അകത്തേത്തറയിലെ ഖാദി, ചിതലിപ്പട്ട്, ശ്രീകൃഷ്ണപുരം സാരി, കുപ്പടം മുണ്ട്... പാലക്കാടൻ ഗ്രാമങ്ങളിൽ നെയ്തെടുക്കുന്ന ഓരോ തുണിയുടെ പിന്നിലും അദ്ധ്വാനത്തിന്റെ കഥകളേറെയുണ്ട്. തറിയിൽ ഇഴചേർന്നൊരുങ്ങുന്ന വസ്ത്രങ്ങൾപ്പോലെ അത്രയധികം വർണാഭമല്ല അതു തയ്യാറാക്കുന്ന തൊഴിലാളികളുടെ ജീവിതം. ഒരുകാലത്ത് പ്രൗഢിയോടെ നിന്നിരുന്ന ജില്ലയിലെ കൈത്തറി നെയ്ത്ത് വ്യവസായമേഖല ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ നെയ്ത്ത് തറികളിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശബ്ദം ഇപ്പോൾ അധികം കേൾക്കാനില്ല. പൊതുസ്ഥലങ്ങളിലും ക്ഷേത്ര മൈതാനങ്ങളിലും നെയ്ത്തിനുള്ള പാവുണക്കും വീടുകൾ തോറുമുള്ള താരുചുറ്റും ഇന്ന് പാലക്കാട്ടെ അപൂർവ കാഴ്ചയായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ടു മുമ്പുവരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ മേഖലയെ തളർത്തിയത് കൂലിക്കുറവും, പവർ ലൂമിൽ നിന്നുള്ള മത്സരവുമാണ്. പുതിയ തലമുറ നെയ്ത്തിലേക്ക് കടന്നുവരാത്തതും പ്രതിസന്ധിയുടെ വർദ്ധിപ്പിച്ചു. കൈത്തറി മേഖലയിൽ 150ഓളം പ്രാഥമിക സഹകരണ സംഘങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന സംഘങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
കൈകൊണ്ട് യന്ത്രസഹായമില്ലാതെ നെയ്‌തെടുക്കുന്ന മുണ്ടുകൾ, തോർത്തുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ എന്നിവയ്ക്ക് നല്ല ഡിമാൻഡാണുള്ളതെങ്കിലും തൊഴിലാളിക്ക് ന്യായമായ വേതനം ലഭിക്കാറില്ല. തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കു മൂലം ജില്ലയിലെ പല കൈത്തറി സംഘങ്ങളുടെയും പ്രവർത്തനം നിലച്ചു. സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് തിരികെ ലഭിക്കുന്നതിലുള്ള കാലതാമസവും റിബേറ്റ് കാലയളവ് വെട്ടിക്കുറച്ചതും വാങ്ങുന്ന തുണിയുടെ തുക ഹാന്റക്സ് നൽകാത്തതും സംഘങ്ങൾക്ക് ഇരുട്ടടിയാണ്. വിശേഷ കാലയളവുകളിൽ നടത്തുന്ന പ്രദർശനമേളകളിൽ മാത്രമാണ് കൈത്തറി തുണികൾ ഇപ്പോൾ സംഘങ്ങൾ വിൽക്കാറുള്ളത്. ബാങ്കുകളിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ പല സംഘങ്ങളും അടച്ചുപൂട്ടി. നെയ്ത്തിൽ നിന്നും ലഭിക്കുന്ന വേതനം വളരെ കുറവായതിനാൽ നെയ്ത്തുതൊഴിലാളികളിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളായി മാറി.
പ്രവർത്തന മൂലധന ക്ഷാമവും ഈ മേഖലയെ വല്ലാതെ അലട്ടുന്നുണ്ട്. ആവശ്യത്തിനുള്ള പ്രതിഫലം ലഭിക്കാത്തതിനാൽ കൈത്തറികളങ്ങളിൽ നിന്നും ഉയരുന്നത് തൊഴിലാളികളുടെ ദീനരോദനമാണ്. കൈത്തറി നെയ്ത്ത് മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൈത്തറി മേഖല ജില്ലയിൽ ഒരോർമയായി മാറാൻ അധികകാലം വേണ്ടിവരില്ല.
