സംസ്ഥാന സർവീസിൽ നിന്നുള്ള പെൻഷണറാണ് ഞാൻ. പ്രതിമാസ പെൻഷനിൽ നിന്ന് നിർബന്ധിതമായി പിടിച്ചെടുക്കുന്ന മെഡിസെപ്പ് ഇൻഷ്വറൻസ് പ്രീമിയം 50 ശതമാനം കൂട്ടിയാണ് പുതിയ കരാറിന് അനുമതി നൽകിയിട്ടുള്ളത്. സംഘടനകളുമായി ചർച്ചചെയ്ത് പദ്ധതി നടപ്പാക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി മുഖവിലയ്ക്കെടുക്കാൻ പോലും സർക്കാർ തയ്യാറായില്ല എന്നത് പെൻഷൻകാരോടു കാട്ടുന്ന അവഗണനയാണ്. മാത്രമല്ല, ഈരണ്ടുവർഷം കൂടുമ്പോൾ പ്രീമിയം തുക വർദ്ധിപ്പിക്കുകയും ചെയ്യും!
മെഡിസെപ്പ് പദ്ധതി താത്പര്യമുള്ളവർക്കു മാത്രമായി ചുരുക്കാനാകില്ല എന്ന മന്ത്രിയുടെ പ്രസ്താവനയും, പെൻഷകാരോടുള്ള വെല്ലുവിളിയായേ കാണാനാവൂ. പിടിവാശി ഉപേക്ഷിച്ച് പെൻഷൻ സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം. ഭാര്യയും ഭർത്താവും പെൻഷൻകാരാണെങ്കിൽ രണ്ടുപേരിൽ നിന്നും പ്രീമിയം പിടിച്ചെടുക്കുന്ന അശാസ്ത്രീയ രീതിക്കും മാറ്റം വരണം.
കെ.എസ്.എസ്.പി.എ എന്ന പെൻഷൻകാരുടെ സംഘടന കാലങ്ങളായി ഇത്തരം വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. സർവീസ് പെൻഷൻകാർക്കെങ്കിലും മെഡിസെപ്പ് പദ്ധതിയിൽ ഓപ്‌ഷൻ അനുവദിച്ചു നൽകിയാൽ തീർത്തും ആശ്വാസമായിരിക്കും. വിഷയത്തിന്റെ ഗൗരവം മനസിലാക്കി സർക്കാർ മാറിച്ചിന്തിച്ച്, പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്ന് പ്രത്യാശിക്കാം.
നെയ്യാറ്റിൻകര മുരളി
പാലോട്ട്, കരിയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |