SignIn
Kerala Kaumudi Online
Monday, 25 August 2025 6.40 AM IST

ഇലക്ഷൻ കമ്മിഷന്റെ ജോലി അട്ടിമറിക്ക് കുടപിടിക്കലോ?​

Increase Font Size Decrease Font Size Print Page

ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. അത് ഏറ്റവും സുതാര്യമായി നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലി. എന്നാൽ കഴിഞ്ഞ കുറേക്കാലമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ജനാധിപത്യത്തെ ആസൂത്രിതമായി അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ കൂട്ടുനിൽക്കുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു,​ ഇന്ത്യൻ ജനാധിപത്യം. രാഹുൽ ഗാന്ധി തെളിവു സഹിതം പുറത്തു കൊണ്ടുവന്ന 'വോട്ട് ചോരി" ആദ്യം കണ്ടെത്തിയത് കേരളത്തിലൽത്തന്നെയായിരുന്നു!

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്,​ 2021-ൽ അവസാന വോട്ടർപട്ടിക പരിശോധിക്കുമ്പോഴാണ് അതിലെ ഗൗരവമേറിയ വ്യാജവോട്ട് വർദ്ധന ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 2021 മാർച്ച് 17-ന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വെട്ടിപ്പിന്റെ വിശദമായ വിവരങ്ങൾ ഞാൻ പുറത്തുവിട്ടത്. പല വോട്ടർമാരുടെയും ഫോട്ടോയും വിലാസവും ഉയോഗിച്ച് പല പല ബൂത്തുകളിൽ കള്ളവോട്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. വ്യത്യസ്ത ഐ.ഡി കാർഡുകളും വിതരണം ചെയ്യപ്പെട്ടിരുന്നു. ഇതുപോലെ ലക്ഷക്കണക്കിന് വ്യാജ വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്.

സത്യത്തിൽ ഈ കണക്കുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പരിശോധനയിൽ അമ്പരപ്പിക്കുന്ന വിധത്തിലുള്ള വോട്ട് ഇരട്ടിപ്പുകളും കള്ള വോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 4. 34 ലക്ഷം വോട്ട് ഇരട്ടിപ്പുകളോ വ്യാജ വോട്ടുകളോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ കണ്ടെത്തി. വ്യക്തമായ തെളിവുകളോടെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു.

ഉത്തരമില്ലാത്ത

ചോദ്യങ്ങൾ

ഇതിൽ 38,000 വോട്ടുകൾ ഇരട്ടവോട്ടുകളാണെന്ന് ഒടുവിൽ തിരഞ്ഞെടുപ്പു കമ്മിഷൻ സമ്മതിച്ചു. ശേഷിക്കുന്നവയുടെ കാര്യത്തിൽ സാങ്കേതിക പരിമിതികൾ കാരണം പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കമ്മിഷൻ നിലപാടെടുത്തു. തുടർന്ന്,​ ഹൈക്കോടതി ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകൾ നീക്കംചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും 2021 മാർച്ച് 31- ന് ഉത്തരവിട്ടു. ഇതനുസരിച്ച് എത്ര വോട്ടുകൾ നീക്കംചെയ്തു എന്ന് ഇപ്പോഴും വ്യക്തമല്ല. തിരഞ്ഞെടുപ്പു കമ്മിഷൻ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നൽകിയില്ല.

യഥാർത്ഥത്തിൽ ഞങ്ങൾ അന്നു കണ്ടെത്തുകയും തെളിവു സഹിതം കമ്മിഷന് കൈമാറുകയും ചെയ്ത 4.34 ലക്ഷം വ്യാജ വോട്ടുകൾക്കപ്പുറം ഏതാണ്ട് 10 ലക്ഷത്തിലേറെ വ്യാജവോട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് അന്ന് കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും കണക്കുകൂട്ടിയത്. ഒരു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇത് ആവശ്യത്തിലേറെ മതിയാകും. അതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത്. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരം നല്‍കിയില്ല. ആരാണ് ഈ വ്യാജവോട്ടുകൾ ചേർത്തത്, എത്രയെണ്ണം നീക്കം ചെയ്തു തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ ശേഷിക്കുന്നു. ഈ 4.34 ലക്ഷം വോട്ടർമാർക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിലും ഉത്തരമില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഈ വ്യാജവോട്ടർ ഉണ്ടാകുമോ?​ അതും അറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പലതവണ ചോദ്യം ഉന്നയിച്ചിട്ടും കമ്മിഷൻ ഒരക്ഷരം മിണ്ടുന്നില്ല.

തട്ടിപ്പിന്റെ

തുടർച്ച

കേരളത്തിൽ നടന്ന ഇത്തരം പ്രതിഭാസത്തിന്റെ അതിഭീകരമായ ഒരു തുടർച്ചയാണ് ഇപ്പോൾ രാജ്യമൊട്ടാകെ നടന്നതായി മനസിലാകുന്നത്. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് നിഷേധിക്കാവുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നുവെന്നും പക്ഷപാതപരമായി പെരുമാറുന്നു എന്നും വ്യക്തം. ഡേറ്റാ അനാലിസിസിന് മെഷീൻ റീഡബിൾ ഫോർമാറ്റിൽ വോട്ടർ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോൾ,​ പകരം ലോഡ് കണക്കിന് പ്രിന്റുകളാണ് കമ്മിഷൻ നല്‍കിയത്. ബാലറ്റ് പേപ്പർ ഒഴിവാക്കി മെഷീൻ വോട്ടിംഗിനു വേണ്ടി വാദിക്കുന്ന കമ്മിഷനാണ് നിസാരമായി സോഫ്റ്റ് കോപ്പി നൽകുന്നതിനു പകരം ഈ പണി ചെയ്തത്!

മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമൊക്കെ വ്യാജവോട്ടർമാരെ അധികം ചേർത്താണ് വോട്ടർ പട്ടിക ഉണ്ടാക്കി ജനാധിപത്യം അട്ടിമറിച്ചതെങ്കിൽ,​ ബീഹാറിൽ വ്യത്യസ്തമായ തന്ത്രമാണ് ബി.ജെ.പിയും കമ്മിഷനും സ്വീകരിച്ചത്. അവിടെ 65 ലക്ഷം വോട്ടർമാരെ നിർദ്ദാക്ഷിണ്യം വെട്ടിമാറ്റാനായിരുന്നു തീരുമാനം. എതിർ പാർട്ടിക്കാരെയും ന്യൂനപക്ഷങ്ങളെയും വെട്ടിമാറ്റുന്നതിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം കണ്ടെത്താനുള്ള നീക്കം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിലൂടെ കോടതിയിലെത്തുകയും,​ കോടതി ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഈ കള്ളത്തരം കാട്ടുന്ന തിരഞ്ഞടുപ്പ് കമ്മിഷണർമാർക്ക് നിയമപരമായ പരിരക്ഷയും ബി.ജെ.പി ഒരുക്കിയിട്ടുണ്ട്. ഈ പദവി വഹിക്കുന്ന കാലയളവിൽ ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾക്കെതിരെ കോടതികൾക്കു പോലും പിന്നീട് നടപടിയെടുക്കാൻ കഴിയാത്ത തരത്തിലുള്ള നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി നിയമമാക്കി.

സ്വകാര്യതാ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് വോട്ടെടുപ്പിന്റെ എല്ലാ ഡിജിറ്റൽ തെളിവുകളും 45 ദിവസത്തിനകം നശിപ്പിച്ചുകളഞ്ഞ് തിരഞ്ഞടുപ്പ് കമ്മിഷൻ ഏതു ജനാധിപത്യത്തെയാണ് സഹായിക്കുന്നതെന്ന് മനസിലാകുന്നില്ല.

ബഹുമുഖ

അട്ടിമറി!

ബി.ജെ.പി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ജനാധിപത്യത്തിന്റെ അട്ടിമറി വോട്ടർ മാനിപ്പുലേഷനിൽ മാത്രം ഒതുങ്ങുന്നില്ല. രാഷ്ട്രീയ എതിരാളികളെ തകർക്കാനും സഖ്യകക്ഷികളെ ഭയപ്പെടുത്തി ഒതുക്കുന്നതിനുമാണ് ഭരണഘടനയുടെ 130-ാം ഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ തുടങ്ങി എല്ലാ ഏജൻസികളെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ വേണ്ടി ഉപയോഗിക്കുന്ന ഈ സർക്കാരിന് രാഷ്ട്രീയ എതിരാളികളെ നിഷ്പ്രയാസം 30 ദിവസം ജയിലിലടച്ച് അവരുടെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാൻ സാധിക്കും!

ഇന്ത്യ അപകടകരമായ ഒരു ദശാസന്ധിയിലാണ്. ജനാധിപത്യത്തെ ആസൂത്രിതമായി അട്ടിമറിച്ചും,​ രാഷ്ട്രീയ എതിരാളികളെ വേട്ടയാടിയും,​ അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിച്ചും ഏകാധിപത്യത്തിന്റെ വഴി നടത്തിക്കാനാണ് ശ്രമം. ഇത് ചെറുക്കാനും ജനാധിപത്യം തിരിച്ചുപിടിക്കാനും ഓരോ പൗരനും ഈ ധർമ്മയുദ്ധത്തിൽ പങ്കാളിയാകേണ്ടതുണ്ട്. രാഹുൽ ഗാന്ധി തുടങ്ങിവച്ച വിപ്ളവം ഒരു കാട്ടുതീയായി പടർന്നുപിടിക്കുകയാണ്. 'വോട്ട് ചോരി"ക്കെതിരെ തുറന്ന സമരമുഖം ഇന്ത്യയുടെ ആത്മാവിനെ ഉണർത്തുന്നുണ്ട്. നഷ്ടപ്പെട്ട മൂല്യങ്ങൾ തിരികെപ്പിടിക്കാമെന്ന പ്രതീക്ഷ അവസാനിക്കുന്നില്ല.

(കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ് ലേഖകൻ)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.