ഖാദിയെ ആശ്രയിച്ച്
600 ജീവിതങ്ങൾ
ജില്ലയിൽ 36 ഖാദി നൂൽനൂൽപ്പ് കേന്ദ്രങ്ങളുണ്ട്. ഇതിൽ 21 എണ്ണം ഖാദി കേന്ദ്രങ്ങളിലും 15 എണ്ണം ബഡ്സ് സ്കൂളുകളിലുമാണ്. ഖാദിയുടേതായി 24 നെയ്തുകേന്ദ്രങ്ങളുമുണ്ട്. ഈ മേഖലയിൽ അറുനൂറോളം തൊഴിലാളികളുണ്ട് . അംഗീകൃത ഖാദി കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക്, ചെയ്യുന്ന ജോലിക്കനുസരിച്ച് സ്ഥാപനത്തിലെ കൂലി, ഇൻസെന്റീവ്, സംസ്ഥാന സർക്കാർ നൽകുന്ന വിഹിതമായ വരുമാനപൂരക സംഖ്യ എന്നിവ ലഭിക്കും.
നൂൽനൂൽപ്പിൽ ഏകദേശം ഇരുനൂറ് നൂലിഴകൾ ചേരുന്നതാണ് ഒരു കഴി. ഒരു കഴിക്ക് 10 രൂപമുതൽ കൂലി, 60 പൈസ ഇൻസെന്റീവ്, 4.90 രൂപ മുതൽ സർക്കാരിന്റെ വരുമാന പൂരകസംഖ്യ എന്നിവ ലഭിക്കും. ഒരു ദിവസം 24 കഴിയാണ് തീർക്കേണ്ടത്. നൂലിന്റെ എണ്ണമനുസരിച്ച് ഇൻസെന്റീവ്, ഉത്പന്നങ്ങൾക്കനുസരിച്ച് കൂലി എന്നിവയിൽ മാറ്റമുണ്ടാവും. നെയ്ത്തിന് ഒരു മീറ്ററിന് വരുമാനമായി 20 രൂപ മുതൽ കൂലി, 1.80 രൂപ ഇൻസെന്റീവ്, 25 രൂപ മുതൽ സർക്കാരിന്റെ വരുമാനപൂരക സംഖ്യ എന്നിവ ലഭിക്കും. ഒരു ദിവസം 5.6 മീറ്ററാണ് നെയ്യേണ്ടത്. ഇവയ്ക്കുപുറമേ ജോലിക്കനുസരിച്ച് ഡി.എയും വർഷത്തിൽ ആകെ വരുമാനത്തിന്റെ 10 ശതമാനം ബോണസും കിട്ടണം. ഇതിൽ കൂലി മാത്രം സ്ഥാപനങ്ങൾ നൽകുന്നു. ഇൻസെന്റീവ്, വരുമാനപൂരക സംഖ്യ, ബോണസ്, ഡി.എ എന്നിവയെല്ലാം സർക്കാർ നൽകുന്നതാണ്. അതാണ് മുടങ്ങിക്കിടക്കുന്നത്. തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങളും ഖാദി ക്ഷേമനിധിയുമുണ്ട്.
പകലന്തിയോളം
നെയ്താൽ; കൂലി 350
'ആറുമീറ്ററോളം നീളമുള്ള ഒരു സാരി നെയ്താൽ 700 രൂപയാണ് കിട്ടുക. ഒരു സാരി നെയ്യാൻ ഒന്നരദിവസത്തോളം വേണം" കരിമ്പുഴത്തെരുവിലെ നെയ്ത്തുകാർ പറയുന്നു. 'നാലുമീറ്റർ നീളമുള്ള ഒരു ഡബിൾ മുണ്ട് നെയ്താൽ 600 രൂപയാണ് കൂലി". ഈ വാക്കുകളിലുണ്ട് കൈത്തറി മേഖലയുടെയാകെ പ്രതിസന്ധി. സാമൂതിരിയുടെ കാലം മുതലേ നെയ്ത്തിന് പ്രസിദ്ധമാണ് കരിമ്പുഴ. നൂറോളം കുടുംബാംഗങ്ങളാണ് ഇവിടെ നെയ്ത്തുജോലി ചെയ്തിരുന്നത്. കാലം ചെന്നതോടെ ഇത് മുപ്പതിലേക്കു ചുരുങ്ങി. മുൻപ് എല്ലാ വീട്ടിലും തറിയുണ്ടായിരുന്നു. വരുമാനം കുറഞ്ഞതിനാൽ പുതിയ തലമുറയ്ക്കു നെയ്ത്തിനോടു താത്പര്യമില്ല. ഇവരെല്ലാം മറ്റു ജോലികളിലേക്കു മാറി. മികച്ച വസ്ത്രം തേടി അന്യനാട്ടിൽ നിന്ന് ഇന്നും ആവശ്യക്കാരെത്തുന്നുണ്ടെങ്കിലും കാലംചെല്ലുന്തോറും കൈത്തറിമേഖല പിന്നോട്ടുപോകുകയാണ്.
പകലന്തിയോളം നെയ്താൽ പരമാവധി 350 മുതൽ 400വരെ രൂപയാണ് ലഭിക്കുകയെന്ന് തൊഴിലാളികൾ പറയുന്നു. യന്ത്രത്തറിയുടെ വരവ് കൈത്തറിയെ പിറകോട്ടടിക്കുകയാണ്. കരിമ്പുഴയിലും തറിയുടെ രൂപത്തിൽ മാറ്റംവന്നിട്ടുണ്ട്. കുഴിത്തറികൾ കുറഞ്ഞ് ഫ്രെയിമുള്ള തറികളായി. കുഴിത്തറികളുമുണ്ട്.
നെയ്ത്തിനുള്ള പാവ് എത്തിക്കുന്നത് സേലം, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ്. ഹാൻവീവിന് വസ്ത്രം നൽകിയിരുന്നെങ്കിലും ലാഭവിഹിതം കിട്ടാൻ വൈകുന്നതുമൂലം കൂടുതൽപ്പേരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കരിമ്പുഴയിലെ നെയ്ത്തുകാരുടെ സഹകരണസംഘം കാലങ്ങളായി പ്രവർത്തനരഹിതമാണ്. നെയ്ത്തുകാരുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും കരിമ്പുഴയിൽ വില്പനശാലകൾ കൂടിയെന്ന് വ്യാപാരികൾ പറയുന്നു. ഇരുപത്തിയഞ്ചോളം തുണിക്കടകൾ ഇവിടെയുണ്ട്. മുഴുവൻ വസ്ത്രങ്ങളും കരിമ്പുഴയിൽ നെയ്യുന്നതല്ല. മറ്റു പലയിടങ്ങളിൽനിന്നു കൊണ്ടുവന്നും വിൽക്കുന്നുണ്ട്.
പ്രതീക്ഷയുടെ ഓണം
പട്ടുസാരി, പ്രിന്റഡ് സാരി, സെറ്റ് സാരി, ദാവണിസെറ്റ്, വിവിധതരം സെറ്റ്മുണ്ടുകൾ, ഡബിൾ മുണ്ടുകൾ തുടങ്ങിയവ കരിമ്പുഴയിൽ നെയ്‌തെടുക്കുന്നുണ്ട്. ഓണമായതോടെ പട്ടുസാരിക്കും ദാവണിസെറ്റിനും ആവശ്യക്കാർ കൂടിവരികയാണെന്ന് ധർമൻ പറയുന്നു. ഡബിൾ മുണ്ടിനും സെറ്റ്മുണ്ടിനും ആവശ്യക്കാരുണ്ട്. കഷ്ടപ്പാടിലാണെങ്കിലും ഓണത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവരെല്ലാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |