നിലമ്പൂർ: നിലമ്പൂർ ബൈപാസിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയായെന്ന്. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അറിയിച്ചു. ബൈപാസിന്റെ തുടക്കമായി സി.എൻ.ജി റോഡിലെ ഒ.സി.കെ പടി മുതൽ ചക്കാലക്കുത്ത് അർബൻഹെൽത്ത് സെന്ററിന് സമീപം 2.460 കിലോ മീറ്ററിലെ പ്രവർത്തനങ്ങൾക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. റോഡിന്റെ ടാറിംഗ് അടക്കമുള്ള പ്രവൃത്തി പൂർത്തീകരിക്കാനാകും. ഇതോടൊപ്പം ഒ.സി.കെ പടിയിലെ ബൈപാസ് ജംഗ്ഷൻ ഉൾപ്പെടെ നിലമ്പൂർ കോടതിപ്പടി മുതൽ ഐ.സി.ഐ.സി ബാങ്ക് വരെ 600 മീറ്റർ വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികൾക്കും അനുമതിയായി.
സാങ്കേതികാനുമതിയായതോടെ ടെൻഡർ നടപടിയിലേക്ക് കടന്ന് ഉടൻ പ്രവൃത്തി ആരംഭിക്കാനാവുമെന്ന് എം.എൽ.എ പറഞ്ഞു. നിലമ്പൂർ ടൗണിൽ റോഡ് വീതികൂട്ടി നവീകരിക്കാനായി ഫോറസ്റ്റ് ഓഫീസിന്റെ സ്ഥലം 161 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിൽ വിട്ടുകിട്ടുന്നതിന് കളക്ടർ അനുമതി നൽകി. വനംവകുപ്പ് വിട്ടു നൽകുന്ന സ്ഥലത്തിന് പകരം ചുങ്കത്തറയിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലംവിട്ടു നൽകും. ഫോറസ്റ്റ് ഓഫീസിന്റെ സ്ഥലം വിട്ടുകിട്ടാത്തതിനാൽ പ്രതിസന്ധിയിലായ റോഡ് നവീകരണം ഉടൻ ആരംഭിക്കാനാവും.
മൂന്നര പതിറ്റാണ്ടായി നിലമ്പൂർ കാത്തിരിക്കുന്നതാണ് ബൈ പാസ് റോഡ്. കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ (സി.എൻ.ജി) റോഡിൽ ഒ.സികെ പടി മുതൽ വെളിയംതോടുവരെ 6 കിലോ മീറ്റർ ദൂരത്തിലാണ് ബൈപാസ് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |