SignIn
Kerala Kaumudi Online
Wednesday, 20 August 2025 11.49 AM IST

റേഷൻ മാത്രമല്ല, സർക്കാർ ഇനി ഒ.ടി.ടിയും നൽകും

Increase Font Size Decrease Font Size Print Page
santhoshbabu

ഡോ. സന്തോഷ് ബാബു

മാനേജിംഗ് ഡയറക്ടർ,​ കെ- ഫോൺ

കെ- ഫോണിന്റെ ഒ.ടി.ടി സേവനങ്ങളുടെ ഉദ്ഘാടനമാണ് നാളെ. റേഷനും വെള്ളവും വൈദ്യുതിയും മാത്രമല്ല, ഇന്റർനെറ്റും സാധാരണക്കാർക്ക് സൗജന്യമായി നൽകുന്ന സർക്കാർ എന്ന വിപ്ളവ മുന്നേറ്റത്തിനു പുറമെ,​ ഒ.ടി.ടി പോലുള്ള അത്യാധുനിക സേവനങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും നൽകുന്ന സർക്കാർ എന്ന വിസ്മയത്തിലേക്കാണ് കേരളം ചുവടുവയ്ക്കുന്നത്. അതിന്റെ അമരത്ത്, പുതിയ കാലത്തിന് അനുസരിച്ച് സാങ്കേതിക മുന്നേറ്റം സാദ്ധ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നവരുടെ മുൻനിരയിലാണ് കെ- ഫോൺ അധികൃതർ. ഒ.ടി.ടി ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിൽ കെ- ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്:

? വാഗ്ദാനം ചെയ്തിരുന്നതു പോലെ കെ- ഫോൺ ഒ.ടി.ടി സേവനവും യാഥാർത്ഥ്യമാവുകയാണല്ലോ.

 അതെ. വളരെ വലിയ കുതിച്ചുചാട്ടമാണ് ഒ.ടി.ടിയിലൂടെ കെ- ഫോൺ നേടുന്നത്. പ്ളേബോക്സ് എന്ന കമ്പനിയുമായി ചേർന്നാണ് ഇത് നടത്തുന്നത്. 29 ഒ.ടി.ടി പ്ളാറ്റ്ഫോമുകളും 350-ഓളം ചാനലുകളും അടങ്ങുന്ന സേവനങ്ങൾ കൂടി നൽകുന്നതോടെ ഫൈബർ ഇന്റർനെറ്റ് സേവന മേഖലയിൽ കെ- ഫോൺ വലിയ മാറ്റങ്ങൾക്കാണ് തുടക്കമിടുന്നത്.

? ഈ നേട്ടത്തിനു പിന്നിൽ സർക്കാർ സഹായമാണോ.

 സർക്കാരിന്റെ നിശ്ചയദാർഢ്യവും അകമഴിഞ്ഞ പിന്തുണയും ഇതിനു പിന്നിലുണ്ട്. വിശ്വാസ്യത, ജീവനക്കാരുടെ അർപ്പണബോധം,​ കഠിനാദ്ധാനം... ഇതൊക്കെക്കൊണ്ടാണ് കെ- ഫോണിന് സമയബന്ധിതമായി ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നത്. നിരക്ക് കുറവാണു താനും.

? ഇത് കൂടുതൽ ലാഭം കൊണ്ടുവരുമോ.

 സർക്കാർ നിയന്ത്രണത്തിലുള്ള സേവനദാതാവാണ് കെ- ഫോൺ. ലാഭത്തെക്കാൾ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്കും ആധുനിക ഡിജിറ്റൽ സേവനങ്ങൾ അനുഭവിക്കാൻ വഴിയൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഡിജിറ്റൽ ടി.വിയും സ്മാർട്ട് ടി.വിയും ഒന്നുമില്ലാത്തവർക്കും ഒ.ടി.ടി അനുഭവങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. പാവപ്പെട്ടവർക്കും സൗകര്യങ്ങൾ കുറഞ്ഞയിടങ്ങളിൽ താമസിക്കുന്നവർക്കുമെല്ലാം ഇനി കേരളത്തിൽ ഒ.ടി.ടിയിലൂടെ സിനിമയും കായിക പരിപാടികളുമെല്ലാം കാണാനാകും. സ്വകാര്യ ഒ.ടി.ടി സേവനദാതാക്കളെക്കാൾ വളരെ നിരക്കു കുറഞ്ഞ പാക്കേജുകളായിരിക്കും കെ- ഫോൺ നൽകുക. നിരക്കുകളും പാക്കേജുകളും നാളെ പ്രഖ്യാപിക്കും. ഇതിനുള്ള സെറ്റ്ടോപ്പ് ബോക്സ് (മോഡം) സൗജന്യമായാണ് നൽകുക.

കെ- സ്മാർട്ടിലൂടെ സർക്കാർ സേവനങ്ങൾ വീടുകളിലേക്കും വിരൽത്തുമ്പിലേക്കും കൊണ്ടുവരാനായി. അതിന്റെ അടുത്ത ചുവടാണ് പാവപ്പെട്ടവർക്കും അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നത്. ഇതോടെ ഡിജിറ്റൽ വിടവിന്റെ ഒരു ഘട്ടം കൂടി സംസ്ഥാനം പിന്നിടും. വിവര സാങ്കേതികവിദ്യയുടെ പുതിയ സൗകര്യങ്ങൾ പണമില്ലാത്തവർക്കും ലഭ്യമാക്കുകയാണ് കെ- ഫോണിന്റെ ലക്ഷ്യം. അത് സാദ്ധ്യമാക്കാനുള്ള നടപടിയാണിത്.

? എങ്കിലും വരുമാനം കൂട്ടേണ്ടത് അനിവാര്യമല്ലേ.

 അടുത്ത ലക്ഷ്യം 40,​000 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയും,​ വാണിജ്യ കണക്ഷൻ മൂന്നു ലക്ഷത്തിലെത്തിക്കുകയുമാണ്. പട്ടികവർഗ മേഖലയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് മറ്റൊന്ന്. നിലവിൽ 30,​ 000 സർക്കാർ ഓഫീസുകളിലാണ് കെ- ഫോൺ കണക്ഷനുള്ളത്. അത് ഒരുലക്ഷം വരെയാക്കി വർദ്ധിപ്പിക്കാനാകും. അടുത്ത മാർച്ചോടെ 260 കോടിയുടെ വരുമാനം നേടുകയാണ് ലക്ഷ്യം. ഫൈബറൈസേഷനും വരുമാനമുണ്ടാക്കുന്ന മേഖലയാണ്. സേവനത്തിനൊപ്പം പ്രൊഫഷണലിസവും കാര്യക്ഷതയും പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം ഒരുപരിധിവരെ,​ വാണിജ്യ വിജയവും നേടണം. എല്ലാം സർക്കാർ മേഖലയിൽ സൗജ്യമായി നൽകുക എന്നത് പ്രായോഗികമല്ല. സ്വന്തം വരുമാനം കണ്ടെത്തി അതിലൂടെ നിലനിൽക്കുകയും,​ സൗജ്യന സേവനം നൽകേണ്ട ഇടങ്ങളിൽ അത് ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

? അടുത്ത ലക്ഷ്യം.

 നിലവിൽ 1.15 ലക്ഷം കണക്ഷനുകളാണ് കെ- ഫോണിനുള്ളത്. മൂന്നുലക്ഷം കണക്ഷനുകളാണ് അടുത്ത ലക്ഷ്യം. അതോടൊപ്പം ലീസ്ഡ് ലൈൻ സർവീസ്, ഡാർക്ക് ഫൈബർ എന്ന ഫൈബർ ലൈനുകൾ ഉപയോഗത്തിന് വിട്ടുനൽകുന്ന ഇടപാടുകൾ, സെൻസറുകൾ സ്ഥാപിക്കുന്ന സർക്യൂട്ട് ലൈനുകൾ തുടങ്ങിയ മേഖലകളിലേക്ക് കടക്കും. എൻ.എൽ.ഡി ലൈസൻസ് കിട്ടിയിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സ്മാർട്ട് മീറ്റർ, കെ.എസ്.എഫ്.ഇ പദ്ധതി, കേരള ബാങ്ക് തുടങ്ങിയവയുടെ പദ്ധതികളുമുണ്ട്.

? കെ- ഫോണിന്റെ വാണിജ്യ, ബിസിനസ് വിജയത്തിലേക്കുള്ള ഒരു മുന്നേറ്റമാണോ ഇത്.

 തീർച്ചയായും കെ- ഫോണിന്റെ വരുമാനം കൂടും. നിലവിലുള്ളതിന്റെ 50 മുതൽ 60 ശതമാനം വരെ വരുമാനം കൂടിയേക്കാം. പക്ഷെ,​ അതിനേക്കാൾ വലിയ ലക്ഷ്യം ഡിജിറ്റൽ വിടവ് ഇല്ലാതാക്കുക എന്നതാണ്. കെ- സ്മാർട്ടിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനായി കിട്ടും. പക്ഷെ അതിനുള്ള സൗകര്യങ്ങളോ ഇന്റർനെറ്റ് സേവനമോ ലഭ്യമല്ലെങ്കിൽ കെ-സ്മാർട്ട് കൊണ്ട് പ്രയോജനമുണ്ടാകില്ലല്ലോ. ഇന്റർനെറ്റ് വലിയ ചെലവേറിയ കാര്യമാണെങ്കിൽ സാധാരണക്കാർ അത് എങ്ങനെ പ്രയോജനപ്പെടുത്തും?​ ഇതെല്ലാം പരിഹരിക്കുകയാണ് ഉദ്ദേശ്യം. അതിലാണ് ഇപ്പോൾ ഇത്രത്തോളം വിജയിച്ചിരിക്കുന്നത്. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം.

? കെ- ഫോണിന് എതിരെ മുമ്പ് ധാരാളം ആരോപണങ്ങൾ ഉയർന്നിരുന്നല്ലോ.

 അത്തരം റിപ്പോർട്ടുകൾക്കു പിന്നിൽ താത്പര്യങ്ങളുണ്ടാകാം. കെ- ഫോൺ വാണിജ്യ താത്പര്യത്തോടെയുള്ള പദ്ധതിയല്ല. കെ- ഫോണിനെതിരായ റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ല. വസ്തുതകൾ പരിശോധിക്കാതെ,​ കേട്ട കാര്യങ്ങൾവച്ച് അഭിപ്രായം പറയുന്നത് ഒരുതരത്തിൽ "ക്യാരക്ടർ അസാസിനേഷ"നാണ്. കച്ചവട താത്പര്യത്തോടെയുളള ഇന്റർനെറ്റ് സേവന ബിസിനസും,​ അതില്ലാത്ത സേവന ബിസിനസും ആകുമ്പോൾ സംഘർഷം സ്വാഭാവികമാണ്. ഒരുലക്ഷം കണക്ഷനുകൾ നേടിയെടുത്തപ്പോൾ അത് വാണിജ്യരംഗത്ത് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികം. പക്ഷെ കെ- ഫോണിന് ജയിച്ചേ പറ്റൂ.

? പുതിയ പദ്ധതികൾ.

 മറ്റു സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ ഏറ്റെടുക്കാൻ കെ- ഫോണിന് കഴിയും. കേരളത്തിൽത്തന്നെ വന്യജീവി ആക്രമണം ലഘൂകരിക്കൽ, സർക്കാർ സേവനങ്ങളെല്ലാം സംയോജിപ്പിച്ച് എല്ലാവർക്കും ലഭ്യമാക്കുക... ഇതൊക്കെ പ്രാവർത്തികമാക്കാം. വീട്ടിൽ വെള്ളവും വൈദ്യുതിയും ഗ്യാസും എത്തിക്കുന്നതു പോലെ സംസ്ഥാനത്തെ 85 ലക്ഷം വീടുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നത് സാമൂഹ്യരംഗത്ത് സൃഷ്ടിക്കുന്ന മാറ്റം വിസ്മയാവഹമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റിന്റെ ദുരുപയോഗം തടയാനുമാകും. അത്തരം സ്മാർട്ട് ഹോം പദ്ധതി സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ,​ വീടുകളിലെ സുരക്ഷ, വൃദ്ധജനങ്ങളുടെ പരിപാലനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കെ- ഫോണിന് കഴിയും. അത് സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.

TAGS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.