കോട്ടയം : ഓണത്തിനായി കരുതിയ പച്ചക്കറികളിൽ ഭൂരിഭാഗവും കാലവർഷം കവർന്നതോടെ ഇക്കുറിയും മറുനാടൻ പച്ചക്കറികളെ ആശ്രയിക്കേണ്ടി വരും. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നശിച്ചത് ഓണ വിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്തവാഴയും പച്ചക്കറികളുമാണ്. ഈ സാഹചര്യത്തിൽ കൃഷിവകുപ്പിന്റെ ചന്തകളിൽപോലും മറ്റ് ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമടക്കമുള്ള പച്ചക്കറി എത്തിക്കാനാണ് നീക്കം. ഓണത്തിന് ഒരു മുറം പച്ചക്കറി ഉൾപ്പെടെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി കൃഷി ആരംഭിച്ചിരുന്നു. കൃഷിക്കാരുടെ എണ്ണം കൂടിയപ്പോഴും കാലവർഷം ഇക്കുറി വില്ലനായി. ഓണം പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികളും വാഴയും കൃഷി ചെയ്തതവർക്ക് പണികിട്ടി. പടിഞ്ഞാറൻ മേഖയിൽ ആഴ്ചകളോളം വാഴത്തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്നതും വീശിയടിച്ച കാറ്റും വ്യാപകനാശം വിതച്ചു. കൂടുതൽ കൃഷിയിറക്കിയ കുറവിലങ്ങാട്, കടുത്തുരുത്തി മേഖലകളിൽ ഭൂരിഭാഗം പച്ചക്കറികളും നശിച്ചു.
പൊലിഞ്ഞത് കർഷക സ്വപ്നങ്ങൾ
തുടർച്ചായി മഴ പെയ്യുന്നതാണ് കർഷകർക്ക് തിരിച്ചടി. എല്ലാം ഉത്പാദിപ്പിച്ചില്ലെങ്കിലും വെണ്ട പോലെ ചുരുങ്ങിയ കാലം കൊണ്ട് കൃഷി ചെയ്തെടുക്കാവുന്ന പച്ചക്കറികളുടെ കൃഷി ആരംഭിച്ചവരുമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ മാർക്കറ്റ് കീഴടക്കി. ഓണം പ്രമാണിച്ച് കൃഷി വകുപ്പ് നേരിട്ടുംഹോർട്ടികോർപ്പും സഹകരണ വകുപ്പും ഫ്രൂട്ട്സ് ആൻഡ് പ്രമോഷൻ കൗൺസിലുമടക്കം ചന്തകൾ നടത്തും. പരമാവധി നാടൻ കർഷകരിൽ നിന്ന് ശേഖരിച്ച ശേഷം ബാക്കി പുറത്ത് നിന്ന് എത്തിക്കാനാണ് കൃഷി വകുപ്പ് തീരുമാനം. വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ ഓണച്ചന്ത വഴി വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എത്ര ടൺ പച്ചക്കറിവേണമെന്നുള്ള കണക്കെടുപ്പ് നടക്കുന്നേയുള്ളൂ.
മുൻ വർഷങ്ങളിലെ ഓണച്ചന്തകൾ
കൃഷി വകുപ്പ് : 34
ഹോർട്ടികോർപ്പ് : 45
വി.എഫ്.പി.സി : 17
വിപണിയിൽ തീവില
ദിവസവും അഞ്ച് മുതൽ പത്ത് രൂപവരെ പച്ചക്കറികൾക്ക് വില കൂടുന്നുണ്ട്. മിക്കതിനും വില കിലോയ്ക്ക് അമ്പതിന് മുകളിലെത്തി. ഓണമടുക്കുമ്പോൾ ഇരട്ടിയിലധികം വർദ്ധിക്കാനാണ് സാദ്ധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്.
ജില്ലയിൽ നശിച്ചത് 9 കോടിയുടെ കൃഷി
''സർക്കാർ ഇടപെടൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഓണം അടുക്കുമ്പോൾ വിപണിയിൽ ഇടപെടൽ ശക്തമാക്കാനും ശ്രമിക്കണം. അല്ലെങ്കിൽ തോന്നുംപടി വില വർദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടാകും.
-ഗോപീകൃഷ്ണൻ, ഏറ്റുമാനൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |