SignIn
Kerala Kaumudi Online
Monday, 18 August 2025 4.49 AM IST

നെതർലന്റ്സ് വിശേഷം, സൈക്കിൾ ചക്രങ്ങളിൽ ഉരുളുന്ന ജീവിതം

Increase Font Size Decrease Font Size Print Page
a

ലോകം ഒരു പാഠപുസ്തകമാണെങ്കിൽ,​ വിവിധ രാജ്യങ്ങൾ അതിലെ വ്യത്യസ്തതകൾ നിറഞ്ഞ അദ്ധ്യായങ്ങളാണ്. ഇതുപോലെ ലോകരാജ്യങ്ങൾക്കിടയിൽ നെതർലന്റ്സിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ 'സൈക്കിൾ സംസ്കാര "മാണ്. ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം ജനങ്ങളുള്ള നെതർലന്റ്സിൽ സൈക്കിളുകളുടെ എണ്ണം രണ്ടരക്കോടിക്ക് അടുത്തു വരും! അതായത്,​ ആകെ ജനസംഖ്യയെക്കാൾ ഒരു കോടിയിലധികം സൈക്കിളുകൾ!

നെതർലന്റ്സിൽ സൈക്കിൾ മറ്റു രാജ്യങ്ങളിലെപ്പോലെ വെറും വിനോദോപാധി മാത്രമല്ല, കുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ്. പൊതുഗതാഗതത്തെക്കാൾ കൂടുതൽ സ്വീകാര്യതയാണ് സൈക്കിളുകൾക്ക് അവർ നൽകി വരുന്നത്. വിദേശ സഞ്ചാരികൾ ഒരിക്കലെങ്കിലും എത്താൻ ആഗ്രഹിക്കുന്ന നെതർലന്റ്സ്, തലസ്ഥാനമായ ആംസ്റ്റർഡാമിൽ സൈക്കിൾ യാത്രികർക്ക് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങളാണ്. ദിവസവും പതിനായിരക്കണക്കിന് സൈക്കിൾ സഞ്ചാരികൾ എത്തുന്ന ആംസ്റ്റർഡാം അറിയപ്പെടുന്നതും 'സൈക്കിളുകളുടെ തലസ്ഥാനം" എന്നുതന്നെ.


സംസ്കാരവുമായി ഇഴുകിച്ചേർന്ന്...
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് നെതർലന്റ്സിൽ സൈക്കിൾ പ്രചാരത്തിലായിത്തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ സൈക്കിൾ ആഡംബരത്തിന്റെ പ്രതീകമായിരുന്നെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സാധാരണക്കാരിലേക്കും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ആളുകളിലേക്കും സൈക്കിൾ എത്തിത്തുടങ്ങി. പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൈക്കിളുകളുടെ ഉപയോഗം താരതമ്യേന കുറഞ്ഞ നെതർലന്റ്സിൽ കാറുകൾ വ്യാപകമായി. എന്നാൽ,​ മലിനീകരണ പ്രശ്നങ്ങളും രാജ്യത്ത് അപകടങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കാറുകൾ ഉപേക്ഷിച്ച് വീണ്ടും ആളുകൾ സൈക്കിൾ ഉപയോഗിക്കുന്നതിന് കാരണമായി.

സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കാർ സൈക്കിൾ സൗഹൃദ നഗരപദ്ധതികളും പ്രത്യേക നികുതി ഇളവുകളും നടപ്പാക്കി. ഇതോടെ രാജ്യത്ത് സൈക്കിളുകൾ വീണ്ടും വ്യാപകമായി. ഈ കാലയളവിൽത്തന്നെ സൈക്ളിംഗിനായി പ്രധാന പാതയോട് ചേർന്നുതന്നെ പ്രത്യേക പാതകളും നിർമ്മിച്ചു തുടങ്ങി. ഇന്ന് ഏകദേശം 35,000 കിലോമീറ്റർ നീളത്തിലാണ് നെതർലന്റ്സിൽ സൈക്കിൾ പാതകളുള്ളത്. ഈ പാതകളിൽ പ്രത്യേക സിഗ്നലുകളും ഒരുക്കിയിരിക്കുന്നു.

നഗരങ്ങൾ അരികെ

നെതർലന്റ്സ് സൈക്കിൾ സംസ്കാരത്തിലേക്കു വരാനും,​ സൈക്കിൾ ജനങ്ങളെ കൂടുതൽ ആകർഷിക്കാനും കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനം രാജ്യത്തെ നഗരങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരവ്യത്യാസം തന്നെ. ഒരു നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് ഗതാഗതക്കുരുക്കിലൊന്നും പെടാതെ എത്തുന്നതിന് പ്രത്യേകം നിർമ്മിച്ച സൈക്കിൾ പാതകൾ ഉപകരിക്കും. സമതല ഭൂപ്രകൃതിയും കാലാവസ്ഥയും രാജ്യത്ത് സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കി. അതിനാൽത്തന്നെ നഗരം കാറുകളേക്കാൾ മുൻഗണന നൽകുന്നതും സൈക്കിളുകൾക്കാണ്.

കുട്ടികളെ മുൻവശത്ത് ഇരുത്തി യാത്ര ചെയ്യാവുന്നതും രണ്ടുപേർക്ക് സഞ്ചരിക്കാവുന്നതുമായ സൈക്കിളുകൾ നെതർലന്റ്സിലെ ചുവന്ന സൈക്കിൾ പാതകളിലൂടെ ഇരുവശത്തേക്കും സഞ്ചരിക്കുന്നു. സൈക്കിൾ ഇല്ലാതെ എത്തുന്നവർക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹബ്ബുകളും,​ റിപ്പയറിംഗ് സെന്ററുകളും പാതയോരങ്ങളിൽ റെഡി. ഇനി, സൈക്കിളിൽ നിന്നിറങ്ങി നടക്കണമെന്നു തോന്നിയാലും,​ സൈക്കിളുകൾ സുരക്ഷിതമായി വയ്ക്കാനുള്ള പ്രത്യേക പാർക്കിംഗ് പോയിന്റുകളുമുണ്ട്.

നെതർലന്റ്സിൽ കുട്ടികൾ സ്കൂളിലേക്കുള്ള യാത്രയിലും,​ മുതിർന്നവർ ജോലിക്കു പോകുമ്പോഴും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം സൈക്കിളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രകൃതിക്ക് ഒരു തരത്തിലുള്ള ദോഷവും വരുത്താത്ത സൈക്കിൽ യാത്ര, ശരാശരി മനുഷ്യന്റെ ആയുസ് ദീർഘിപ്പിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

യൂറോപ്പിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന നെതർലന്റ്സ് പ്രകൃതിസൗന്ദര്യംകൊണ്ടും,​ മനുഷ്യനിർമ്മിതികൾക്കൊണ്ടും അദ്ഭുതങ്ങൾ നിറഞ്ഞ രാജ്യമാണ്. രാജ്യത്തിന്റെ വലിയൊരു ഭാഗം കടൽനിരപ്പിനു താഴെയാണെങ്കിലും,​ പല നിർമ്മിതികളും നെതർലന്റ്സിനെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിച്ചു പോരുന്നു. ഡച്ച് ജനതയുടെ 33 ശതമാനം ആളുകളും പ്രധാന ഗതാഗത മാർഗമായി സൈക്കിൾ ഉപയോഗിക്കുന്നവരാണ്.

സൈക്കിൾ യാത്ര, പൊതുഗതാഗത സൗകര്യങ്ങൾ, ഹരിത മേഖലകൾ ഇവയെല്ലാം ചേർന്ന്,​ തലസ്ഥാനമായ ആംസ്റ്റർഡാം ഒരു സുസ്ഥിര നഗര ജീവിതത്തിന്റെ മാതൃകയായി മാറിയിരിക്കുന്നു. ഒരു നഗരമെന്നതിനെക്കാൾ കൂടുതൽ ചരിത്രം, സംസ്‌കാരം, പ്രകൃതി, സൗഹൃദ ജീവിതം എന്നിവയുടെ മനോഹരമായ സംഗമം കൂടിയാണ് ആംസ്റ്റർഡാം സിറ്റി. വ്യത്യസ്തത നിറഞ്ഞ ജീവിതരീതികൾ, കൗതുകമുള്ള ഭക്ഷണശീലങ്ങൾ, താരതമ്യേന ശാന്തസ്വഭാവക്കാരായ മനുഷ്യർ... ഇവയെല്ലാം ലോകസഞ്ചാരികളെ നെതർലന്റ്സിലേക്ക് ആകർഷിക്കുന്നു.

TAGS: NETHARLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.