തിരുവനന്തപുരം : കെട്ടിട നികുതി അടയ്ക്കാതെ കണ്ണുവെട്ടിച്ചിരിക്കുന്നവരെ കണ്ടെത്താൻ പഞ്ചായത്തുകളിൽ വിവരശേഖരണം ഉടൻ ആരംഭിക്കും. കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെയാണിത്. ഇവരെ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തി നികുതി കുടിശികയടക്കം പിരിച്ചെടുക്കുകയാണ് ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കെ സ്മാർട്ടിൽ പ്രോപ്പർട്ടി ടാക്‌സ് മൊഡ്യൂളിൽ 'കറക്ഷൻ' എന്ന സംവിധാനം ഉൾപ്പെടുത്തിയാണ് കണക്കെടുപ്പ്. പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് കെട്ടിടം കണ്ടെത്തി ക്രമപ്പെടുത്താനുള്ള ചുമതല. മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും കെ സ്മാർട്ട് വഴി ഇത്തരം 1.43 ലക്ഷം കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിലൂടെ കെട്ടിട നികുതിയിനത്തിൽ അധികമായി 393.92 കോടി രൂപ തദ്ദേശസ്ഥാപനങ്ങളിലേക്ക് എത്തി. ഇതോടെയാണ് പഞ്ചായത്തുകളിലും കെട്ടിടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്.
പഞ്ചായത്തുകളിൽ അനധികൃത കെട്ടിടനിർമ്മാണങ്ങൾ കണ്ടെത്തിയാൽ ഇനി മൂന്നിരട്ടി നികുതി ചുമത്തും. നിലവിൽ നമ്പരുള്ള കെട്ടിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാത്ത കൂട്ടിച്ചേർക്കലുകൾ നടത്തിയവർ നിരവധിയുണ്ടെന്നാണ് പ്രാഥമിക വിവരം. അനുവാദമില്ലാത്ത നിർമാണം കണ്ടെത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അവയെ അനധികൃത കെട്ടിടങ്ങളിൽ ഉൾപ്പെടുത്താം. കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതുവരെ മൂന്നിരട്ടി നികുതി ഈടാക്കും. കെട്ടിടങ്ങളിൽ കൂടുതൽ കൂട്ടിച്ചേർക്കൽ നടത്തിയാൽ നികുതി പുനർനിർണയിക്കണം. ആറുമാസമായി കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കിൽ തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ നൽകി നികുതിയിളവ് നേടാം. ഉടമസ്ഥാവകാശം മാറ്റൽ, വിവരങ്ങളിൽ തിരുത്തലുകൾ തുടങ്ങിയവയും ഓൺലൈനായി നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |