കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാദ്ധ്യത സൃഷ്ടിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് കൂട്ടുന്നു. പ്രവര്‍ത്തന ചെലവിലുണ്ടാകുന്ന കനത്ത വര്‍ദ്ധന കണക്കിലെടുത്ത് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും എന്‍ട്രി ലെവല്‍ പ്‌ളാനുകളുടെ നിരക്ക് ഉയര്‍ത്തി. മറ്റൊരു കമ്പനിയായ വോഡഫോണ്‍ ഐഡിയയും അടുത്ത ദിവസം ചാര്‍ജ് വര്‍ദ്ധിപ്പിച്ചേക്കും. ഡാറ്റ ഉപയോഗത്തിന്റെ നിരക്കുകളിലാണ് വര്‍ദ്ധന.
നേരിട്ട് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് പകരം താഴ്ന്ന പ്‌ളാനുകള്‍ ഒഴിവാക്കി ഡാറ്റ ചാര്‍ജ് ഉയര്‍ത്തുന്ന തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്. എന്‍ട്രി ലെവല്‍ പ്‌ളാനുകള്‍ പിന്‍വലിക്കുന്നതിലൂടെ ടെലികോം കമ്പനികളുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ (എ.ആര്‍.പി.യു) നാല് മുതല്‍ എട്ടു ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
50 രൂപയുടെ വര്‍ദ്ധന
ഉപഭോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന എന്‍ട്രി ലെവലിലെ 249 രൂപയുടെ പ്രീപെയ്ഡ് പ്‌ളാന്‍ കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ നിറുത്തലാക്കിയിരുന്നു. തൊട്ടുപിന്നാലെ ഭാരതി എയര്‍ടെല്ലും 249 രൂപയുടെ പ്രീ പെയ്ഡ് പ്‌ളാന്‍ പിന്‍വലിച്ചു. ഒരു ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കല്‍, എസ്.ടി.ഡി കാളുകളും പ്രതിദിനം 100 എസ്.എം.എസുമാണ് 24 ദിവസം കാലാവധിയുള്ള ഈ പ്‌ളാനിലൂടെ ലഭിച്ചിരുന്നത്.
എന്നാല്‍ ഈ പ്‌ളാന്‍ പിന്‍വലിച്ചതോടെ എയര്‍ടെല്ലിന്റെ എന്‍ട്രി ലെവല്‍ പാക്കിന്റെ ചാര്‍ജ് 299 രൂപയാണ്. 28 ദിവസം കാലാവധിയുള്ള ഈ പ്‌ളാനിലൂടെ ഒരു ജി.ബി ഡാറ്റയും പ്രതിദിനം 100 എസ്.എം.എസും പരിധിയില്ലാത്ത ലോക്കല്‍, എസ്.ടി.ഡി കാളുകളും ലഭിക്കും. റിലയന്‍സ് ജിയോ എന്‍ട്രി ലെവലിലെ 209 രൂപയുടെയും 249 രൂപയുടെയും പ്‌ളാനുകളാണ് നിറുത്തലാക്കിയത്. ഇതോടെ എന്‍ട്രിലെവല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലില്‍ പ്രതിമാസം 50 രൂപയുടെ വര്‍ദ്ധനയുണ്ടാകും.
ഓഹരി വിലയില്‍ കുതിപ്പ്
എന്‍ട്രി പ്‌ളാനുകള്‍ നിറുത്തലാക്കിയ വാര്‍ത്തയെ തുടര്‍ന്ന് ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില ഒരു ശതമാനം ഉയര്‍ന്ന് 1,928 രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |