പാലക്കാട്: മുതലമടയിൽ ആദിവാസി യുവാവ് വെളളയ്യനെ മർദ്ദിച്ച് അവശനാക്കി ഇരുട്ടുമുറിയിൽ പൂട്ടിയിട്ട വിവരം അറിയിച്ചയാളെ കണ്ടെത്തി. മുതലമട സ്വദേശിയായ തിരുനാക്കരസനെയാണ് കണ്ടെത്തിയത്. ആദിവാസി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുതലമടയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഫാംസ്റ്റേ ഉടമയെ പേടിച്ച് ഒളിവിൽ പോയതെന്നാണ് തിരുനാക്കരസന്റെ മൊഴി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന തിരുനാക്കരസന്റെ വീഡിയോ സന്ദേശം ഉൾപ്പെടെ പൊലീസിന് കൈമാറിയിരുന്നു.
മൂച്ചൻകുണ്ട് ചമ്പക്കുഴിയിൽ വെള്ളയ്യനെയാണ് (54) മർദ്ദിച്ച് ശുചിമുറിപോലും ഇല്ലാത്ത ഇരുട്ടുമുറിയിൽ അടച്ചിട്ടത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലായിരുന്നു സംഭവം. പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ കഴിയാതെ നരകയാതന അനുഭവിക്കുകയായിരുന്നു. മരണത്തോട് മല്ലടിച്ച വെള്ളയ്യനെമുതലമട പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റുമായ പി.കല്പനദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസുമെത്തി വ്യാഴാഴ്ച അർദ്ധരാത്രി ഒന്നരയോടെയാണ് വാതിൽ തകർത്ത് രക്ഷപ്പെടുത്തിയത്. വെള്ളയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ മുതലമട ഇടുക്കുപ്പാറ ഊർകളംകാട്ടിൽ പ്രഭുവും (42) അമ്മ രംഗനായികയും (70) ഒളിവിൽപ്പോയി. ഇവർക്കെതിരെ എസ്.സി, എസ്.ടി അതിക്രമം തടയൽ വകുപ്പ് പ്രകാരം കൊല്ലങ്കോട് പൊലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജതമാക്കിയെന്ന് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ പറഞ്ഞു. ഇവർക്കെതിരെ എം.ഡി.എം.എ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |