നിര്‍മ്മാണം സെപ്തംബറില്‍ ആരംഭിക്കും
തിരുവനന്തപുരം: വിമാനത്താവളത്തിലെ വികസന പദ്ധതികള്‍ക്ക് തുടക്കമാവുന്നു.1300കോടി ചെലവില്‍ അദാനി പ്രഖ്യാപിച്ച 'പ്രോജക്ട് അനന്ത'യിലെ 600കോടിയുടെ പദ്ധതികള്‍ക്ക് കരാറായി. അന്താരാഷ്ട്ര ടെര്‍മിനലിലെ ഏപ്രണ്‍ പുനഃനിര്‍മ്മാണം, ഡ്രെയിനേജുകളുടെ പുനഃനിര്‍മ്മാണം,ആഭ്യന്തര ടെര്‍മിനലില്‍ കൂടുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകളുടെ നിര്‍മ്മാണം,നോളഡ്ജ് സെന്റര്‍ നിര്‍മ്മാണം എന്നിവയ്ക്കാണ് കരാറായത്. ഇന്‍ഫ്രാസ്ട്രക്ചര്‍,സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഐ.ടി.ഡിക്കാണ് കരാര്‍ ലഭിച്ചത്. ഉപകരാര്‍ ലഭിച്ചത് ഊരാളുങ്കലിനും.
2070 വരെയുള്ള യാത്രാവശ്യങ്ങള്‍ കണക്കിലെടുത്താണ് ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.നിലവില്‍ അഞ്ച്‌ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ 18ലക്ഷം ചതുരശ്രയടിയാവും.രണ്ട് നിലകളിലായിരിക്കും പുതിയ ടെര്‍മിനല്‍. വരുന്നതും പോവുന്നതുമായ യാത്രക്കാര്‍ക്കായി ഓരോ നില സജ്ജമാക്കും. മള്‍ട്ടി - ലെവല്‍ - ഇന്റഗ്രേറ്റഡ് ടെര്‍മിനലില്‍ വിസ്തൃതമായ ചെക്ക് ഇന്‍ കൗണ്ടറുകള്‍,എമിഗ്രേഷന്‍ - കസ്റ്റംസ് - ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്,ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടല്‍,കൊമേഴ്‌സ്യല്‍ - അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്,ഫുഡ്‌കോര്‍ട്ട് എന്നിവയുമൊരുക്കും.
84.45കോടി
പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികള്‍ക്കുള്ള ചെലവ്
18300 - തൊഴിലവസരങ്ങള്‍ വിമാനത്താവള
പ്രവര്‍ത്തനത്തിലൂടെ സൃഷ്ടിക്കപ്പെടും
നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി തേടിയിരിക്കുകയാണ് അദാനി
പരിസ്ഥിതി അനുമതിയുടെ ഭാഗമായുള്ള പൊതുഹിയറിംഗ് ഇന്ന് 10.30ന് ഈഞ്ചയ്ക്കലിലെ എസ്.പി.എസ് കിംഗ്‌സ്വേ ഹോട്ടലില്‍ നടക്കും. പ്രദേശവാസികള്‍ക്ക് അവരുടെ അഭിപ്രായമറിയിക്കാം.
വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെര്‍മിനല്‍. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്വേ ഒഫ് ഗുഡ്‌നസ്) എന്ന രീതിയിലാണ് 'അനന്ത' ടെര്‍മിനല്‍ നിര്‍മ്മിക്കുക. 2.7കോടി യാത്രക്കാരെയും 0.42മെട്രിക് ടണ്‍ കാര്‍ഗോയും ഉള്‍ക്കൊള്ളാനാവുന്ന ടെര്‍മിനല്‍ പണിതീരാന്‍ 3വര്‍ഷമെടുക്കും.
ടെര്‍മിനല്‍ നിര്‍മ്മാണത്തിന് പുറമെ അനുബന്ധ കെട്ടിടങ്ങള്‍,കാര്‍ഗോ കോംപ്ലക്‌സ്,റണ്‍വേ,ഏപ്രണ്‍ ആന്‍ഡ് ടാക്‌സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍,റോഡ്,മറ്റു ഗതാഗത സൗകര്യങ്ങള്‍ എന്നിവയ്ക്കായി 8707കോടിയുടെ വികസന പദ്ധതികളാണ് അദാനി നടപ്പാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |