ഭിന്നശേഷിക്കാർ നേടിയെടുത്ത ജീവിത വിജയത്തിന്റെ തിളക്കം നമ്മൾ കാണുന്നുണ്ടോ? ശാരീരിക പരിമിതികളെ മറികടന്ന് അവർ ജീവിക്കുന്നത് പരിമിതികളില്ലാത്തവർക്കും വലിയ മാതൃകകളാണ്. എല്ലാ സുഖസൗകര്യങ്ങളുമുള്ള ഇന്നത്തെ പുതുതലമുറയ്ക്ക് അത് പറഞ്ഞുകൊടുക്കേണ്ടതും കാണിച്ചുകൊടുക്കേണ്ടതുമായ ഉത്തരവാദിത്വവും നമുക്കുണ്ട്. പാേയ പതിറ്റാണ്ടുകളിൽ തൃശൂർ കേരളവർമ്മ ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവർ കഴിഞ്ഞദിവസം കലാലയത്തിന്റെ ഇടനാഴികളിൽ വീണ്ടും ഒത്തുകൂടി. അവരിൽ ഏറെയും കാഴ്ചപരിമിതിയുള്ളവരായിരുന്നു. അതെല്ലാം മറികടന്ന് അകക്കണ്ണിന്റെ വെളിച്ചത്തിലൂടെ ജീവിതവിജയം നേടിയവർ, ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ചവർ തുടങ്ങിയവർ വീണ്ടും പഴയ ക്യാമ്പസിനെ വീണ്ടും അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരിക്കൽ കൂടി കണ്ടു. ഒരു ക്ലാസ് റൂം നിറയെ പൂർവ വിദ്യാർത്ഥികളായിരുന്നു. അന്നത്തെ അവരുടെ ക്യാമ്പസ് കാലം ഓരോരുത്തരും ഓർത്തെടുത്തു. വീണ്ടും സൗഹൃദം പങ്കിട്ടു. ഓണസദ്യ, മധുരപലഹാരങ്ങൾ, വടംവലി, ഓണപ്പാട്ട്, ഊഞ്ഞാലാട്ടം തുടങ്ങി ഓർമ്മകളിലേക്ക് കൺതുറന്ന് അവർ ഓണം കൊണ്ടാടി. പ്രൊഫ. ടി.എ. ഉഷാകുമാരി, പ്രൊഫ. കെ. കൃഷ്ണകുമാരി, പ്രൊഫ. എൻ.ആർ. അനിൽകുമാർ തുടങ്ങിയ പൂർവ അദ്ധ്യാപകരുമെത്തിയിരുന്നു.
2013ൽ അദ്ധ്യാപകരുടെ സഹായത്തോടെ രൂപീകരിച്ച എസ്.കെ.വി.സി അലുമ്‌നി അസോസിയേഷൻ ഒഫ് ഡിഫറന്റ്‌ലി ഏബിൾഡ് ആണ് ഭിന്നശേഷിക്കാരായ എല്ലാവരെയും ഉൾപ്പെടുത്തി ഒത്തുകൂടിയത്. എല്ലാ വർഷവും വാർഷികാഘോഷവും ഒത്തുചേരലും നടത്താറുണ്ടെങ്കിലും ഓണത്തിന് ഒത്തുകൂടുന്നത് ആദ്യമായിരുന്നു. പോയകാലങ്ങളിൽ പഠിച്ചിറങ്ങിയ ഭിന്നശേഷി വിദ്യാർത്ഥികളിൽ, അഞ്ചിലേറെപ്പേർ കോളേജ് അദ്ധ്യാപകരായി. പത്തോളം പേർ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരുമായി. അമ്പതിലേറെപ്പേർ സ്കൂൾ അദ്ധ്യാപകരായി. മറ്റുചിലർ തൊഴിൽ ദാതാക്കളും സംരംഭകരുമായി. അവരിൽ പലരും തിരക്കുകൾ മാറ്റിവച്ച് സംഗമത്തിനെത്തി. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, സെക്രട്ടറി കെ.ജി. രവീന്ദ്രൻ എന്നിവരായിരുന്നു നേതൃത്വം നൽകിയത്. രാവിലെ ക്യാമ്പസിലെത്തിയവർ വൈകിട്ടാണ് മടങ്ങിയത്, ഒരു ക്യാമ്പസ് ദിനത്തിലെന്ന പോലെ.
ഭിന്നശേഷി സൗഹൃദ കലാലയം
1960കളിൽ പ്രവേശനം നേടിയ അന്ധവിദ്യാർത്ഥിയായിരുന്ന വാസുവിനുശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികൾ കേരളവർമ്മ ക്യാമ്പസിലൂടെ കടന്നുപോയി. ആറു പതിറ്റാണ്ടിനിടെ നൂറുകണക്കിന് വിദ്യാർത്ഥികൾ. അവരിൽ രാഷ്ട്രീയക്കാർ മുതൽ സംരംഭകർ വരെയുണ്ട്. അദ്ധ്യാപകനും കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്ന ആദ്യ അന്ധവിദ്യാർത്ഥി വാസു ഇന്നില്ല. ആദ്യമായി മലയാളം എം.എ പാസായത് ആര്യാദേവിയായിരുന്നു. യു.യു.സിമാരായി മത്സരിച്ച രാമകൃഷ്ണനും വിനോദുമെല്ലാം ഇടതുരാഷ്ട്രീയത്തിൽ സജീവമായിരുന്നു. രാമകൃഷ്ണനായിരുന്നു ആദ്യം എം.ഫിൽ നേടിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായി. പലരും ഭിന്നശേഷി തൊഴിൽകേന്ദ്രങ്ങൾ നടത്തി. ഇരുപതുവർഷം മുൻപ് പഠിച്ചിറങ്ങിയ ഗീത സലീഷ് മഞ്ഞൾ കൊണ്ടുള്ള അപൂർവ ഭക്ഷ്യ ഉത്പന്നങ്ങളുണ്ടാക്കി വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയച്ച് രാജ്യത്ത് തന്നെ മാതൃകയാകുന്ന സംരംഭകയായി. സർവകലാശാല കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഗായകൻ കെ.സി. വേലായുധനും ഗവ. ഹെെസ്കൂൾ അദ്ധ്യാപകനായി. 2023ൽ കേരളവർമ്മയിൽ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യ അന്ധവിദ്യാർത്ഥിയായി കെ.എസ്.യുവിലെ ശ്രീക്കുട്ടൻ ജയിച്ചതും റീകൗണ്ടിംഗിൽ തോറ്റതും രാഷ്ട്രീയ വിവാദവുമായി. രാഷ്ട്രീയത്തിലും കലയിലും വിദ്യാഭ്യാസത്തിലും സാംസ്‌കാരിക പ്രവർത്തനത്തിലുമെല്ലാം അന്ധവിദ്യാർത്ഥികൾ മറ്റ് കലാലയങ്ങളിലുള്ളവർക്ക് മാതൃകയായി.
സമൂഹത്തിൽ ഞങ്ങൾ ഇങ്ങനെയൊക്കെയായി മാറിയെന്ന് എല്ലാവരും അറിയേണ്ടതുണ്ടെന്നാണ് ഇവരുടെ ഓണക്കാല ആഘോഷം അടിവരയിടുന്നത്. ശാരീരിക പരിമിതികളുള്ളവർക്ക് അതൊരു പ്രചോദനമായാൽ അതാണ് ഞങ്ങളുടെ ജന്മസാഫല്യമെന്ന് സംരംഭകയായ ഗീത സലീഷ് കൂട്ടിച്ചേർക്കുന്നു.
കാടിന്റെ മക്കളേയും ചേർത്തു പിടിച്ച്
അട്ടപ്പാടിയിലെ മലഞ്ചെരിവിൽ കസ്തൂരി മഞ്ഞൾക്കൃഷി ചെയ്യുന്ന ആദിവാസി വനിതകളുടെ ജീവിതത്തിലെ ആശയും ആശ്വാസവുമാണ് ഗീത സലീഷിന്റെ ഇടപെടൽ. ഏലവും കാപ്പിയും ഇഞ്ചിയും മഞ്ഞളുമെല്ലാം കൃഷി ചെയ്തിരുന്ന അട്ടപ്പാടി ആദിവാസി ഉന്നതിയിലെ ഇരുളവിഭാഗക്കാരായ വനിതകൾക്കാണ് കസ്തൂരി മഞ്ഞൾക്കൃഷി ആശ്വാസമായത്. പതിമൂന്നാം വയസിൽ ജനിതക കാരണങ്ങളാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും മികച്ച സംരംഭകയായി വളർന്ന ഗീത സലീഷിന്റെ മഞ്ഞൾ ഉത്പന്ന നിർമ്മാണ യൂണിറ്റിലേക്കാണ് അട്ടപ്പാടിയിലെ മഞ്ഞൾ വാങ്ങുന്നത്. കോഴിക്കോടുളള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് സെന്ററിൽ ഉത്പാദിപ്പിക്കുന്ന, കുർക്ക്മിൻ സാന്നിദ്ധ്യം കൂടുതലുളള പ്രതിഭ എന്ന മഞ്ഞളാണ് ഗീത ആദ്യം മുതൽക്കേ കൃഷി ചെയ്തു തുടങ്ങിയത്. ഈ മഞ്ഞൾ കൊണ്ടുളള കുർക്ക്മീൽ ശ്രദ്ധേയമായിരുന്നു. ഏറെ ഫലസിദ്ധിയുളള സൗന്ദര്യവർദ്ധക വസ്തുവായതിനാൽ കസ്തൂരിമഞ്ഞൾ പൊടിയ്ക്ക് വിപണിയിൽ ഒരു കിലോഗ്രാമിന് വില 3000 രൂപ വരെ വിലയുണ്ട്. പറിച്ചെടുത്ത മഞ്ഞളിന് കിട്ടുന്നത് കിലോഗ്രാമിന് 140 രൂപയോളം. ഡ്രെെയറിൽ ഉണക്കി മഞ്ഞൾ പൊടിച്ചു കൊടുത്താൽ ഇവർക്ക് കിലോഗ്രാമിന് രണ്ടായിരം രൂപയോളം ലഭിക്കും. ഏലവും കാപ്പിയും ഇഞ്ചിയും കൃഷി ചെയ്യുന്നതിനേക്കാൾ ലാഭകരം. കാട്ടുപന്നിയും കാട്ടാനയും മയിലുമൊന്നും നശിപ്പിക്കുകയുമില്ല. പരിപാലനച്ചെലവും നന്നേ കുറവ്. കറികളിൽ ഉപയോഗിക്കുന്നതും വിലയേറിയതുമായ പ്രതിഭ ഇനത്തിലുളള സാധാരണ മഞ്ഞളിന്റെ പൊടിയ്ക്ക് പോലും ഒരു കി.ഗ്രാമിന് 700 രൂപയാണുളളത്. അതെ, ഭിന്നശേഷിക്കാർ സ്വയം തൊഴിൽ കണ്ടെത്തുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുവെന്നത് അഭിമാനാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |