വൈക്കം സത്യഗ്രഹ സമരം ദേശീയതലത്തിൽ മാത്രമല്ല, ആഗോളതലത്തിലും ശ്രദ്ധ നേടിയ കേരളത്തിലെ സാമൂഹ്യ മുന്നേറ്റ സമരചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്. ഉച്ചനീചത്വം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾക്കെതിരെ വിജയം വരിച്ച നവോത്ഥാന പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹസമരത്തിന്റെ ചരിത്രം. നാനാജാതി മതസ്ഥരും പ്രമുഖ സാംസ്കാരിക- സമുദായിക നായകരും ഒന്നിച്ച, 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹ സമരത്തെക്കുറിച്ച് പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ വി. ജയകുമാർ രചിച്ച 'വൈക്കം കായലിൽ ഓളം തല്ലുമ്പോൾ..." എന്ന ബാലസാഹിത്യ ഗ്രന്ഥത്തിൽ സമരചരിത്രത്തോട് നീതി പുലർത്തുന്ന സത്യസന്ധമായ വിവരങ്ങളാണുള്ളത്. വൈക്കം സത്യഗ്രഹ സമരത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഈ പുസ്തകം തീർച്ചയായും സഹായിക്കും.
വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള ക്വിസ് പരിപാടിയിൽ പങ്കെടുക്കുന്ന മകൾ, കോളേജ് അദ്ധ്യപകനായ അച്ഛനോട് സത്യഗ്രഹ സമരത്തെക്കുറിച്ച് സംശയനിവാരണം നടത്തുന്ന വ്യത്യസ്ത അവതരണരീതി ഒരു കഥ വായിക്കുന്ന സുഖം വായനക്കാർക്കു നൽകുന്നുണ്ട്. സ്കൂൾ ബസിൽ ആടിയും പാടിയും കുട്ടികൾ അദ്ധ്യാപകർക്കൊപ്പം വൈക്കത്തെത്തി, സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്, അവരുടെ സംശയങ്ങൾക്ക് അദ്ധ്യാപകർ മറുപടി നൽകുന്ന രീതിയിലുള്ള രചനാരീതി പ്രശംസനീയമാണ്. വൈക്കം കായലുമായി ബന്ധപ്പെട്ട്, കുചേലവൃത്തം വഞ്ചിപ്പാട്ട് രചനാ ചരിത്രം, വൈക്കത്തഷ്ടമി ചരിത്രം, ശ്രീകുമാരൻ തമ്പി രചിച്ച് ദക്ഷിണാമൂർത്തി സ്വാമി ഈണം പകർന്ന 'വൈക്കത്തഷ്ടമി നാളിൽ..." എന്ന പ്രശസ്ത ഗാനത്തിന്റെ ഓർമപ്പെടുത്തൽ, മഹാത്മാഗാന്ധിക്ക് പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തി മന ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായി മാറിയ കാലത്തിന്റെ കാവ്യനീതി, സവർണജാഥ, അവർണനായതിനാൽ ശ്രീനാരായണ ഗുരുവിനെ വൈക്കം ക്ഷേത്രത്തിനു സമീപത്തെ റോഡുകളിലൂടെ റിക്ഷയിൽ പോകാൻ അനുവദിക്കാതെ സവർണ പ്രമാണിമാർ ഇറക്കിവിട്ട സംഭവം, വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിജിയെ തൊട്ട അനുഭവകഥ, സമരത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നെത്തിയ അകാലികൾ കേരളത്തിൽ ആദ്യമായി ചപ്പാത്തി ഉണ്ടാക്കിയ കഥ, സത്യഗ്രഹത്തിനു മുമ്പേ വൈക്കം ക്ഷേത്രത്തിൽ കയറുന്നതിന് ജാഥ നയിച്ച യുവാക്കളെ കൊന്ന് കുളത്തിൽ തള്ളിയ ദളവാകുളം സംഭവം, മുലക്കരം അടക്കം നിലനിന്ന അനാചാരങ്ങൾ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സംഭാവന തുടങ്ങി നിരവധി ചരിത്ര വിവരങ്ങളും ഈ പുസ്തകത്തിൽ ലഭ്യമാണ്.
ചരിത്ര രചനയ്ക്കു പകരം ആദ്യവസാനം നാടകീയത നിലനിറുത്തി ലളിതമായ ഭാഷ ഉപയോഗിച്ചിട്ടുള്ള ഈപുസ്തകം ഒറ്റ ഇരിപ്പിന് വായിച്ചു തീർക്കാൻ കഴിയും. പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴികളിലൂടെ പിന്നാക്കക്കാർക്ക് പ്രവേശനം നിഷേധിച്ച ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന 'വൈക്കം കായലിൽ ഓളം തല്ലുമ്പോൾ..." മലയാള ബാലസാഹിത്യ ശാഖയ്ക്ക് ഏറെ മുതൽക്കൂട്ടാകും. എല്ലാ സ്കൂൾ ലൈബ്രറികളിലൂടെയും കുട്ടികളിൽ എത്തേണ്ട ഈ പുസ്തകം, കോട്ടയം ആസ്ഥാനമായുള്ള കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
(സംസ്ഥാന സഹകരണ, ദേവസ്വം വകുപ്പ് മന്ത്രിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |