ജീവിതത്തിലെ ഏറ്റവും സുന്ദരവും സുഖകരവുമായ കാലം ബാല്യമാണെന്നു പറയാറുണ്ട്. കൗമാരത്തിലേക്കും യൗവനത്തിലേക്കും അതുകഴിഞ്ഞ് വാർദ്ധക്യത്തിലേക്കും കടന്നവരും ഇതിനോട് യോജിക്കും. അവരുടെ വർത്തമാനകാലത്തെ മുമ്പ് പിന്നിട്ട ബാല്യത്തോട് താരതമ്യം ചെയ്യുമ്പോൾ അതിന്റെ മാധുര്യം ഒന്നുകൂടി വർദ്ധിക്കും. രണ്ടാം ബാല്യമാണ് വാർദ്ധക്യമെന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും നല്ലൊരു വിഭാഗത്തിന്റെയും അവസ്ഥയും അനുഭവങ്ങളും അങ്ങനെയല്ല. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളും മാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങളും വയോജനങ്ങളുടെ ദുഃസ്ഥിതി വെളിപ്പെടുത്തുന്നവയാണ്.
സാമൂഹ്യനീതിവകുപ്പ് തയ്യാറാക്കിയ കരട് നയത്തിലെ പല നിർദ്ദേശങ്ങളും കഷ്ടപ്പാടനുഭവിക്കുന്ന വയോജനങ്ങൾക്ക് ആശ്വാസം പകരുന്നവയാണ്. വയോജനങ്ങൾക്ക് സൗകര്യപ്രദമായ തരത്തിലായിരിക്കണം വീടുകളും വിശ്രമകേന്ദ്രങ്ങളും രൂപകല്പന ചെയ്യേണ്ടതെന്ന നിർദ്ദേശം അഭിനന്ദനീയമാണ്. കാൽമുട്ടിനും നട്ടെല്ലിനും ബുദ്ധിമുട്ടുള്ളവർ സ്വന്തം വീട്ടിൽത്തന്നെ കയറാനും ഇറങ്ങാനും പെടുന്ന പാട് നമുക്കറിയാം. കരട് നയത്തിലെ ഈ നിർദ്ദേശം പാലിക്കപ്പെട്ടാൽ പ്രായാധിക്യത്താലും ആരോഗ്യപ്രശ്നങ്ങളാലും വയോജനങ്ങൾ നേരിടുന്ന പരാധീനതകൾ ലഘൂകരിക്കാനാവും. വയോജനങ്ങളിൽ വലിയൊരു വിഭാഗം സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്നവരാണ്. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവരിൽ നല്ലൊരു പങ്ക് വേണ്ടപ്പെട്ടവരിൽ നിന്ന് മാനസിക പിന്തുണ കിട്ടാത്തവരാണ്. ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ പലരും ഒരു കൈസഹായം ആഗ്രഹിക്കുന്നു. എണീറ്റ് നടക്കാനും പടിക്കെട്ടിറങ്ങാനും ആരുടെയെങ്കിലും സഹായം വേണ്ടിവരും.
കൂട്ടുകുടുംബത്തിൽ അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. അണുകുടുംബങ്ങളായതോടെ സാഹചര്യങ്ങൾ മാറി. സ്വന്തം ബുദ്ധിമുട്ടുകൾ പറയാനും പറയാതിരിക്കാനും പറ്റാത്ത അവസ്ഥയിൽ കഴിയുന്നവരുടെ എണ്ണവും കുറവല്ല. വീടുകൾ, പൊതു ഇടങ്ങൾ, പരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ റാമ്പുകൾ, വീതിയുള്ള വാതിലുകൾ, തെന്നിവീഴാത്ത തറ, മതിയായ വെളിച്ചം തുടങ്ങിയവ ഉറപ്പുവരുത്തണം. ഇപ്പോഴുള്ള കെട്ടിടങ്ങളിൽ ഘട്ടം ഘട്ടമായി ഈ സൗകര്യങ്ങൾ സജ്ജമാക്കണം. പൊതു കെട്ടിടങ്ങളും സ്ഥലങ്ങളും സോഷ്യൽ ഓഡിറ്റ് നടത്തി സുരക്ഷ, ശുചിത്വം, സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം. കൂടുതൽ സുഖസൗകര്യങ്ങൾ നൽകുന്നതിലല്ല, ജീവിതം കൂടുതൽ ശ്രമകരമാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അധികൃതർക്കു മാത്രമല്ല വയോജനങ്ങളുടെ കുടുംബാംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ഇക്കാര്യത്തിൽ പലതും ചെയ്യാനാകും.
കേരളത്തിലെ വയോജനങ്ങളിലധികവും വിവിധതരം ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവരാണെന്നാണ് സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കണക്ക്. ഇതിൽ 11 ശതമാനത്തോളം ഒന്നിൽ കൂടുതൽ ഭിന്നശേഷിയുള്ളവരാണ്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ 2025ലെ റിപ്പോർട്ട് പ്രകാരം 60നും അതിനു മുകളിലും പ്രായമുള്ളവരുടെ ജനസംഖ്യാനുപാതം 2011ലെ 12.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു. 2051 ആകുമ്പോൾ ഇതു 30 ശതമാനമായി വർദ്ധിച്ചേക്കും. പൊതുഗതാഗത സംവിധാനങ്ങൾ നവീകരിക്കണമെന്നും കരടു നയത്തിൽ നിർദ്ദേശമുണ്ട്. ഉയരം കുറഞ്ഞ ചവിട്ടുപടികളുള്ള ലോഫ്ളോർ വാഹനങ്ങൾ, മുതിർന്ന വ്യക്തികൾക്ക് ഇരിപ്പിട മുൻഗണന എന്നിവയും നിർദ്ദേശങ്ങളിൽപ്പെടുന്നു. വയോജന സുരക്ഷയും സൗഹൃദവും ഉറപ്പാക്കുന്ന നല്ല നിർദ്ദേശങ്ങൾ കാലതാമസം കൂടാതെ നടപ്പാക്കാനും അധികാരികൾ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |