പത്തുവർഷം മുമ്പുവരെ സ്റ്റാർട്ടപ്പ് എന്ന വാക്കിന് ശരാശരി രക്ഷാകർത്താക്കൾ കാര്യമായ വില കല്പിച്ചിരുന്നില്ല. കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാൻ മക്കൾ കണ്ടെത്തുന്ന ഒരു പാഴ്‌വേലയായി മാത്രം ഇതിനെ കണ്ട കാലത്തുനിന്ന് ലോകം അംഗീകരിക്കുന്ന സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയായി കേരളം മാറിയിരിക്കുന്നു! പൊതുസമൂഹം സ്റ്റാർട്ടപ്പ് രംഗത്തെ പ്രതീക്ഷാനിർഭരമായി കാണാൻ ശീലിച്ചതാണ് പത്തുവർഷത്തിനുള്ളിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് ചരിത്രത്തിലെ നാഴികക്കല്ല്.
പരമ്പരാഗതമായി സംരംഭകത്വത്തോട് മുഖംതിരിച്ചു നിന്ന ഇടത്തരം, മദ്ധ്യവർഗ കുടുംബങ്ങളിൽ നിന്നാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ചടുലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുത്ത സംരംഭകർ ഉണ്ടാകുന്നത് എന്നതിനെ കേരള സ്റ്റാർട്ടപ്പ് മിഷൻ അഭിമാനത്തോടെ കാണുന്നു. 2010-11 ൽ ബീജാവാപം സംഭവിച്ച്, 2016 ൽ കേരള സ്റ്റാർട്ടപ്പ് മിഷൻ എന്ന ഔദ്യോഗിക സംവിധാനത്തിലേക്കെത്തുമ്പോൾ ലക്ഷ്യമിട്ടിരുന്നത് പത്തുവർഷത്തിനകം 15,000 സ്റ്റാർട്ടപ്പുകളും അതു വഴി 10,000 കോടിയുടെ നിക്ഷേപവുമാണ്. പത്താം വർഷമെത്തുമ്പോൾ കേന്ദ്ര സർക്കാർ അംഗീകരിച്ച 7031 സ്റ്റാർട്ടപ്പുകളടക്കം 13,306 സ്റ്റാർട്ടപ്പുകളും എണ്ണായിരത്തിലധികം കോടി രൂപയുടെ നിക്ഷേപവും സംസ്ഥാനത്തേക്ക് എത്തിക്കാൻ സ്റ്റാർട്ടപ്പ് മിഷന് കഴിഞ്ഞു!
സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഉത്പന്നം, അതിന്റെ നിർമ്മാണരീതി, വിപണനം എന്നിവയിൽ നിലവിലുള്ള രീതിയെ മാറ്റിമറിക്കാൻ തക്കവണ്ണമുള്ളവയും, അതു വഴി ബൃഹത്തായ ഒരു ഉപഭോക്തൃ സമൂഹത്തിന് സേവനമോ ഉത്പന്നമോ എത്തിക്കാൻ കഴിയുകയും അതിലൂടെ വലിയ അളവിലുള്ള ധനസമാഹരണം നടത്തുകയും ചെയ്യുന്ന സംരംഭങ്ങളെയാണ് സ്റ്റാർട്ടപ്പുകൾ എന്ന നിർവചനത്തിൽ സ്റ്റാർട്ടപ്പ് മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രതിവർഷം 30 ശതമാനം വരെയാണ് വളർച്ചാ നിരക്കെങ്കിൽ സ്റ്റാർട്ടപ്പുകൾക്ക് 1000 മടങ്ങുവരെ വളർച്ചയുണ്ടാകാം.
മുന്നിലെത്തിക്കാം, മികവിനെ
രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്ത് വലിയ വിജയം കൈവരിച്ചിട്ടുള്ള 'സോഫ്റ്റ് വെയർ ആസ് എ സർവീസ്" (സാസ്) മേഖലയിൽ കേരളവും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, ഇതു വരെ യൂണികോൺ വിഭാഗത്തിലേക്ക് നമ്മളുടെ കമ്പനികൾ എത്തിയിട്ടില്ല. ഈ കുറവ് പരിഹരിക്കാനും 'സാസ്" മേഖലയ്ക്കപ്പുറം ഭാവിയുടെ ടെക്‌നോളജി കൂടി മുന്നിൽക്കണ്ട് പുതിയ തലത്തിലേക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെ എത്തിക്കാനുമുള്ള നടപടികളാണ് മിഷൻ വിഭാവനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐയുടെ ആധിപത്യത്തിന്റെ പടിവാതിലിലാണ് ഇന്ന് ലോകം. പരമ്പരാഗത ജോലി രീതികളെയും, വിജ്ഞാന സമ്പദ് വ്യവസ്ഥയെയും, ദൈനംദിന ജീവിതത്തെക്കൂടിയും സാങ്കേതികമായി അലോസരപ്പെടുത്തുന്ന രീതിയിലാണ് ഇതിന്റെ പോക്ക്.
ഈ പശ്ചാത്തലത്തിൽ ശാസ്ത്ര- സാങ്കേതികവിദ്യയും എ.ഐയും ഉപയോഗിച്ച് ലോകത്തിനു വേണ്ട ഡീപ് ടെക് ഉത്പന്നങ്ങളൊരുക്കുന്ന ഫാക്ടറിയാക്കി കേരളത്തെ അടുത്ത പത്തുകൊല്ലത്തിനുള്ളിൽ പരിണമിപ്പിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിനായി വ്യക്തമായ ദിശാരേഖയാണ് സ്റ്റാർട്ടപ്പ് മിഷൻ മുന്നോട്ടു വയ്ക്കുന്നത്. പത്തുവർഷം കൊണ്ട് 1000 കോടി രൂപ വാർഷിക വരുമാനമുള്ള 10 ഡീപ് ടെക് സ്റ്റാർട്ടപ്പുൾ വളത്തിയെടുക്കാനാണ് പദ്ധതി. ഈ ആവാസവ്യവസ്ഥയിൽ 100 ഡീപ് ടെക് കമ്പനികളെ സൃഷ്ടിക്കണം. അഞ്ച് സുപ്രധാന മേഖലകളാണ് ഡീപ് ടെക് ആവാസ വ്യവസ്ഥയിലേക്ക് സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യം വയ്ക്കുന്നത്. ഈ മേഖലയുടെ വികസനത്തിനായി 500 കോടി രൂപ ചെലവിൽ എമർജിംഗ് ടെക്‌നോളജി ഹബ് തിരുവനന്തപുരത്ത് സ്ഥാപിക്കും.
ഡീപ് ടെക് മേഖലകൾ
യൂറോപ്യൻ- അമേരിക്കൻ നിലവാരത്തിലുള്ള ആരോഗ്യ രംഗമാണ് കേരളത്തിനുള്ളത്. ആഗോള നിലവാരത്തിലുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, റീജിയണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ നമുക്കുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ സാങ്കേതിക രംഗത്ത് ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഇമേജ് പ്രോസസിംഗ്, മെഡിക്കൽ ഇലക്ട്രോണിക്സ്, റീജനറേറ്റീവ് മെഡിസിൻ, ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് എന്നിങ്ങനെ നിരവധി മേഖലകളിൽ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാനാണ് സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യമിടുന്നത്.
ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി, എൽ.പി.എസ്.സി, ഐ.ഐ.സ്. ടി എന്നീ സ്ഥാപനങ്ങൾ സൃഷ്ടിച്ചെടുത്ത ഇക്കോസിസ്റ്റം നിലവിലുണ്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, ഗ്രൗണ്ട് സ്റ്റേഷൻ സേവനങ്ങൾ, ലോ ഏർത് ഓർബിറ്റ് ഉപഗ്രഹങ്ങൾ, ഡാറ്റാ അനലിറ്റിക്സ് എന്നീ മേഖലകളിലാവും ശ്രദ്ധവയ്ക്കുക. സൗരോർജ്ജത്തിനപ്പുറത്തേക്ക് പുനരുപയോഗ ഊർജ്ജ സ്രോതസുകൾ കണ്ടെത്തുന്നതിനും, അവയ്ക്ക് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുമായി ഗവേഷണാടിസ്ഥാനത്തിലുള്ള സ്റ്റാർട്ടപ്പുകളെയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്.
സാദ്ധ്യതകളെ സമ്പത്താക്കാം
കാർട്ടൂൺ, സിനിമ എന്നിവയ്ക്ക് അപ്പുറത്തേക്ക് ഓഗ്മെന്റഡ്- എക്സറ്റൻഡഡ് - വിർച്വൽ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുടെ വരവോടെ സമസ്തമേഖലകളിലും സർഗാത്മക ഇടപെടലുകൾ അനിവാര്യമായി മാറി. ഈ രംഗത്ത് നൂതനാശയ സ്റ്റാർട്ടപ്പുകൾക്ക് വഴിയൊരുക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജോലിസ്ഥലങ്ങൾ, ടൗൺ പ്ലാനിംഗ് എന്നീ മേഖലകളിൽ വലിയ സാദ്ധ്യതകളാണ് ഈ രംഗം തുറന്നിടുന്നത്. കാപ്പി, തേയില, സുഗന്ധ വ്യഞ്ജനങ്ങൾ, നാണ്യ വിളകൾ, പഴവർഗങ്ങൾ, ആയുർവേദ മരുന്നുകൾ, സമുദ്രോത്പന്നങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന ഒരു ജൈവ സമ്പത്ത് കേരളത്തിനുണ്ട്. ആധുനിക കൃഷി രീതികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, നൂതന വിപണന തന്ത്രങ്ങൾ എന്നിവ സന്നിവേശിപ്പിച്ച സ്റ്റാർട്ടപ്പുകൾക്ക് ഈ രംഗത്ത് വലിയ സാദ്ധ്യതയാണുള്ളത്.
ഡീപ് ടെക് ആവാസ വ്യവസ്ഥയ്ക്കായി നിലവിൽ സ്റ്റാർട്ടപ്പ് മിഷൻ മുൻകൈയെടുത്ത് നടത്തിവരുന്ന പദ്ധതികൾക്കപ്പുറത്തേക്കുള്ള ദീർഘവീക്ഷണം ആവശ്യമാണ്. സ്റ്റാർട്ടപ്പുകൾക്ക് ശൈശവദശയിലുള്ള ധനസഹായത്തിനായി ഇന്നൊവേഷൻ ഗ്രാന്റ്, വ്യവസായ വകുപ്പ് നൽകുന്ന സീഡ് വായ്പ, സ്റ്റാർട്ടപ്പ് മിഷന്റെ
പിന്തുണയുള്ള ഏയ്ഞ്ചൽ ഫണ്ട്, ഫണ്ട് ഒഫ് ഫണ്ട്സ്, കേന്ദ്ര സർക്കാരിന്റെ നിധി പ്രയാസ്, സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട്, ഗവേഷണ ഗ്രാന്റ് എന്നിവ നൽകുന്നുണ്ട്. തുടക്കക്കാരായ സ്റ്റാർട്ടപ്പുകൾക്ക് ഓഫീസ് ആവശ്യങ്ങൾക്കായി 20 ലീപ് കോവർക്കിംഗ് ഇടങ്ങൾ, ഗവേഷണങ്ങളുടെ വാണിജ്യ സാദ്ധ്യതകൾ ഉത്പന്നമാക്കി മാറ്റുന്നതിനുള്ള റിസർച്ച് ഇന്നൊവേഷൻ നെറ്റ് വർക്ക് എന്നിവയും നിലവിലുണ്ട്. മികച്ച പ്രൊഫഷണലുകൾക്ക് പേരുകേട്ട സംസ്ഥാനത്തിന് ഇനി സംരംഭക മികവിലൂടെയും അന്താരാഷ്ട്ര വേദിയിലേക്കെത്തണം. അതിനുള്ള പരിശ്രമവും ലക്ഷ്യബോധവുമാണ് ലോക സംരംഭക ദിനത്തിൽ കേരളം മുന്നോട്ടു വയ്ക്കുന്ന സന്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |