കഴിഞ്ഞ രണ്ട് മാസത്തോളം പൊതുസമൂഹത്തിന് മുന്നിൽ ആ ആദിവാസി കുടുംബം സംശയനിഴലിലായിരുന്നു. തന്റെ പ്രിയ ഭാര്യയുടെ വിരഹ വേദന മാറും മുമ്പേ ഭർത്താവ് കൊലപാതകിയായി മുദ്രകുത്തപ്പെട്ടു. അമ്മയെ നഷ്ടപ്പെട്ട വിഷമത്തിൽ കഴിഞ്ഞ രണ്ട് ആൺകുട്ടികളും കുറ്റാരോപിതരായി. ഏറ്റവുമൊടുവിൽ സത്യം മറനീക്കി പുറത്തുവന്നു. വനവിഭവം ശേഖരിക്കാൻ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കാട്ടിൽ പോയ പീരുമേട് പ്ലാക്കത്തടം ഊരിലെ ആദിവാസി വീട്ടമ്മ സീത (42) മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണം കാട്ടാന ആക്രമണത്തിലാണെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സീത മരിച്ച് രണ്ടുമാസം കഴിയുമ്പോഴാണ് മരണത്തിലെ ദുരൂഹത നീങ്ങുന്നത്. ജൂൺ 13ന് മീൻമുട്ടി വനത്തിനുള്ളിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നെന്ന് സംഭവസമയം ഒപ്പമുണ്ടായിരുന്ന വനംവകുപ്പ് താത്കാലിക ജീവനക്കാരൻ കൂടിയായ ഭർത്താവ് ബിനുവും മക്കളായ സജുമോനും അജു മോനും പറയുന്നു. എന്നാൽ പിറ്റേന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്നും നരഹത്യയാണെന്നും വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മൃതദേഹത്തിൽ കഴുത്തിലടക്കം മൽപിടുത്തത്തിന്റെ പാടുകളും പലതവണ തല മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങളും വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. അന്ന് തന്നെ മരണം കാട്ടാന ആക്രമണത്തിലാണോയെന്ന് സംശയമുണ്ടെന്ന് കോട്ടയം ഡി.എഫ്.ഒയും കൊലപാതകം തന്നെയാണെന്ന് വനംമന്ത്രിയും പറഞ്ഞതോടെ ഭർത്താവ് ബിനു സംശയനിഴലിലായി. ബിനു കസ്റ്റഡിയിലാണെന്നും ഇയാളുടെ കള്ളം പൊളിഞ്ഞെന്നുമുള്ള തരത്തിൽ വാർത്ത വരികയും ചെയ്തു. പൊലീസ് ഇതെല്ലാം നിഷേധിക്കുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടാതെ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് 16ന് സംഭവം നടന്ന വനപ്രദേശത്ത് പൊലീസ്, വനംവകുപ്പ്, ഫോറൻസിക് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സീതയും കുടുംബവും വനത്തലേക്ക് കൊണ്ടുപോയ അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ആന നശിപ്പിച്ചതായും കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്ന് പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ രണ്ട് എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏൽപ്പിച്ചു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം മുമ്പോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയിലായി പൊലീസ്. ഇതിനിടെ പോസ്റ്റ്‌മോർട്ടം ചെയ്ത അസി. സർജൻ ആദർശ് രാധാകൃഷ്ണൻ അനധികൃതമായി അവധിയിൽ പോയി. തുടർന്ന് ഇയാൾക്കെതിരെ ആരോഗ്യവകുപ്പ് വകുപ്പുതല നടപടി ആരംഭിച്ചു. ഈ അന്വേഷണത്തോടും സഹകരിക്കാത്ത ഡോക്ടർ 28ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മെഡിക്കൽ റെക്കോഡ്സ് ലൈബ്രറിയ്ക്ക് സമർപ്പിച്ചു. അവിടെ നിന്ന് 30നാണ് പൊലീസിന് റിപ്പോർട്ട് ലഭിക്കുന്നത്. ഈ റിപ്പോർട്ടിലും സീതയുടെ മരണം നരഹത്യയാണെന്നായിരുന്നു അസി. സർജൻ വ്യക്തമായി എഴുതിയിരുന്നത്. അതേസമയം പൊലീസ് വിശദമായി അന്വേഷണം നടത്തിയിട്ടും കൊലപാതകമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സീതയെ വനത്തിനു പുറത്തേക്ക് എടുത്തുകൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന കഴുത്തിലെ പരിക്കിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും ചുമന്നു കൊണ്ടുവരുമ്പോഴും സംഭവിച്ചതാണെന്നുമാണ് പൊലീസ് കണ്ടെത്തൽ.
ആ ചവിട്ട് കാട്ടാനയുടേത്
സീതയുടെ വയറിന്റെ അടിഭാഗത്ത് 9x 6 സെന്റീ മീറ്റർ വലിപ്പമുള്ളതും ഗർഭപാത്രത്തിന്റെ ഇടത് പകുതിയുടെ മുൻവശത്ത് 5x 2.5 സെന്റീ മീറ്റർ വലിപ്പമുള്ളതുമായ ചതവുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഇത് മുന്നിൽ നിന്നുള്ള ഒരു ചവിട്ടിന്റെ സൂചനയാണെന്നാണ് റി പ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് ആന ചവിട്ടിയാൽ മാത്രമുണ്ടാകുന്ന പരിക്കാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
നഷ്ടപരിഹാരം ഇനിയും കിട്ടിയില്ല
മരണത്തിൽ വ്യക്തത വരാത്തതിനാൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കേണ്ട നഷ്ടപരിഹാരവും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അമ്മയുടെ മരണത്തിന് ദൃക്സാക്ഷിയായ 12 വയസുള്ള ആൺകുട്ടിക്ക് ഇതുവരെ സ്‌കൂളിൽ പോകാൻ പോലും കഴിയുന്നില്ല. ഇത്രനാളായിട്ടും കുട്ടിക്ക് കൗൺസിലിംഗ് കൊടുക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല.
അസി. സർജൻ അവധിയിൽ
സീതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത പീരുമേട് താലൂക്ക് ആശുപത്രി അസി. സർജൻ ആദർശ് രാധാകൃഷ്ണൻ ഇപ്പോഴും അനധികൃത അവധിയിലാണ്. പൊലീസിന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും നൽകാതെ സീതയുടെ മരണം കൊലപാതകമാണെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ അനധികൃതമായി അവധിയിൽ പോയ ഡോക്ടർ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് സമർപ്പിച്ചത്. ഇതിന് ശേഷവും ഇയാൾ മേലുദ്യോഗസ്ഥരെ അറിയിക്കാതെ അവധിയിൽ പോയി. ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടും മറുപടിയുണ്ടായില്ല. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിട്ടും ഇയാൾ ഹാജരായിരുന്നില്ല.
പൊലീസിന് നന്ദി പറഞ്ഞ് ഊരുമൂപ്പൻ
സീതയുടെ മരണം നരഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും കാട്ടാനയുടെ ആക്രമത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് രാഘവൻ അന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. തുടർന്ന് ഊരു മൂപ്പന്റെ നേതൃത്വത്തിൽ സീതയുടെ ഭർത്താവ് ബിനുവിന്റെ നീതിക്ക് വേണ്ടി ആദിവാസി സംഘടനകൾ രംഗത്തിറങ്ങിയിരുന്നു. സീതയുടെ മരണകാരണം പുറത്ത് കൊണ്ടുവരാൻ നേതൃത്വം നൽകിയവരെയും അതിന് വേണ്ടി സമരം ചെയ്ത സി.പി.എം, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം നന്ദി പറഞ്ഞു. സത്യസന്ധമായി പ്രവർത്തിച്ച് സീതയുടെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഊരുമൂപ്പൻ പ്രത്യേകം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |