പീരുമേടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിയമസഭാംഗമായിരിക്കെ മരണമടയുന്ന രണ്ടാമത്തെ സിറ്റിംഗ് എം.എൽ.എയാണ് വാഴൂർ സോമൻ. മൂന്നും നാലും കേരള നിയമസഭകളിൽ അംഗമായിരുന്ന സി.പി.എമ്മിലെ കെ.ഐ. രാജൻ 1974 നവംബർ ആറിന് കണ്ണൂരിൽ നിര്യാതനായതാണ് ആദ്യ സംഭവം.
ദീർഘകാലത്തെ ട്രേഡ് യൂണിയൻ പ്രവർത്തന പാരമ്പര്യമുള്ള വാഴൂർ സോമൻ പതിനഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾക്കിടയിൽ വ്യത്യസ്തനായിരുന്നു. ഇടതുകൈകൊണ്ടുള്ള എഴുത്തും ഒപ്പിടലുമായിരുന്നു കാരണം. 1952 സെപ്തംബർ 14-ന് ജനിച്ച സോമൻ ജന്മനാ ഇടംകൈയനായിരുന്നില്ല. 1986 വരെ വലതുകൈ കൊണ്ടാണ് എഴുതിയിരുന്നത്. ട്രേഡ് യൂണിയൻ സമരത്തിൽ അറസ്റ്റിലായതിനെ തുടർന്നുണ്ടായ പൊലീസ് മർദ്ദനത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ് വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു.
ആയിടെ മോസ്കോയിലെ നാഷണൽ സ്കൂൾ ഒഫ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമാ പഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുടെ സഹായത്തോടെ മോസ്കോ സെൻട്രൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നട്ടെല്ലിന്റെ ക്ഷതം ചികിത്സിക്കാൻ അവസരം ലഭിച്ചു. അപ്പോഴും വലതുകൈയുടെ സ്വാധീനം വീണ്ടെടുക്കാനായില്ല. 'ഇടതുപക്ഷക്കാരനായ തനിക്ക് ഇടതുകൈ പ്രയോഗിച്ചുകൂടേ" എന്ന പ്രൊഫസറുടെ ചോദ്യം പ്രചോദനമായി.
അങ്ങനെ ഇടംകൈകൊണ്ട് റഷ്യൻ അക്ഷരമാല എഴുതിപ്പഠിച്ചു. ആറുമാസത്തെ പരിശീലനംകൊണ്ട് ഇടതുകൈ നന്നായി വഴങ്ങി. ഒരുവർഷത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ വാഴൂർ പിന്നീട് കൈയെഴുത്തിൽ ഉൾപ്പെടെ തികഞ്ഞ ഇടതുപക്ഷക്കാരനാണന്ന് തെളിയിച്ചു! ഇടുക്കിയിലെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന പഴയ മഹീന്ദ്ര ലോംഗ്ചേസ് ജീപ്പിലായിരുന്നു മിക്കപ്പോഴും വാഴൂർ സോമന്റെ യാത്ര. എം.എൽ.എ ആയപ്പോഴും തുടക്കത്തിൽ നിയമസഭാ സമ്മേളനത്തിനടക്കം എത്തിയിരുന്നതും ഈ ജീപ്പിലായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ദീർഘദൂര യാത്രകൾ കാറിലാക്കി. എങ്കിലും പലപ്പോഴും മണ്ഡലത്തിലെ അടക്കം യാത്രകൾ ജീപ്പിലായിരുന്നു.
2006-ൽ ഇടുക്കി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കാലത്ത് വാങ്ങിയ ജീപ്പാണിത്. സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചു നടന്നിട്ട് പെട്ടെന്ന് പൂർണമായും കാറിലേക്കു മാറാൻ മനസ് അനുവദിക്കുന്നില്ലെന്നായിരുന്നു അതിനെക്കുറിച്ച് വാഴൂരിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |