുണ്ട്. കുറേക്കാലമായുള്ള പ്രാർത്ഥനയാണ് ഫലം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സൗത്ത് ഇന്ത്യൻ ബാങ്കിൽ ടിക്കറ്റ് നിക്ഷേപിച്ചു. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ടിക്കറ്റാണ് ധനലക്ഷ്മിയുടേത്. എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ ടിക്കറ്റ് എടുക്കാറുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ എടുത്ത ടിക്കറ്റിൽ തനിക്ക് മാത്രം ഒന്നാം സ്ഥാനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ക്രിസ്മസ് ബംബറിലും അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റിൽ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. വീണ്ടും ഭാഗ്യം തേടിയെത്തിയതിൽ സന്തോഷം പങ്കിട്ട് മധുര വിതരണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |