SignIn
Kerala Kaumudi Online
Saturday, 30 August 2025 2.24 AM IST

ജി.എസ്.ടി നിരക്ക് കുറയ്ക്കൽ ട്രംപിനായി മോദിയുടെ വഴിയൊരുക്കൽ

Increase Font Size Decrease Font Size Print Page
modi

ജി.എസ്.ടി കൗൺസിലിന്റെ സെപ്തംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്‌കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്ക് സേവന നികുതി (ജി.എസ്.ടി)​ നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദ്ദേശമായിരിക്കും കൗൺസിൽ പരിഗണിക്കുക.അഞ്ച്,12,18, 28 എന്നിങ്ങനെ ജി.എസ്.ടിക്ക് നിലവിൽ നാല് നികുതി നിരക്കുകളുണ്ട്. ഇതു രണ്ടാക്കി കുറയ്ക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. അതായത് അഞ്ച്, 18 എന്നിങ്ങനെ. ഇതിന് ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരം തേടാനാണ് യോഗം.

ജി.എസ്.ടി നടപ്പാക്കുന്ന ഘട്ടത്തിൽ വരുമാന നഷ്ടമില്ലാത്ത നികുതി നിരക്ക് (റവന്യു നൂട്രൽ റേറ്റ്) 15.3 ശതമാനമായാണ് കണക്കാക്കിയിരുന്നത്. 2017–18 ൽ നികുതിഘടന പരിഷ്‌കരിച്ചപ്പോൾ റവന്യു ന്യൂട്രൽ റേറ്റ് 11.3 ശതമാനമായി താഴ്ന്നു. അതോടെ സംസ്ഥാന വരുമാനത്തെ വലിയ തോതിൽ ബാധിക്കുന്നതായി പരിഷ്‌കരണം മാറി. 14 ശതമാനം വാർഷിക നികുതി വരുമാന വളർച്ച ഉറപ്പാക്കുമെന്നാണ് തുടക്കത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞത്. ഈ ലക്ഷ്യം എത്താത്ത സ്ഥിതിയിൽ,​ കുറവു വരുന്ന വരുമാനത്തിന് ആനുപാതികമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പദ്ധതി അഞ്ചാംവർഷം അവസാനിപ്പിച്ചു. വാഗ്ദാനംചെയ്ത വരുമാന വളർച്ച സാദ്ധ്യമായതുമില്ല.

ജി.എസ്.ടി നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ട മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. വില കുറയ്ക്കുന്നതിനായി 2017–18 ൽ 28 ശതമാനം നികുതി നിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തി. എന്നാൽ വിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്ന് കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണ് നേട്ടമുണ്ടായത്.

ഇളവുകൊണ്ട് വില കുറയില്ല

2018–19 ൽ കേരളത്തിനു ലഭിച്ച ജി.എസ്.ടി നഷ്ടപരിഹാരം 3532 കോടി രൂപയായിരുന്നു. അടുത്ത വർഷം നഷ്ടപരിഹാരം 8111കോടി രൂപയായി ഉയർന്നു. നിരക്ക് കുറയ്ക്കുന്നതു മൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജി.എസ്.ടി കൗൺസിലിനെയും മന്ത്രിതല സമിതിയെയും ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും, ജി.എസ്.ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വതന്ത്ര്യദിനത്തിൽ ജി.എസ്.ടി പരിഷ്‌കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.


ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്‌കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8000 മുതൽ 9000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാന നഷ്ടമുണ്ടാകും. കേരളത്തിലെ വിൽക്കുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18- 28 നികുതി നിരക്കിൽ ഉൾപ്പെടുന്നതാണ്. ഇവയുടെ ജി.എസ്.ടി വലിയ തോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാനനഷ്ടം വരുത്തും.

ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി ഒഴിവാക്കുമ്പോൾ കേരളത്തിനു മാത്രം 500 കോടി രൂപയ്ക്കടുത്ത് വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്ര വിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത് പ്രയാസമാകും.

സംസ്ഥാന ലോട്ടറിയെയും പുതിയ നികുതിനിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണ് നീക്കം.

സംസ്ഥാനങ്ങൾക്ക്

നഷ്ടം 4 ലക്ഷം കോടി

ജി.എസ്.ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ,​ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾ പോലും അനുകൂലിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പുതിയ പരിഷ്‌കാരം കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലുലക്ഷം കോടിയിൽപ്പരം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ യാഥാർത്ഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്.

കേന്ദ്ര സർക്കാരിന് മറ്റ് വരുമാന മാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷംകോടി രൂപയാണ് കേന്ദ്ര സർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷംകോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽ നിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻതുക പിരിക്കുന്നത്. ഈ വലിയ തുകകളിൽ ഒരു രൂപ പോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല.

ജി.എസ്.ടി പരിഷ്‌കരണം പാവപ്പെട്ടവർക്കും മദ്ധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. 'മരിച്ച സമ്പദ്ഘടന" എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതി നിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും, അത് കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേല്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിൽ യഥേഷ്ടം അവസരമൊരുക്കുക എന്നതാണ്. ഇത് ട്രംപിനു വേണ്ടിയുള്ള മോദിയുടെ പാത തെളിക്കലാണ്.

2023- 24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6410 കോടി രൂപയുടേതാണ്. ചൈന കഴിഞ്ഞാൽ കേരളത്തിൽ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നത്. അമേരിക്കൻ അധികച്ചുങ്കം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റുകൾ, ബ്രഷ്, കൊക്കോപിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് യു,​എസിലേക്ക് അയയ്ക്കുന്നത്. അത് നിലയ്ക്കും.

നമ്മുടെ നികുതി വരുമാനനഷ്ടം ചെലവുകൾ ചുരുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും ഇത് സാരമായി ബാധിക്കാനും സാദ്ധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് ബാദ്ധ്യതയുണ്ട്. ഒപ്പം ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടുവിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കേണ്ടതുണ്ട്.

TAGS: TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.