ഡൽഹിയിലെ തെരുവുകളിൽ നായ്ക്കളുടെ ശല്യം അതിരൂക്ഷമായതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, കഴിഞ്ഞ ദിവസം ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മുഴുവൻ തെരുവു നായ്ക്കളെയും എട്ട് ആഴ്ചയ്ക്കകം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. അതിനിടെ, ആ ഉത്തരവിന് സ്റ്റേ അഭ്യർത്ഥിച്ച് മുനിസിപ്പൽ അധികൃതർ കോടതിയെ സമീപിച്ചെങ്കിലും ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ഉത്തരവിനെ എതിർക്കുന്നവർക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
കുറച്ച് ആഴ്ചകൾക്കു മുമ്പ്, കേരള ഹൈക്കോടതിയും തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾ അനുഭവിക്കുന്ന യാതനകളും ഭയാശങ്കകളും സംബന്ധിച്ച വസ്തുതകൾ പരിഗണിക്കുകയും, അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്ത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു: ആദ്യം നായ ശല്യത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കൂ... പിന്നെ മതി, നായ സംരക്ഷണം എന്നായിരുന്നു കോടതിയുടെ പരാമർശം. തെരുവുനായ്ക്കളുടെ ശല്യം കാരണം റോഡിലൂടെയോ ഇടവഴികളിലൂടെയോ മനുഷ്യർക്ക് നടക്കാനാവാത്ത അവസ്ഥയാണ് ഇന്ന്.
പെരുകുന്ന
നായപ്പട
രാജ്യത്ത് 37 ലക്ഷത്തിലധികം പേർക്ക് കഴിഞ്ഞ വർഷം തെരുവുനായ്ക്കളുടെ കടിയേറ്റെന്നാണ് ലോക്‌സഭയിൽ കേന്ദ്ര സർക്കാർ നൽകിയ കണക്ക്. അതിൽ നിരവധിപേർ പേവിഷബാധയേറ്റ് മരണമടയുകയും ചെയ്തു. കേരളത്തിൽ 2024-ൽ മൂന്നുലക്ഷത്തിലധികം പേർക്ക് നായ്ക്കളുടെ കടിയേറ്റു. പത്തുവർഷം മുമ്പ് ഇത് ഒരുലക്ഷമായിരുന്നു! സ്കൂളുകളിലും കോളേജുകളിലും മറ്റും പോകുന്ന വിദ്യാർത്ഥികൾ, പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ, മത്സ്യ- മാംസ മാർക്കറ്റിൽ പോകുന്നവർ, കാൽനടക്കാർ.... ഇങ്ങനെ എല്ലാ വിഭാഗം ജനങ്ങളും തെരുവുനായ്ക്കളുടെ ആക്രമണഭീതിയിലാണ്.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിന് അവയ്ക്ക് വന്ധ്യംകരണം നടത്തുവാൻ നിയമം നിലവിലുണ്ട്. അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) എന്നറിയപ്പെടുന്ന വന്ധ്യംകരണ പദ്ധതി ഉദ്ദേശിച്ച രീതിയിൽ ഇപ്പോൾ നടപ്പാക്കപ്പെടുന്നില്ല. തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ എണ്ണപ്പെരുപ്പത്തിന് വഴിവയ്ക്കുന്ന പ്രധാന കാരണം ഇതുതന്നെ. നിലവിൽ സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷത്തിലധികം വരുന്ന തെരുവുനായ്ക്കളിൽ 15,767 എണ്ണത്തിനു മാത്രമാണ് ഈ വർഷം വന്ധ്യംകരണം നടത്തിയത്.
വാക്സിനിലും
വിനയോ?
പേവിഷബാധയേറ്റുള്ള മരണങ്ങൾ ഇപ്പോൾ അസാധാരണല്ലാതായിരിക്കുന്നു. പേവിഷബാധയ്ക്കെതിരെ വാക്സിൻ എടുത്തതിനു ശേഷവും ചിലർ പേവിഷബാധ കാരണം മരിക്കുന്നതാണ് ഏറെ വേദനാജനകം. പേവിഷത്തിനെതിരായ വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചിലരെങ്കിലും സംശയിക്കുന്നുണ്ടെങ്കിലും, നിശ്ചിത ഊഷ്മാവിൽത്തന്നെ സൂക്ഷിക്കേണ്ടുന്ന വാക്സിൻ, അങ്ങനെയല്ലാതെ കൈകാര്യം ചെയ്യുന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് അധികൃതരുടെ പ്രധാന വാദം. ചെറുകിട ആശുപത്രികളിലോ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലോ ജനറേറ്റർ സൗകര്യമില്ലാത്ത മറ്റ് ആതുരാലയങ്ങളിലോ ഈ അപകടം സംഭവിക്കുന്നതിൽ യാതൊരു അദ്ഭുതത്തിനും വകയില്ല.
തെരുവുനായ്ക്കളെക്കൊണ്ട് ഉപദ്രവവും അപകടവുമല്ലാതെ മറ്റെന്തെങ്കിലും പ്രയോജനമുണ്ടെന്ന് ആരും പറയില്ല. പ്രയോജനമുണ്ടെങ്കിൽ, അത് വൻകിട വാക്സിൻ ഉത്പാദകർക്കു മാത്രം! മൃഗസ്നേഹികളുടെ പേരിൽ രംഗത്തെത്തുന്ന പല സംഘടനകൾക്കും പിന്നിൽ ഇത്തരം വമ്പൻ കമ്പനികളാണെന്നു പോലും ഒരാക്ഷേപം പണ്ടേയുണ്ട്. മൃഗങ്ങളോട് കരുണ വേണ്ടെന്നോ, ഉടമസ്ഥരില്ലാതെ അലയുന്ന നായ്ക്കൾ ഉൾപ്പെടെയുള്ള ജീവികളെ കൊല്ലണമെന്നോ ആരും പറയില്ല. പക്ഷേ, മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കിയിട്ടു വേണ്ടേ, ജീവികളോടുള്ള സഹാനുഭൂതിയും സ്നേഹവും പ്രകടിപ്പിക്കാൻ എന്നേ ചോദ്യമുള്ളൂ. ഇപ്പോൾ ഡൽഹിയിലെ തെരുവുനായ്ക്കളുടെ കാര്യത്തിൽ സുപ്രീം കോടതി ഉത്തരവിട്ടതുപോലെ, അവയെ പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാമല്ലോ. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കൂടി മൃഗസ്നേഹകളുടെ സംഘടനകൾ തയ്യാറാകേണ്ടതല്ലേ?
മൃഗങ്ങളോടുള്ള ക്രൂരത പാടില്ല എന്ന നിയമം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. മൃഗസംരക്ഷണത്തിനായി 1960-ലെ, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും (The Prevention of Cruelty to Animals Act) 1972-ലെ വന്യജീവി സംരക്ഷണ നിയമവും (The Wild Life Protection Act) പ്രാബല്യത്തിലുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ 'അനിമൽ" എന്ന് നിർവചിച്ചിരിക്കുന്നതിൽ മനുഷ്യൻ അല്ലാതെയുള്ള എല്ലാ ജീവജാലങ്ങളും ഉൾപ്പെടും. എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം, കരയിലും ജലത്തിലും ജീവിക്കുവാൻ ശേഷിയുള്ള ജന്തുക്കൾ, സസ്തന ജീവികൾ, പക്ഷികൾ, പക്ഷികളുടെയും ഇഴജന്തുക്കളുടെയും മുട്ടകൾ മുതലായവയെല്ലാം ആ നിർവചനത്തിൽ ഉൾപ്പെടും.
ഇവിടെ, മൃഗങ്ങളോടുള്ള ക്രൂരതയെന്നാൽ അതിനെ അടിക്കുക, തൊഴിക്കുക, ക്രമാതീതമായ രീതിയിൽ ഓടിക്കുക, തളർത്തുക, തൽഫലമായി ആ മൃഗത്തിന് സഹിക്കാൻ കഴിയുന്നതിൽ കൂടുതൽ വേദനയുണ്ടാക്കുക, പ്രായാധിക്യത്താലോ ക്ഷീണിച്ചതോ, മുറിവു പറ്റിയതോ ആയ മൃഗത്തെക്കൊണ്ട് പണിയെടുപ്പിക്കുക, പകർച്ചവ്യാധിയോ മറ്റു രോഗങ്ങളോ പിടിപെട്ട മൃഗങ്ങളെ അഴിച്ചുവിടുക തുടങ്ങിയവയൊക്കെയാണ്. ഇത്തരം കുറ്റങ്ങൾ ചെയ്താൽ തടവും പിഴയും ശിക്ഷയായി ലഭിക്കാം.
ക്രൂരതയുടെ
നിർവചനം
പ്രത്യേകം പറയേണ്ടുന്ന മറ്റൊരു കാര്യം, വന്യമൃഗ സംരക്ഷണ നിയമത്തിൽ മനുഷ്യജീവന് ഭീഷണിയായുള്ള വന്യമൃഗങ്ങളെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദത്തോടെ ഉന്മൂലനം ചെയ്യാം എന്ന് വ്യവസ്ഥയുള്ളതാണ്. അല്ലെങ്കിൽ സ്വയരക്ഷയ്ക്കോ മറ്റൊരാളെ രക്ഷിക്കുന്നതിനു വേണ്ടിയോ ഒരു മൃഗത്തെ കൊല്ലാവുന്നതാണ്. തെരുവുനായ്ക്കളുടെ കാര്യത്തിൽ ഇതൊന്നും ബാധകമല്ല. അവയെ ഉന്മൂലനം ചെയ്യേണ്ടത് മനുഷ്യരക്ഷയ്ക്കായാണ്. പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് തെരുവുനായ്ക്കൾ അവയുടെ ആക്രമണത്തിലൂടെ തടസപ്പെടുത്തുന്നത്. ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലികാവകാശമാണ്. അതിനും തെരുവുനായ്ക്കളുടെ ഭീഷണി ഭംഗം വരുത്തുന്നു.
ദിവസവും ആയിരക്കണക്കിന് ആട്, പശു, കാള, എരുമ, പോത്ത്, പന്നി, കോഴി, താറാവ് തുടങ്ങിയ മിണ്ടാപ്രാണികളെ അറുത്തുകൊന്ന് ഭക്ഷണമാക്കുന്നതിലൊന്നും ആർക്കും ഖേദമില്ല. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ ഒരുങ്ങുമ്പോൾ അതു മാത്രം മഹാക്രൂരതയായി കാണുന്നതിലെ വിരോധാഭാസമാണ് അദ്ഭുതാവഹം. ഉന്മൂലനം ചെയ്യുക എന്നതിന് കൊന്നൊടുക്കുക എന്നു മാത്രം അർത്ഥം കല്പിക്കേണ്ടതില്ല. തെരുവീഥികളിൽ നിന്ന് അവയുടെ സാന്നിദ്ധ്യം പൂർണമായും നിർമാർജനം ചെയ്യുക എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. തെരുവുനായ്ക്കളെ പിടികൂടി അഭയ കേന്ദ്രങ്ങളിലാക്കണം. ദയാവധം നൽകേണ്ടവയ്ക്ക് അതു നൽകണം. നിലവിൽ തെരുവുനായ്ക്കൾക്കായി അഭയ കേന്ദ്രങ്ങളില്ലെങ്കിൽ അടിയന്തരമായി അത്തരം കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികളാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടത്. ആദ്യം മനുഷ്യജീവൻ രക്ഷിക്കാം. അതുകഴിഞ്ഞാകാം മൃഗസംരക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |