വറുതി വന്ന് വിഴുങ്ങുവാൻ നില്ക്കിലും
വയർ, വിശപ്പിനാൽ കാളുന്നുവെങ്കിലും
കനിവിയന്ന കിനാവിന്റെ പൂക്കളായ്
ഓണമെത്തുമെന്നുൾത്തടം തേങ്ങുന്നു...
കാത്തിരിപ്പിന്റെ പൂത്തരിച്ചോറുമായ്
കാലമെത്താതിരിക്കില്ല മക്കളേ...
മൃതിയെ വെല്ലുന്ന സ്മൃതികളുണ്ടാത്മാവിൽ
അവ തുഴഞ്ഞു നാം അക്കരെയെത്തിടും.
കണ്ണുനീരിന്റെയുള്ളിലും സ്നേഹമായ്
നില്പതുണ്ട്, പ്രതീക്ഷയാം മാവേലി!
വിത്തിലെ മുള
നീരാവിൽ വിശ്വമോഹൻ
വിത്ത് മുളപൊട്ടി
കൺചിമ്മി
ആകാശത്തേക്ക്
നോക്കിക്കൊണ്ടാണ്
ഉണരുന്നത്
ശിരസ്സുയർത്തി
തളിരിലകളെ
കാവൽ നിറുത്തി
ക്രമേണ വൃക്ഷമായി,
വൻവൃക്ഷമായി തീരുന്നു
ആകാശം ഉയരെയാണെന്നറിഞ്ഞ്
ഇടംവലം നോക്കാതെ
ഏകാഗ്രതയോടെ
ലക്ഷ്യത്തിലെത്താൻ
അനുദിനം ചിറകടിക്കുന്ന
ഇലകൾ നിരാശയോടെ
കൊഴിഞ്ഞ് താഴെ പതിക്കുന്നു
വൃക്ഷ നെറുകയിലെ
തളിരിലകൾ
കൊഴിയുന്നതു കണ്ട്
ആകാശം മേഘമറയിലെ
മൂടൽമഞ്ഞിലൂടെ നെറുകയെ
ചുംബിക്കുന്നതു കൊണ്ടാവാം
വൃക്ഷങ്ങൾ വൻവൃക്ഷമാകുന്നത്.
അനന്തമായ ആകാശത്തിന്റെ
സ്വകാര്യ രഹസ്യമാണ്
സ്നേഹിക്കുന്നവരെ
മാറോടു ചേർത്ത് പുണരുന്നത്!
വനവാസം
അർഷദ് നവാസ്, ഷാർജ
ഹൃദയാകാശം നീളെ നിരക്കും
നീരവ മേഘങ്ങൾ
കണ്ണീരണിയും ഉത്തരമില്ലാ-
ച്ചോദ്യ ചിഹ്നങ്ങൾ
ഹ്ലാദ വിഷാദ സമന്വയമല്ലേ
ജീവിത സാരങ്ങൾ?
ഓർക്കാനൊരുപിടി
തീർക്കാനൊരുപിടി
കരളിൽ കോർക്കാൻ
പിന്നെയുമൊരുപിടി
നേർത്തു വരും ചില
നേത്രസ്മരണകൾ
ചേർത്തു പിടിക്കാൻ
ജീവനരാശികൾ
മന്ദസ്മിതങ്ങൾ
ഹ്രസ്വ സ്വരങ്ങൾ
കാന്തികവലയ
പ്രഭാപൂരങ്ങൾ
ചലനവിശാലം
ചടുല വിശുദ്ധം
ചഞ്ചല ജീവൽ
പ്രതിഭാസങ്ങൾ
ഹൃദയാനന്ദം
ആത്മാവേശം
കരിന്തിരി പോലീ
വാചാടോപം !
സ്മരണകളോടി വരുമ്പോൾ
പിന്നെ കൂടുക, പാടുക മറ്റെന്ത്?
കാലം തെല്ലും കനിയുവതില്ല
തുടരുന്നല്ലോ നിയതി കണക്കേ
കാനനവാസ വിചാരണകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |