അനധികൃത സ്വത്തുസമ്പാദനക്കേസിൽ എ.ഡി.ജി.പി. എം.ആർ അജിത്കുമാർ വീണ്ടും കുരുക്കിലാണ്. വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ കോടതി 30ന് പരാതിക്കാരന്റെ മൊഴിയെടുക്കുകയാണ്. അജിത്തിനെതിരേ പുനരന്വേഷണം വന്നേക്കാനാണ് സാദ്ധ്യത. പരാതിക്കാരന്റെ മൊഴിപോലുമെടുക്കാതെ അജിത്തിന്റെ മൊഴി മാത്രം വിശ്വസിച്ച് രേഖകളോ തെളിവുകളോ ശേഖരിക്കാതെയാണ് ക്ലീൻചിറ്റ് നൽകിയതെന്ന് വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം. പക്ഷേ, ഇതിന് സർക്കാരിന്റെ അനുമതി വേണ്ടിവരും. കേസെടുക്കാൻ തക്കവിധമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കോടതി കണ്ടെയിട്ടുണ്ടെന്ന് ക്ലീൻചിറ്റ് തള്ളിയ ഉത്തരവിലുണ്ട്. 30ന് കോടതി നേരിട്ട് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജിൽ നിന്ന് മൊഴിയെടുത്തശേഷമായിരിക്കും തീരുമാനം.
അനധികൃതസ്വത്ത് കണ്ടെത്താൻ അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ ആദായനികുതി വിവരങ്ങൾ, ലാൻഡ് റവന്യൂരേഖകൾ, പണമിടപാടുകൾ എന്നിവയെല്ലാം പരിശോധിക്കണമായിരുന്നു. ഇതിന് ചുരുങ്ങിയത് എട്ടുമാസമെടുക്കും. എന്നാൽ ഡി.ജി.പി. സ്ഥാനക്കയറ്റത്തിന് തടസമാവാതിരിക്കാൻ നാലുമാസംകൊണ്ട് അന്വേഷണം തീർത്തു. അജിത്തിന്റെ മൊഴി അതേപടി വിശ്വസിച്ചാണ് ക്ലീൻചിറ്റ് നൽകിയത്. തിരിക്കിനിടെ പരാതിക്കാരന്റെ മൊഴിയെടുത്തില്ല. രേഖകളും തെളിവുകളും ശേഖരിച്ചില്ല. എത്ര അക്കൗണ്ടുണ്ടെന്നറിയാൻ ബാങ്കുകൾക്ക് കത്തും നൽകിയില്ല. കൈവശമുള്ള ഭൂമിവിവരങ്ങൾ എല്ലാവർഷവും സർക്കാരിന് നൽകുന്നതു പോലും പരിശോധിച്ചില്ല. എന്നിട്ടും അജിത്ത് ഒരുരൂപ പോലും അനധികൃതമായി സമ്പാദിച്ചില്ലെന്ന് വിജിലൻസ് ക്ലീൻചിറ്റ്നൽകുകയായിരുന്നു. സത്യസന്ധമല്ലാത്തതും നീതിയുക്തവുമല്ലാത്ത അന്വേഷണത്തിലെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
വിജിലൻസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചകളാണ് കോടതി കണ്ടെത്തിയത്. അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തമായ അന്വേഷണമുണ്ടായില്ല. ബാങ്ക് അക്കൗണ്ടുകൾ, ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത വിവരങ്ങൾ എന്നിവയൊന്നും പരിശോധിച്ചില്ല. അജിത്തിന്റെ ഉടമസ്ഥതയിലെ കെട്ടിടങ്ങളുടെയും വസ്തുക്കളുടെയും മൂല്യം ശരിയായ രീതിയിൽ കണക്കാക്കിയില്ല. സർക്കാരിൽ സമർപ്പിച്ച വാർഷിക കണക്കുകളും പരിശോധിച്ചില്ല. ഭൂമിയിടപാടുകൾക്ക് സർക്കാരിന്റെ അനുമതി തേടിയിരുന്നോയെന്നും അന്വേഷിച്ചില്ല. ബന്ധുവിൽ നിന്ന് ഭൂമി വാങ്ങിയത് ബിനാമി നിരോധന നിയമത്തിന്റെ പരിധിയിൽ വരും. കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കേണ്ടതാണ്. കവടിയാറിൽ ആഡംബര മാളിക നിർമ്മിക്കുന്നതിന്റെ ചെലവ് പൊതുമരാമത്ത് വകുപ്പ് വഴി ശേഖരിച്ചിട്ടില്ല. അനധികൃത സ്വത്തുണ്ടോയെന്ന് പ്രാഥമിക അന്വേഷണം നടത്താതെ വസ്തുതാ പരിശോധന മാത്രമാണ് നടത്തിയത്. ഇത് സുപ്രീംകോടതി ഉത്തരവുകൾക്കെതിരാണ്. അജിത്തിന്റെ വരവ്- ചെലവ്, സമ്പാദ്യം എന്നിവ സംബന്ധിച്ച അന്വേഷണമുണ്ടായില്ല. അന്വേഷണത്തിന്റെ തുടക്കം മുതൽ അജിത്തിനെ രക്ഷിക്കാൻ ശ്രമമുണ്ടായെന്നാണ് കോടതി കണ്ടെത്തിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. അജിത്തിന്റെ മൊഴിയെടുത്ത ശേഷം, അതിനു പിന്നാലെയുള്ള അന്ധമായ അന്വേഷണമാണ് വിജിലൻസ് നടത്തിയത്. മൊഴിയെടുക്കണമെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമായിരുന്നു. കുറ്റപത്രത്തിലായിരിക്കണം മൊഴി ഉൾപ്പെടുത്തേണ്ടത്. പരാതിക്കാരന്റെ വിശദമൊഴി രേഖപ്പെടുത്തിയതേയില്ല. അജിത്തിനെതിരായ പരാതികൾ വ്യാജമാണെന്ന് കണ്ടെത്തിയ വിജിലൻസ്, അങ്ങനെയങ്കിൽ വ്യാജപരാതി നൽകിയതിന് കേസെടുക്കാത്തതെന്തെന്നും കോടതി ചോദിക്കുന്നു.
വീടുനിർമ്മാണത്തിൽ
ഒളിക്കാനൊന്നുമില്ലെന്ന്
കവടിയാറിൽ 8സെന്റ് സ്ഥലം ഭാര്യ ഉഷയുടെ പേരിൽ 2005 ജൂണിൽ 12ലക്ഷം നൽകി വാങ്ങിയതാണ്. 2009ൽ അതിനോട് ചേർന്നുള്ള ഒന്നരസെന്റ് സ്ഥലം 2.2ലക്ഷത്തിന് വാങ്ങി. അന്നത്തെ ഭൂമിവിലയനുസരിച്ച് ബാങ്ക് വഴിയാണ് പണം നൽകിയത്. ഭാര്യാപിതാവ് ഭാര്യയ്ക്ക് നൽകിയ പണമുപയോഗിച്ചാണ് ഭൂമിവാങ്ങിയത്. ഇതിൽ തന്റെ പണമില്ല. ഭാര്യാപിതാവ് 2010ൽ അദ്ദേഹത്തിന്റെ പേരിൽ 12സെന്റ് സ്ഥലവും ഇതിനടുത്ത് വാങ്ങി. ഇത് 2022ൽ ഭാര്യയ്ക്ക് എഴുതി നൽകി. വീടുനിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പയെടുത്തു. 2024ൽ നിർമ്മാണം തുടങ്ങി.
മുഖ്യമന്ത്രിക്ക് എതിരായത്
റിപ്പോർട്ടിലെ പരാമർശം
അജിത്തിനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ച് അംഗീകരിച്ചെന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിലെ പരാമർശമാണ് മുഖ്യമന്ത്രിക്ക് എതിരായത്. അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനാവില്ലെന്നും അത് നീതിയല്ലെന്നുമാണ് കോടതി പറഞ്ഞത്.
പി.വി. അൻവർ അജിത്തിനെതിരേ ഉന്നയിച്ച 6 ആരോപണങ്ങളിലെ അന്വേഷണ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് വിജിലൻസ് പറയുന്നു. സിവിൽ സർവീസുദ്യോഗസ്ഥരുടെ എല്ലാ ഫയലും മുഖ്യമന്ത്രി കാണണമെന്നതിനാലായിരുന്നു ഇത്.
അജിത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരായതിനാൽ റിപ്പോർട്ട് സർക്കാരിന് കൈമാറേണ്ടതുണ്ട്. ആഭ്യന്തരവകുപ്പ് കൈമാറിയതനുസരിച്ച് മുഖ്യമന്ത്രി അത് പരിശോധിച്ചശേഷം അംഗീകരിച്ചു. അല്ലാതെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല.
മുഖ്യമന്ത്രി വ്യക്തിപരമായല്ല അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചത്. എ.ഡി.ജി.പി. ക്കെതിരായ അന്വേഷണ റിപ്പോർട്ടായതിനാൽ വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. റിപ്പോർട്ട് അംഗീകരിച്ചതോടെ വിജിലൻസ് അന്വേഷണം മതിയാക്കി.
ഇനി 3 സാദ്ധ്യതകൾ
1)പരാതിക്കാരന്റെ മൊഴിയെടുത്തശേഷം പുനരന്വേഷണത്തിന് വിജിലൻസ്കോടതിക്ക് ഉത്തരവിടാം. ഇതിനാണ് സാദ്ധ്യതയേറെയുള്ളത്.
2)ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയതിനാൽ അജിത്തിനെതിരേ കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടാൻ വിജിലൻസിനോട് നിർദ്ദേശിക്കാം.
3)കുറ്റം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കിയ സ്ഥിതിക്ക് നേരിട്ട് വിചാരണയിലേക്ക് കോടതിക്ക് കടക്കാം. ഇതിനും സർക്കാരനുമതി വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |