ഒരു വ്യക്തിയുടെ വിവാഹം നടന്നു. കുറച്ചു നാളുകൾക്ക് ശേഷമാണ് ഭാര്യ ഭയങ്കര വഴക്കാളിയാണെന്ന് അയാൾക്ക് മനസിലായത്. ഭർത്താവ് എന്തു ചെയ്താലും അതിലൊക്കെ അവൾ കുറ്റം കണ്ടുപിടിക്കും. അയാൾ ചെരുപ്പ് ശരിക്കുവച്ചില്ല, സാധനങ്ങൾ അടുക്കി വച്ചില്ല ഇങ്ങനെ ഓരോന്നു പറഞ്ഞ് ദിവസവും വഴക്കിടും. എന്നാൽ അവൾ ഭർത്താവിന്റെ ആരോഗ്യകാര്യങ്ങളിലും ആവശ്യങ്ങളിലുമെല്ലാം നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. പക്ഷെ നിത്യവുമുള്ള വഴക്കുകൾക്ക് ഒരു കുറവുമില്ല. ഒടുവിൽ അയാൾ വഴക്കാളി ഭാര്യയെ വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ ആ വിവാഹബന്ധം വേർപെടുത്തി, മറ്റൊരു വിവാഹം കഴിച്ചു. രണ്ടാമത്തെ ഭാര്യ മധുരമായി പെരുമാറും, വഴക്കടിക്കില്ല. പക്ഷെ, അവൾ അലസയും ആഡംബരപ്രിയമായിരുന്നു. അയാൾക്കു കിട്ടുന്ന ശമ്പളം മുഴുവൻ ചെലവാക്കി അവർ ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടി. അവളുടെ ഈ ശീലം മാറ്റിയെടുക്കാനുള്ള ഭർത്താവിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. എങ്കിലും ഇഷ്ടപ്പെട്ട ഭാര്യയായതുകൊണ്ട് അവൾ എന്താവശ്യപ്പെട്ടാലും അയാൾ കടം വാങ്ങിയാണെങ്കിലും അത് സാധിപ്പിക്കും. പരമാവധി കടമെടുത്തു. അവസാനം കൈക്കൂലി വാങ്ങാൻ തുടങ്ങി. ഒടുവിൽ ഒരു ദിവസം കൈക്കൂലി വാങ്ങിയതിന് അയാളെ പൊലീസ് അറസ്റ്റുചെയ്തു. അപ്പോൾ അയാൾ ചിന്തിച്ചു, 'ആദ്യ ഭാര്യയായിരുന്നു ഇതിലും ഭേദം. അവളുമായി അല്പം അഡ്ജസ്റ്റു ചെയ്തു നീങ്ങിയിരുന്നെങ്കിൽ ഞാൻ ജയിലിലാകുമായിരുന്നില്ല.'
ഇവിടെ എന്താണ് തെറ്റുപറ്റിയത്. ഉപഭോഗവസ്തുക്കളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് നമ്മൾ ചുറ്റുമുള്ള വ്യക്തികളോട് ഇടപെടാറുള്ളത്. വീട്ടുപകരണങ്ങൾക്ക് കേടു വന്നാൽ ആദ്യം നമ്മൾ അവയെ റിപ്പയർ ചെയ്ത് ഉപയോഗിക്കും. വീണ്ടും വീണ്ടും തകരാറിലായാൽ അവയെ ഒഴിവാക്കി പുതിയത് വാങ്ങും. അതുപോലെ നമ്മളുമായി പൊരുത്തപ്പെടാത്ത വ്യക്തികളെ ആദ്യം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റുവാൻ ശ്രമിക്കും. അതിൽ പരാജയപ്പെട്ടാൽ ബന്ധം വേർപെടുത്തും. സ്വന്തം ഭാഗത്തു തെറ്റുണ്ടെന്നോ, തന്റെ സമീപനത്തിലോ വീക്ഷണത്തിലോ മാറ്റങ്ങൾ ആവശ്യമാണെന്നോ ചിന്തിക്കാൻ നമ്മൾ മെനക്കെടാറില്ല.
ജീവിതപ്രശ്നങ്ങൾക്ക് ബാഹ്യലോകത്തുള്ള ഏതെങ്കിലും വസ്തുവിലോ വ്യക്തിയിലോ കാരണം ആരോപിക്കുന്നതിനു പകരം ആദ്യം തന്റെ ഉള്ളിലേയ്ക്കു തിരിഞ്ഞു നോക്കുക. പുറംലോകത്തിൽ മാറ്റത്തിനായി കൊതിക്കുന്ന നമ്മുടെ ഉള്ളിലാണ് ആദ്യം മാറ്റം വരേണ്ടത്. ആന്തരികമായ ഒരു മാറ്റത്തിനു നമ്മൾ തയ്യാറാകണം. അല്ലെങ്കിൽ ഒരിക്കലും നമുക്കു ശാന്തി കിട്ടില്ല. നമുക്കു ചുറ്റുമുള്ള വ്യക്തികൾ നമുക്കു കൈകാര്യം ചെയ്യാനുള്ള വെറും ഉപകരണങ്ങളല്ല എന്ന് നമ്മൾ മനസിലാക്കണം. നമ്മളെപ്പോലെ വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയുള്ള മനുഷ്യരാണവർ. ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു സമൂഹാന്തരീക്ഷം സൃഷ്ടിക്കുവാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവരെ അവരായിത്തന്നെ ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാകണം. വിട്ടുവീഴ്ചയും വിശാലതയുമുള്ള ഒരു സമീപനം നമ്മൾ വളർത്തിയെടുക്കണം. എല്ലാവരിലും കുറവുകളുണ്ടാകും. മറ്റുള്ളവരെ തിരുത്തുന്നതിൽ തെറ്റില്ല. എന്നാൽ അതിലുപരി സ്വയം തിരുത്താനും മാറാനും വളരാനും നമ്മൾ തയ്യാറാകണം. അതിലായിരിക്കണം നമ്മുടെ ഊന്നൽ. അങ്ങനെയായാൽ അകത്തും പുറത്തും ശാന്തിയും സംതൃപ്തിയും നിറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |