മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് പൊതുവേദിയിൽ എത്തുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു മാസത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന താരം നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ ഡബ്ബിംഗാകും ആദ്യം ചെയ്യുക. രോഗമുക്തനായ വിവരം പേഴ്സണൽ മേക്കപ്പ്മാനും മമ്മൂട്ടി കമ്പനി മാനേജിംഗ് ഡയറക്ടറുമായ എസ്. ജോർജ്, അടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റോ ജോസഫ് എന്നിവരാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
സുഖ വിവരം അറിഞ്ഞതിന് പിന്നാലെ ഒട്ടേറെ പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഗായകൻ ജി വേണുഗോപാൽ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ലെന്ന് ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
ജി വേണുഗോപാലിന്റെ വാക്കുകളിലേക്ക്
ഇത്രയും സന്തോഷവും പോസിറ്റിവിറ്റിയും തോന്നുന്ന ഒരു വാർത്ത ഈ അടുത്ത കാലത്തൊന്നും ആഗ്രഹിച്ചിട്ടില്ല, കേട്ടിട്ടുമില്ല. എന്റെയും എന്നെപ്പോലെ എല്ലാ മലയാളികളുടെയും യൗവ്വനത്തിലും മദ്ധ്യവയസ്സിലും നിറഞ്ഞാടി ഞങ്ങൾക്ക് മതിവരുവോളം അസാമാന്യമായ സിനിമാറ്റിക് മോമന്റ്സ് സമ്മാനിച്ച മമ്മൂക്ക പൂർണ്ണാരോഗ്യത്തോടെ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. കണ്ണിലെണ്ണയൊഴിച്ച് ഞങ്ങൾ കാത്തിരിക്കുന്നു മമ്മൂക്ക !To many more mesmerising rolse. ഇനിയും ഞങ്ങൾക്ക് അങ്ങയോടൊപ്പം ചിരിക്കണം, കരയണം, അഭിമാനിക്കണം, സംശയവും സങ്കടവും ഭീതിയും വേർപാടും തോന്നണം, അങ്ങയുടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഞങ്ങൾക്ക് മതിയായിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |